ഡ്രൈവിങ് ടെസ്റ്റില്‍ തോറ്റതിന് വെഹിക്കിള്‍ ഇന്‍സ്പെക്ടറെ ആക്രമിക്കാന്‍ ക്വട്ടേഷന്‍; പതിനെട്ടുകാരനെതിരെ പരാതി

കൊച്ചി: ഡ്രൈവിങ് ടെസ്റ്റില്‍ പരാജയപ്പെട്ടതിന്റെ വൈരാഗ്യത്തില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയതായി പരാതി. 18 കാരനാണ് ടെസ്റ്റില്‍ പരാജയപ്പെട്ടതിന് പിന്നാലെ ക്വട്ടേഷന്‍ കൊടുത്തത്. എറണാകുളം ആര്‍ടി ഓഫിസിലെ മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എന്‍ ടി കിഷോര്‍കുമാറാണ് ഇതുസംബന്ധിച്ച്‌ പൊലീസിനു പരാതി നല്‍കിയത്.

ഡ്യൂട്ടിയ്ക്കിടെ സിവില്‍ സ്റ്റേഷനിലെ ലിഫ്റ്റിലേക്ക് കയറാന്‍ ശ്രമിക്കവെയാണ് ആക്രമിക്കാന്‍ ശ്രമിച്ചതെന്ന് പരാതിയില്‍ പറയുന്നു. തടഞ്ഞുനിര്‍ത്തി അസഭ്യം പറയുകയും മര്‍ദ്ദിക്കാന്‍ ശ്രമിച്ചതായും കിഷോര്‍ കുമാര്‍ നല്‍കിയ പരാതിയിലുണ്ട്. മനപൂര്‍വ്വം തോല്‍പ്പിച്ചുവെന്ന് പറഞ്ഞായിരുന്നു ആക്രമണശ്രമമെന്നും കിഷോര്‍ കുമാര്‍ പറയുന്നു. ടെസ്റ്റിന് എത്തിയതായിരുന്നു യുവാവ്. ഗ്രൗണ്ട് ടെസ്റ്റില്‍ വിജയിച്ചെങ്കിലും റോഡ് ടെസ്റ്റില്‍ യുവാവ് പരാജയപ്പെടുകയായിരുന്നു. താന്‍ പറഞ്ഞതുപോലെ വാഹനമോടിക്കാന്‍ യുവാവിന് സാധിച്ചില്ലെന്നും കിഷോര്‍ കുമാര്‍ പറയുന്നു. ഇതേത്തുടര്‍ന്നാണ് ടെസ്റ്റ് വീണ്ടും ചെയ്യണമെന്ന് നിര്‍ദേശിച്ചത്. എന്നാല്‍ തന്നെ കാണിച്ചുതരാമെന്ന് പറഞ്ഞു വെല്ലുവിളിച്ചുകൊണ്ടാണ് യുവാവ് പോയതെന്നും കിഷോര്‍ കുമാര്‍ പറയുന്നു.

തുടര്‍ന്ന് പിറ്റേദിവസമാണ് ക്വട്ടേഷന്‍ ലഭിച്ചയാള്‍ ഭീഷണിയുമായി രം​ഗത്തെത്തിയതെന്ന് ഇന്‍സ്പെക്ടര്‍ പരാതിയില്‍ പറയുന്നു. സിവില്‍ സ്റ്റേഷന്‍ ലിഫ്റ്റിനു സമീപം വച്ച്‌ അസഭ്യം പറയുകയും പുറത്തേക്കിറങ്ങിയ തന്നെ തടഞ്ഞുനിര്‍ത്തി ആക്രമിക്കാന്‍ ശ്രമിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. യുവാവിനെതിരെ കാക്കനാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്

prp

Leave a Reply

*