സാഹസികപ്രകടനം യുവാവിന്‍റെ ജീവനെടുത്തു; കാമുകിക്ക് തടവ്ശിക്ഷ

ചിക്കാഗോ: ചീറിപ്പായുന്ന വെടിയുണ്ട എന്‍സൈക്ലോപീഡിയ ബുക്ക് കൊണ്ട് തടയുന്ന സാഹസിക പ്രകടനം ഷൂട്ട് ചെയ്യുന്നതിനിടെ യുവാവ് വെടിയേറ്റ് മരിച്ച കേസില്‍ കാമുകിക്ക് തടവ് ശിക്ഷ. അമേരിക്കയിലെ മിനിസോട്ടയിലെ കോടതി, യുവാവിന് നേര്‍ക്ക് വെടിയുതിര്‍ത്ത കാമുകി മൊണാലിസ പെരെസിന് ആറു മാസത്തെ തടവാണ് വിധിച്ചത്.

ഈ വര്‍ഷം ജൂണിലായിരുന്നു സംഭവം. തടിയന്‍ എന്‍സൈക്ലോപീഡിയയുടെ കരുത്തില്‍ വിശ്വസിച്ചാണ് പാഞ്ഞുവരുന്ന വെടിയുണ്ട ബുക്ക് കൊണ്ട് തടയുന്നത് ഷൂട്ട് ചെയ്ത് യൂ ട്യൂബില്‍ പോസ്റ്റ് ചെയ്യാന്‍ പെട്രോ റൂയിസിന്‍റെയും കാമുകി മൊണാലിസയുടെയും ശ്രമം. പിസ്റ്റളില്‍ നിന്ന് റൂയിസിന്‍റെ നെഞ്ചിന് നേര്‍ക്ക് മൊണാലിസ വെടിയുതിര്‍ക്കുകയും അത് റൂയിസ് ബുക്ക് ഉപയോഗിച്ച്‌ തടയുകയുമായിരുന്നു ഇരുവരും പ്ലാന്‍ ചെയ്ത ദൃശ്യം. എന്നാല്‍ ബുക്കുകള്‍ക്ക് തടയാനാകാത്ത വെടിയുണ്ട കൃത്യം റൂയിസിന്‍റെ നെഞ്ചിലാണ് തറച്ചത്. 22 വയസുകാരനായ റൂയിസ് സംഭവസ്ഥലത്ത് തന്നെ മരിച്ചുവീണു.

വിവരമറിഞ്ഞെത്തിയ പൊലീസ് സമീപത്ത് നിന്ന് സംഭവങ്ങള്‍ റെക്കോര്‍ഡ് ചെയ്ത മൊബൈല്‍ ക്യാമറ കണ്ടെത്തിയിരുന്നു. ഫോണില്‍ ഉണ്ടായിരുന്ന സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ ഏറെ വൈറലായി സോഷ്യല്‍ മീഡിയയില്‍ പിന്നീട് പ്രചരിച്ചിരുന്നു.

കേസ് പരിഗണിച്ച കോടതിയില്‍ തെറ്റ് സമ്മതിച്ച മൊണാലിസ ‘വിഡ്ഢിത്തരം’ കാട്ടാനുള്ള ആശയം കാമുകന്‍റെതാണെന്നും വ്യക്തമാക്കി. പ്രോസിക്യൂഷന്‍ പരമാവധി ശിക്ഷ നല്‍കണമെന്ന് വാദിച്ചെങ്കിലും മനപ്പൂര്‍വമല്ലാത്തെ രണ്ടാം ഗ്രേഡ് കൊലപാതകകേസ് ചുമത്തി ആറുമാസത്തെ തടവ് ശിക്ഷമാത്രമാണ് കോടതി വിധിച്ചത്. ഇതില്‍ ആദ്യത്തെ മൂന്നുമാസം മാത്രം ജയിലില്‍ കിടന്നാല്‍ മതിയാകും. ബാക്കി മൂന്ന് മാസം വീട്ടുതടങ്കലിലായിരിക്കും. രണ്ട് കുട്ടികളുടെ മാതാവ് കൂടിയായ മൊണാലിസ, സംഭവം നടക്കുമ്പോള്‍ ഒരു കുട്ടിയെ ഗര്‍ഭം ധരിച്ചിരിക്കുകയായിരുന്നു. മൊണാലിസയുടെ തടവ് ശിക്ഷ അടുത്ത വര്‍ഷം ഫെബ്രുവരിയിലാണ് ആരംഭിക്കുക.

Related posts

Leave a Reply

*