ബാങ്ക് അക്കൗണ്ടില്‍ 176 രൂപമാത്രം, ജീവനക്കാര്‍ക്ക് ശമ്ബളവും താമസിച്ചിരുന്ന വീടിന് വാടകയും നല്‍കിയിട്ടില്ല; പണം ധൂര്‍ത്തടിച്ച്‌ തീര്‍ത്തെന്ന് മോന്‍സന്‍

കൊച്ചി : തന്റെ കയ്യില്‍ നയാപൈസയില്ല. ബാങ്ക് അക്കൗണ്ടില്‍ 176 രൂപമാത്രമാണുള്ളതെന്ന് സാമ്ബത്തിക തട്ടിപ്പ് കേസിലെ പ്രതി മോന്‍സന്‍ മാവുങ്കല്‍. ആളുകളെ തട്ടിച്ചുണ്ടാക്കിയ പണമെല്ലാം ആര്‍ഭാട ജീവിതത്തിനായി ധൂര്‍ത്തടിച്ചു തീര്‍ത്തു. മകളുടെ വിവാഹത്തിനായുള്ള പണം സുഹൃത്തായ ജോര്‍ജില്‍ നിന്നും കടം വാങ്ങിയതാണെന്നും മോന്‍സന്‍ അറിയിച്ചു. ക്രൈംബ്രാഞ്ച് മുമ്ബാകെ നല്‍കിയ മൊഴിയിലാണ് ഇക്കാര്യം അറിയിച്ചത്.

പരാതിക്കാരില്‍ നിന്ന് പത്ത് കോടി വാങ്ങിയിട്ടില്ല. എന്നാല്‍ ബാങ്ക് വഴി തുക കൈപ്പറ്റിയെന്ന് പ്രതി സമ്മതിച്ചു. തട്ടിപ്പ് പണമുപയോഗിച്ച്‌ പലയിടത്തുനിന്ന് പുരാവസ്തുക്കളും കാറുകളും വാങ്ങി കൂട്ടിയെന്നാണ് മോന്‍സന്‍ പറയുന്നത്. അറസ്റ്റ് ചെയ്യപ്പെടുന്നതിന് മുന്‍പുള്ള സമയത്ത് കാര്യമായ ഇടപാടുകള്‍ ഒന്നും നടക്കാത്തതിനാല്‍ ഇയാള്‍ സാമ്ബത്തിക പ്രതിസന്ധിയിലായി എന്നാണ് വിവരം.

ഇപ്പോഴത്തെ പരാതിക്കാര്‍ ആറ് മാസത്തോളമായി മോന്‍സണെ പിന്തുടര്‍ന്നും കൂടുതല്‍ തട്ടിപ്പുകള്‍ ഇയാള്‍ നടത്താതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതുമാണ് ഇതിന് കാരണം. ഇതോടെയാണ് മകളുടെ കല്യാണം പോലും നടത്താന്‍ കടം വാങ്ങേണ്ട അവസ്ഥയിലേക്ക് മോന്‍സണ്‍ എത്തിയത്. ആറ് മാസത്തോളമായി ബൗണ്‍സേഴ്‌സ് ഉള്‍പ്പടെയുള്ള ജീവനക്കാര്‍ക്ക് ആര്‍ക്കും ശമ്ബളം നല്‍കിയിട്ടില്ല. 50000 രൂപ വാടകയുള്ള വീട്ടിലാണ് ഇയാള്‍ താമസിച്ചിരുന്നത്. എട്ട് മാസമായി ഇതിന്റെ വാടകയും നല്‍കിയിട്ടില്ല. 30000 രൂപയാണ് വൈദ്യുതി ബില്ല് ഉണ്ടാിരുന്നത്.

