ഇടുക്കി: ഇടുക്കി ഡാമില്‍ ഇപ്പോള്‍ ട്രയല്‍ റണ്ണിന്‍റെ ആവശ്യമില്ലെന്ന് മന്ത്രി മാത്യു ടി തോമസ്. അവലോകന യോഗത്തിനു ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. മണിക്കൂറില്‍ 0.02 അടി വെള്ളം മാത്രമാണ് ഉയരുന്നത്. അതിനാല്‍ നിലവില്‍ ട്രയല്‍ റണ്ണിന്‍റെ ആവശ്യമില്ലെന്നും ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. ഏത് സാഹചര്യവും നേരിടാന്‍ സജ്ജമാണെന്നും മന്ത്രി പറഞ്ഞു.
ഡാം തുറക്കേണ്ട സാഹചര്യം ഇപ്പോള്‍ ഇല്ല. ശക്തമായ നീരൊഴുക്കുണ്ടായാല്‍ മാത്രമേ ഡാം തുറക്കേണ്ട ആവശ്യം ഉള്ളു എന്നും മന്ത്രി അറിയിച്ചു. അതേസമയം ഡാമിലെ ജലനിരപ്പ് 2395.50 അടിയായി ഉയര്‍ന്നിട്ടുണ്ട്. ഡാമിന് താഴെയും നദീതീരത്ത് ഉള്ളവര്‍ക്കും ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ചെറുതോണിയില്‍ രാവിലെ തന്നെ കണ്‍ട്രോള്‍ റൂം തുറന്നിരുന്നു. ജലനിരപ്പ് 2399 അടി ആകുമ്ബോഴാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുന്നത്.
ജലനിരപ്പ് 2,395 അടിയായതോടെ ഇന്നലെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ജലനിരപ്പ് 2,397-98 അടിയാകുമ്പോള്‍ ചെറുതോണി ഡാമിന്‍റെ ഷട്ടറുകള്‍ തുറക്കാനാണ് തീരുമാനം. ചെറുതോണി ഡാമിന് അഞ്ച് ഷട്ടറുകളാണ് ഉള്ളത്. ഇതില്‍ രണ്ടെണ്ണം തുറക്കാനുള്ള പദ്ധതികളാണ് തയ്യാറാക്കിയിരിക്കുന്നത്. ഷട്ടറുകള്‍ തുറക്കുന്നതിനുള്ള മുന്‍കരുതലുകള്‍ അധികൃതര്‍ സ്വീകരിച്ച് വരികയാണ്.

