ഒരു മുരളീധരന്‍ പോയാല്‍ ആയിരം മുരളീധരന്മാര്‍ വരും; കാര്യമായ കൂടിയാലോചനകള്‍ പാര്‍ട്ടിയില്‍ നടക്കുന്നില്ലെന്ന് കെ മുരളീധരന്‍

കോഴിക്കോട്: പ്രചാരണ സമിതി അദ്ധ്യക്ഷ സ്ഥാനം ആലങ്കാരികമായി കൊണ്ടുനടക്കാന്‍ ആഗ്രഹമില്ലാത്തത് കൊണ്ടാണ് ഒഴിഞ്ഞതെന്ന് വ്യക്തമാക്കി കെ.മുരളീധരന്‍. കൊടിക്കുന്നിലും കെ.സുധാകരനും വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്ത് തുടരണോ ഒഴിയണമോ എന്നുളളത് അവര്‍ സ്വയം തീരുമാനിക്കണം. തന്റെ മാതൃക എന്താണെന്ന് താന്‍ കാണിച്ചു. തന്റെ രാജികൊണ്ട് പാര്‍ട്ടിയില്‍ പ്രതിസന്ധിയുണ്ടാകില്ല. തങ്ങളില്ലെങ്കിലും കോണ്‍ഗ്രസില്‍ ഒരുപാട് പേരുണ്ട്. യു.ഡി.എഫ് തിരഞ്ഞെടുപ്പുകളില്‍ ജയിക്കുമെന്നുളള കാര്യം ഉറപ്പാണ്. പാര്‍ലമെന്റിലെ കാര്യം നോക്കാനുളള ദൗത്യമാണ് തങ്ങളെ ഏല്‍പ്പിച്ചിരിക്കുന്നത്. അത് ഭംഗിയായി നോക്കുന്നുണ്ടെന്നും മുരളീധരന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.

പാര്‍ട്ടിയിലോ മുന്നണിയിലോ അങ്കലാപ്പിന്റെ പ്രശ്നമില്ല. നേതാക്കള്‍ക്ക് ക്ഷാമമില്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. താന്‍ ഒരു മുരളീധരന്‍ പോയാല്‍ ആയിരം മുരളീധരന്മാര്‍ വേറെ വരും. പാര്‍ട്ടിയുടെ കെട്ടുറപ്പിനെ സംബന്ധിച്ച്‌ ചില അഭിപ്രായ വ്യത്യാസങ്ങളുണ്ട്. പക്ഷേ താന്‍ വിഴുപ്പലക്കിലേക്കില്ല. വിഴുപ്പലക്കലിന്റെ കാലം അവസാനിച്ചു. പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്ന ഒരു കാര്യങ്ങളും താന്‍ പറയില്ല. പുന:സംഘടന ഉള്‍പ്പടെ പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസമുണ്ട്. എന്നാല്‍ പരസ്യ പ്രസ്താവന നടത്തി പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കാന്‍ താനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രചാരണ സമിതി അദ്ധ്യക്ഷ സ്ഥാനത്തെക്കാളും വലിയ പദവികള്‍ താന്‍ പാര്‍ട്ടിയില്‍ വഹിച്ചിട്ടുണ്ട്. കെ.പി.സി.സി അദ്ധ്യക്ഷനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ആ പദവിയുടെ പരിസരത്തൊന്നും എത്തുന്ന പോസ്റ്റല്ല പ്രചാരണസമിതി അദ്ധ്യക്ഷ സ്ഥാനം. ആ പദവിയില്‍ ഭംഗിയായാണ് പ്രവര്‍ത്തിച്ചത്. ഒഴിയാനുളള താത്പര്യം നേരത്തെ തന്നെ കോണ്‍ഗ്രസ് അദ്ധ്യക്ഷയെ അറിയിച്ചിരുന്നു. ഇന്നലെ ബെന്നി ബെഹനാന്‍ കൂടി ഒഴിഞ്ഞപ്പോള്‍ പിടിച്ചുനില്‍ക്കേണ്ട ആവശ്യമില്ലെന്ന് തനിക്ക് തോന്നിയെന്നും മുരളീധരന്‍ പറഞ്ഞു.

കാര്യമായ കൂടിയാലോചനകള്‍ പാര്‍ട്ടിയില്‍ നടക്കുന്നില്ല. പത്ര വാര്‍ത്തകള്‍ ഉളളതുകൊണ്ടാണ് കാര്യങ്ങള്‍ താന്‍ അറിയുന്നത്. തന്നെ പാര്‍ട്ടി ഉള്‍ക്കൊളളുന്നുണ്ടോ ഇല്ലായോ എന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാം. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് പരസ്യ പ്രസ്താവനകള്‍ ഉണ്ടാകാന്‍ പാടില്ല. പാര്‍ട്ടിക്ക് വേണ്ടി താഴേത്തട്ടില്‍ പ്രവര്‍ത്തിക്കുന്നവര്‍ മത്സരിക്കുന്ന സമയമാണിത്. തങ്ങളെയൊക്കെ നേതാക്കളാക്കാന്‍ അഹോരാത്രം പണിയെടുത്തവര്‍ക്ക് ക്ഷീണമുണ്ടാകാന്‍ പാടില്ല. അവര്‍ക്ക് പ്രയാസങ്ങള്‍ ഉണ്ടാകുന്ന ഒരു കാര്യത്തിനും താനില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

prp

Leave a Reply

*