സാമ്ബത്തികമായി തകര്‍ന്നടിഞ്ഞതോടെ പണം നല്‍കിയവര്‍ക്ക് അതിന് പകരമായി കാറുകള്‍ നല്‍കി. പരാതിക്കാരായ യാക്കൂബിനും അനൂപിനും പോര്‍ഷെ, ബിഎംഡബ്യൂ കാറുകള്‍ നല്‍കിയെന്നാണ് മൊഴി. ഇത് കൂടാതെ തനിക്ക് പാസ്‌പോര്‍ട്ടില്ലെന്നും മോന്‍സന്‍ അറിയിച്ചിട്ടുണ്ട്. 100 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു എന്നത് വെറുതെ പറഞ്ഞതാണെന്നും ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. എന്നാല്‍ പാസ്‌പോര്‍ട്ടില്ലാതെ എങ്ങനെയാണ് മോന്‍സന്‍ പ്രവാസി സംഘടനാ രക്ഷാധികാരിയായതെന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. മറ്റ് ഏതെങ്കിലും തരത്തിലുള്ള നിക്ഷേപങ്ങള്‍ ഇയാള്‍ നടത്തിയിട്ടുണ്ടോ എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ക്രൈംബ്രാഞ്ച്.

ചേര്‍ത്തലയിലെ മോന്‍സന്റെ വീട്ടില്‍ നടത്തിയ തെരച്ചിലില്‍ കുടുംബാംഗങ്ങളുടെ ബാങ്ക് രേഖകള്‍ പിടിച്ചെടുത്തു. ഭാര്യ, രണ്ട് മക്കള്‍ എന്നിവരുടെ അക്കൗണ്ട് രേഖകളാണ് പിടിച്ചെടുത്തത്. അന്വേഷണവുമായി ഇവര്‍ സഹകരിക്കുന്നില്ലെന്നും ആരോപണമുണ്ട്. അതേസമയം മോന്‍സനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാനുള്ള ഒരുക്കത്തിലാണ് ക്രൈംബ്രാഞ്ച്. കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ഇത് നീട്ടാന് ആവശ്യപ്പെടുന്നത്. വൈകിട്ട് നാലരക്ക് മുമ്ബ് കോടതിയില്‍ ഹാജരാക്കുമ്ബോള്‍ വീണ്ടും കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെടുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. തെളിവെടുപ്പിന് വിവിധ സ്ഥലങ്ങളില്‍ പോകേണ്ടതുണ്ട്. അതിനാലാണ് വീണ്ടും ഇത് നീട്ടി നല്‍കാന്‍ ആവശ്യപ്പെടുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി ക്രൈംബ്രാഞ്ച് ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.

അതേസമയം മോന്‍സന്റെ ശബ്ദ സാമ്ബിള്‍ ഇന്ന് ശേഖരിക്കും. പരാതിക്കാരുമായുള്ള സംഭാഷണത്തിലെ ശബ്ദം ഉറപ്പുവരുത്താനാണിത്. അതിനിടെ തട്ടിപ്പിനിരയായവരെ കേസില്‍ നിന്ന് പിന്‍വലിപ്പിക്കാന്‍ മോന്‍സന്‍ മാവുങ്കല്‍ ശ്രമിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. കെ സുധാകരന്‍ എംപിയടക്കമുളള ഉന്നത രാഷ്ടീയ നേതാക്കളുമായി തനിക്കുള്ള അടുപ്പത്തെക്കുറിച്ചാണ് ഇവരോട് വിശദീകരിക്കുന്നത്.

റിസര്‍വ് ബാങ്ക് തടഞ്ഞുവെച്ചിരിക്കുന്ന ശതകോടികള്‍ കിട്ടിയാല്‍ ഏഷ്യയിലെ ഏറ്റവും വലിയ ബിസിനസുകാരന്‍ താനാണെന്നും കേസ് കൊടുക്കും മുമ്ബ് അക്കാര്യം ഓര്‍ക്കണമെന്നുമാണ് മോന്‍സന്‍ ഇവരോട് പറയുന്നത്. ഇത് കൂടാതെ കേന്ദ്രസര്‍ക്കാരിലും തനിക്ക് സ്വാധീനമുണ്ട്. കേരളത്തില്‍ മുഖ്യമന്ത്രിക്ക് പോലുമില്ലാത്തെ നയതന്ത്ര സൗകര്യങ്ങളുണ്ടെന്നും ഇയാള്‍ പരാതിക്കാരെ ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്.

prp

Leave a Reply

*