ഗുരുതരമായ കരൾ രോഗത്തിന് പിന്നില്‍..?

മനുഷ്യ ശരീരത്തിലെ ഏറ്റവും വലിപ്പം കൂടിയ രണ്ടാമത്തെ അവയവമാണ് കരൾ, ഏറ്റവും വലിയ ഗ്രന്ഥിയും. ആരോഗ്യമുളള ഒരാളിന്‍റെ കരളിന് ഏകദേശം 1.8 കിലോഗ്രാം വരെ ഭാരം ഉണ്ടാകും. 80 ശതമാനം പ്രവർത്തന ശേഷി നഷ്ടപ്പെട്ടാലും, കരള്‍ തീവ്രമായ രോഗലക്ഷണമൊന്നും പുറത്ത് കാണിക്കില്ല. മദ്യപാനം മാത്രമാണ് കരള്‍ രോഗത്തിന് കാരണം എന്നാണ് പലരുടേയും ധാരണ. എങ്കില്‍ മദ്യപിക്കാത്തവരും സ്ത്രീകളും ഉൾപ്പെടുന്ന കരൾ രോഗബാധിതരുടെ എണ്ണം ഇന്ന് വളരെയധികം കൂടുതലാണ്. കാരണം വിശദമായി പരിശോധിച്ചപ്പോള്‍ മെറ്റബോളിക് പ്രശ്നങ്ങളാണ് സിറോസിസില്‍ എത്തിക്കുന്നതെന്ന്‍ ശാസ്ത്ര പഠനങ്ങള്‍ക്ക് മനസ്സിലായി.  മദ്യം മാത്രമല്ല,  പ്രമേഹം, രക്തസമ്മർദം എന്നിവ പോലുളള ജീവിതശൈലി രോഗങ്ങളും, അനാരോഗ്യകരമായ ഭക്ഷണ രീതികളുമാണ് കരൾ രോഗത്തിന് വഴിയൊരുക്കുന്നത്. രോഗലക്ഷണങ്ങൾ പുറമേ പ്രകടമാകില്ല എന്നതാണ് മിക്കപ്പോഴും ഈ രോഗത്തിന് ചികിത്സ വൈകാൻ കാരണമാകുന്നത്. ഇന്ന്‍ കരൾ മാറ്റിവയ്ക്കേണ്ടി വരുന്ന ആളുകളുടെ എണ്ണവും കൂടിയിട്ടുണ്ട്.

കരളിനുണ്ടാകുന്ന നീർവീഴ്ചയാണ് കരൾ വീക്കം അഥവാ ഹെപ്പറ്റൈറ്റിസ്. കരൾ ചുരുങ്ങി കോശങ്ങള്‍ നശിച്ച അവസ്ഥയാണ് സിറോസിസ്. കരളിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നതാണ് ഫാറ്റി ലിവർ. മദ്യം, ചില മരുന്നുകൾ, വൈറസ് രോഗബാധ, അമിതമായി കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ ഇവയൊക്കെ കരളിനെ ബാധിക്കാന്‍ ഇടയുണ്ട്. കരൾ രോഗങ്ങളിൽ ഏറ്റവും അപകടകാരി സിറോസിസാണ്. കേരളത്തില്‍ കൂടുതലായും കാണപ്പെടുന്നത് ഫാറ്റി ലിവറാണ്.

പതുങ്ങിയിരിക്കുന്ന ഒരു രോഗാവസ്ഥയാണ് കരള്‍ രോഗം, രോഗലക്ഷണമൊന്നും തന്നെ പെട്ടന്ന് പുറത്ത് പ്രകടമാകില്ല. കരളിനുണ്ടാകുന്ന എന്ത് പ്രശ്നവും പുറത്ത് ആദ്യം പ്രകടമാക്കുന്നത് മഞ്ഞപ്പിത്തമായാകും. കവിളിന്‍റെ വശത്തുളള ഗ്രന്ഥി വീർക്കുക, വയർ വീർത്തിരിക്കുക, ശരീരത്തിനും കണ്ണിനും മൂത്രത്തിനും മഞ്ഞനിറമുണ്ടാകുക, പനി, വിശപ്പില്ലായ്മ. ഓക്കാനം എന്നിവയെല്ലാം രോഗ ലക്ഷണങ്ങളാണ്. വയറിന്‍റെ വലതുവശത്ത് വേദന, ഛർദി ഇവ ഫാറ്റിലിവറിന്‍റെ പ്രധാന ലക്ഷണങ്ങളാണ്. ഇവരില്‍ ബ്ലീഡിങ് സാധ്യതയും കൂടും.

കരൾ രോഗം സ്ഥിരീകരിക്കാനുളള ഒരു മാർഗം ലിവർ ഫങ്ഷൻ ടെസ്റ്റാണ് (എൽ.എഫ്.ടി). ആഹാരനിയന്ത്രണം, വ്യായാമം എന്നിവ ശ്രദ്ധിച്ചാല്‍ ഒരു പരിതി വരെ ഈ രോഗത്തില്‍ നിന്ന് മുക്തി നേടാം. ഫാറ്റിലിവർ ചികിത്സയ്ക്ക് മരുന്നുകളേക്കാൾ പ്രധാനം ശരീരഭാരം കുറയ്ക്കുക എന്നത് തന്നെയാണ്. വ്യായാമം ചെയ്യുന്നത് കരളിന്‍റെ ആരോഗ്യം വീണ്ടെടുക്കാൻ വളരെയധികം സഹായിക്കും.

prp

Leave a Reply

*