കെവിന്‍ വധക്കേസ്; കുരുക്ക് മുറുക്കി പുതിയ തെളിവ്

കോട്ടയം: കെവിന്‍ വധക്കേസില്‍ നീനുവിന്‍റെ വീട്ടുകാരെ കുരുക്കാന്‍ പുതിയ തെളിവ്. കെവിന്‍റെ മൃതദേഹം തെന്മല ചാലിയക്കരയിലെ ആറ്റില്‍ നിന്ന് പുറത്തെടുക്കുമ്പോള്‍ സ്ഥലത്ത് അരയ്‌ക്കൊപ്പം മാത്രമേ ജലനിരപ്പ് ഉണ്ടായിരുന്നുള്ളൂവെന്നാണ് പുതിയ മൊഴി.

ഇതിനു തെളിവായി പുഴയില്‍ നന്ന് മൃതദേഹം പുറത്തെടുക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കി. വീഡിയോ കോടതി തെളിവായി സ്വീകരിച്ചു. കെവിനോടൊപ്പം ആദ്യം തട്ടിക്കൊണ്ടു പോയ ബന്ധു അനീഷ് സെബാസ്റ്റ്യന്‍റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍ ഉണ്ടായിരുന്നതായി അനീഷിനെ പരിശോധിച്ച ഡോ. കെ മെര്‍വിന്‍ കോടതിയില്‍ മൊഴി നല്‍കി. പലവട്ടം അടികൊണ്ട പാടുകള്‍ കെവിന്‍റെ മുഖത്തുണ്ടായിരുന്നു. തന്നെ ചിലര്‍ കാറില്‍ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ചതായി അനീഷ് പറഞ്ഞതായും ഡോക്ടര്‍ മൊഴി നല്‍കിയിട്ടുണ്ട്.

അതേസമയം, കേസിലെ ഒന്നാം പ്രതി സാനു ചാക്കോയും മൂന്നാം പ്രതി ഇഷാനും ഗാന്ധിനഗര്‍ സ്റ്റേഷനിലെ നൈറ്റ് ഓഫീസര്‍ എഎസ്‌ഐ ടി എം ബിജുവിനെതിരെ നല്‍കിയ രഹസ്യമൊഴി കോടതി താത്കാലിക തെളിവായി സ്വീകരിച്ചു. പോലീസുകാര്‍ക്കെതിരെയുള്ള കൈക്കൂലിക്കേസിലാണ് കോടതി സാനുവിന്റെയും ഇഷാന്റെയും മൊഴി രേഖപ്പെടുത്തിയത്. ഈ മൊഴി സ്ഥിരം തെളിവാക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം പിന്നീട് പരിഗണിക്കും.

കെവിനെ തട്ടിക്കൊണ്ടു പോയ 2018 മെയ് 27ന് പുലര്‍ച്ചെ 2.30ന് കോട്ടയം, മാന്നാനം ഭാഗങ്ങളില്‍ വന്നതായും തങ്ങളെ പോലീസ് പിടികൂടിയതായും പ്രതികള്‍ കോടതിയില്‍ മൊഴി നല്‍കി. മാന്നാനം ഭാഗത്തു വെച്ച് പോലീസ് കാര്‍ പരിശോധിച്ചപ്പോള്‍ കാറിന്‍റെ നമ്പര്‍ പ്ലേറ്റ് ചെളി പുരണ്ട നിലയിലാണെന്ന് പോലീസ് കണ്ടെത്തിയിരുന്നതായും ഇവര്‍ വ്യക്തമാക്കി. 2000 രൂപ എഎസ്‌ഐ ടി എം ബിജുവിന് കൈക്കൂലി നല്‍കിയ ശേഷമാണ് ഇരുവരെയും വിട്ടയച്ചതെന്നും ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്.

prp

Leave a Reply

*