കേരള സവാരി: സുരക്ഷിതവും ചെലവ്‌ കുറഞ്ഞതുമായ യാത്ര

കേരളത്തില്‍ ഇന്ന്‌ മറ്റൊരു ചരിത്രം കൂടി പിറക്കും. കേരളത്തിന്റെ സ്വന്തം ഓണ്‍ലൈന്‍ ഓട്ടോ-ടാക്‌സി സംവിധാനമായ കേരള സവാരി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനം ചെയ്യും.

രാജ്യത്തിന്‌ മുന്നില്‍ കേരള സംസ്‌ഥാനം മറ്റൊരു മാതൃക കൂടി കാണിക്കുകയാണ്‌.
പൊതുവെ ഓണ്‍ലൈന്‍ ടാക്‌സി മേഖല നിയന്ത്രിക്കുന്നത്‌ ബഹുരാഷ്‌ട്ര കമ്ബനികള്‍ ആണ്‌. ആ മേഖലയിലേക്കാണ്‌ സര്‍ക്കാര്‍ സ്വന്തം ഓണ്‍ലൈന്‍ ഓട്ടോ – ടാക്‌സി സംവിധാനമായ കേരള സവാരിയുമായെത്തുന്നത്‌.
മോട്ടോര്‍ തൊഴിലാളികള്‍ നിരവധി പ്രയാസങ്ങള്‍ നേരിടുന്നുണ്ട്‌. അവര്‍ക്കൊരു കൈത്താങ്ങ്‌ എന്ന നിലയില്‍ ആണ്‌ ഈ പദ്ധതി വിഭാവനം ചെയ്‌തിരിക്കുന്നത്‌. സര്‍ക്കാര്‍ അംഗീകൃത നിരക്ക്‌ ലഭിക്കാത്ത സാഹചര്യം തൊഴിലാളികള്‍ക്ക്‌ പലപ്പോഴും ഉണ്ടാകുന്നുണ്ട്‌. യാത്രക്കാര്‍ക്കാകട്ടെ കൂടിയ നിരക്ക്‌ നല്‍കേണ്ടിയും വരുന്നു.
ഈ ഘട്ടത്തിലാണ്‌ പൊതുമേഖലയില്‍ ഒരു ഓണ്‍ലൈന്‍ ടാക്‌സി സംവിധാനം കൊണ്ടു വരേണ്ടതിന്റെ ആവശ്യകതയെ കുറിച്ച്‌ ചിന്തിക്കുന്നത്‌. തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കാനുള്ള ആലോചനകള്‍ അങ്ങിനെ യാഥാര്‍ഥ്യമായി. പൊതുജനങ്ങള്‍ക്ക്‌ സര്‍ക്കാര്‍ അംഗീകൃത നിരക്കില്‍ സുരക്ഷിതവും തര്‍ക്കരഹിതവുമായ യാത്ര ഉറപ്പാക്കുക എന്ന ലക്ഷ്യം കൂടി ഈ ആലോചനകളില്‍ ഉണ്ടായിരുന്നു.
എന്താണ്‌ കേരള സവാരിയുടെ മേന്മകള്‍ എന്ന്‌ നോക്കാം. നിലവിലെ സംവിധാനങ്ങളില്‍ മോട്ടോര്‍ തൊഴിലാളികള്‍ക്ക്‌ ലഭിക്കുന്ന നിരക്കും യാത്രക്കാരില്‍ നിന്ന്‌ ഈടാക്കുന്ന നിരക്കും തമ്മില്‍ 20 മുതല്‍ 30 ശതമാനം വരെ വ്യത്യാസമുണ്ട്‌ എന്നാണ്‌ നിഗമനം. എന്നാല്‍ സര്‍വീസുകള്‍ കൂടുതല്‍ ലഭിക്കുന്നത്‌ കൊണ്ട്‌ നഷ്‌ടം സഹിച്ചും തുടരാന്‍ തൊഴിലാളികള്‍ നിര്‍ബന്ധിതരാവുകയാണ്‌. ആളുകള്‍ക്കിഷ്‌ടം ഓണ്‍ലൈന്‍ ടാക്‌സി സംവിധാനങ്ങളോടാണ്‌. കാരണം തങ്ങള്‍ ഉള്ളിടത്തേക്ക്‌ വണ്ടികള്‍ വരുന്നു എന്നതു തന്നെ.
