തിരുവനന്തപുരം: പ്രതിദിന വരുമാനത്തില്‍ റെക്കോര്‍ഡ് നേട്ടം കൈവരിച്ച് കെഎസ്‌ആര്‍ടിസി. ഇന്നലെ ഒരു ദിവസത്തെ മാത്രം കണക്കു നോക്കിയാല്‍ 7.44 കോടിരൂപയാണ് വരുമാനം ലഭിച്ചിരിക്കുന്നത്. പെന്‍ഷന്‍ പ്രതിസന്ധിയും ഡീസല്‍ ക്ഷാമവും കെഎസ്‌ആര്‍ടിസിയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കുമ്പോള്‍ നേരിയ ആശ്വാസമാവുകയാണ് ഈ നേട്ടം.
ഇതുവരെയുള്ള ഏറ്റവും വലിയ പ്രതിദിന വരുമാനം ഡിസംബര്‍ 23 നായിരുന്നു. അന്നത്തെ കളക്ഷന്‍ 7.18കോടിരൂപയാണ്. ഈ റെക്കോര്‍ഡാണ് ഇന്നലെ മറികടന്നത്. ശബരിമല തീര്‍ത്ഥാടകരുടെ എണ്ണംകൂടിയതാണ് റെക്കോര്‍ഡ് കളക്ഷന് പ്രധാന കാരണം. ഒപ്പം തമിഴ്നാട് സര്‍ക്കാരിനു കീഴിലുള്ള ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ പണിമുക്കിലായതോടെ അന്തര്‍സംസ്ഥാന യാത്രക്കാര്‍ കൂടുതല്‍ കെഎസ്‌ആര്‍ടിസിയെ ആശ്രയിച്ചു.
തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ മാത്രം കിട്ടിയത് 1.69 കോടി രൂപയാണ്. കഴിഞ്ഞമാസം ഒരു ദിവസം ശരാശരി ആറരക്കോടി രൂപ ടിക്കറ്റ് വരുമാനമായി കിട്ടി. യാത്രക്കാരുടെ എണ്ണത്തിലും വര്‍ദ്ധനയുണ്ട്. 31 ലക്ഷം പേര്‍ കെഎസ്‌ആര്‍ടിസിയെ ദിവസവും ആശ്രയിക്കുന്നെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