സര്‍വ മേഖലകളിലും ആധുനികവല്‍ക്കരണം നടന്നുവരികയാണ്‌. മോട്ടോര്‍ തൊഴിലാളികളും ഈ മാറ്റത്തിന്റെ ഭാഗമാകണം. ചാര്‍ജുകള്‍ക്ക്‌ സീസണല്‍ മാറ്റം എന്നത്‌ ഒരു ചൂഷണമാണ്‌. കേരള സവാരിയില്‍ ഒറ്റ നിരക്കെ ഉണ്ടാകൂ. സര്‍വീസ്‌ ചാര്‍ജ്‌ എട്ട്‌ ശതമാനം മാത്രമാണ്‌ ഈടാക്കുക. ഇത്‌ മറ്റ്‌ ഓണ്‍ലൈന്‍ ടാക്‌സി സംവിധാനങ്ങളേക്കാള്‍ കുറവാണുതാനും.
സര്‍ക്കാര്‍ നിശ്‌ചയിച്ചിട്ടുള്ള നിരക്കിനൊപ്പം സര്‍വീസ്‌ ചാര്‍ജ്‌ ആയി ഈടാക്കുന്ന തുക പദ്ധതി നടത്തിപ്പിനും യാത്രക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും പ്രമോഷണല്‍ ഇന്‍സെന്റീവ്‌ നല്‍കാനും മറ്റുമായി ഉപയോഗപ്പെടുത്തും.
സുരക്ഷയാണ്‌ എടുത്ത്‌ പറയേണ്ട മറ്റൊരു പ്രത്യേകത. സ്‌ത്രീകള്‍ക്കും മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതമായി കേരള സവാരിയില്‍ യാത്ര ചെയ്യാനുള്ള സംവിധാനമാണ്‌ ഒരുക്കിയിരിക്കുന്നത്‌.
ഡ്രൈവറുടെ രജിസ്‌ട്രേഷന്‍ മുതല്‍ ഈ കരുതലുണ്ടാവും. ഡ്രൈവര്‍മാര്‍ക്ക്‌ പോലീസ്‌ക്ല ിയറന്‍സ്‌ സര്‍ട്ടിഫിക്കറ്റ്‌ നിര്‍ബന്ധമാണ്‌. മികച്ച പരിശീലനമാണ്‌ ഡ്രൈവര്‍മാര്‍ക്ക്‌ നല്‍കുന്നത്‌. കൂടാതെ കേരള സവാരി ആപ്പില്‍ ഒരു പാനിക്‌ ബട്ടണ്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്‌. സുരക്ഷാ പ്രശ്‌നം ഉണ്ടെങ്കില്‍ ഡ്രൈവര്‍ക്കോ യാത്രക്കാര്‍ക്കോ പരസ്‌പരം അറിയാതെ തന്നെ പാനിക്‌ ബട്ടണ്‍ അമര്‍ത്താം. പോലീസ്‌, ഫയര്‍ഫോഴ്‌സ്‌, മോട്ടോര്‍വാഹന വകുപ്പ്‌ സംവിധാനങ്ങളെ ബന്ധപ്പെടാന്‍ പാനിക്ക്‌ ബട്ടണ്‍ അമര്‍ത്തിയാല്‍ കഴിയും.
വാഹനങ്ങളില്‍ സബ്‌സിഡി നിരക്കില്‍ ജി.പി.എസ്‌. ഘട്ടം ഘട്ടമായി ഘടിപ്പിക്കാനും പദ്ധതിയുണ്ട്‌. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍സെന്ററും ഇതിന്റെ ഭാഗമാകും.
തിരുവനന്തപുരം നഗരസഭാ പരിധിയില്‍ ആണ്‌ പൈലറ്റ്‌ പദ്ധതി നടപ്പാക്കുക. താമസിയാതെ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും. തിരുവനന്തപുരം നഗരസഭാ പരിധിയിലെ 500 ഓട്ടോ -ടാക്‌സി ഡ്രൈവര്‍മാര്‍ക്ക്‌ പരിശീലനം നല്‍കിക്കഴിഞ്ഞു. ഡ്രൈവര്‍മാരെ ടൂറിസ്‌റ്റ്‌ ഗൈഡ്‌ എന്ന തലത്തിലേക്ക്‌ കൂടി മാറ്റാനുള്ള പരിശീലനവും നല്‍കുന്നുണ്ട്‌.
പദ്ധതിയുടെ ഭാഗമാകുന്ന വാഹനത്തിന്റെ ഓയില്‍, വാഹന ഇന്‍ഷുറന്‍സ്‌, ടയര്‍, ബാറ്ററി എന്നിവയ്‌ക്ക്‌ ഡിസ്‌കൗണ്ട്‌ ലഭ്യമാക്കുന്ന കാര്യം ആലോചനയിലുണ്ട്‌ . യാത്രക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും ഇന്‍ഷുറന്‍സ്‌, ആക്‌സിഡന്റ്‌ ഇന്‍ഷുറന്‍സ്‌ എന്നിവ ഏര്‍പ്പെടുത്തുന്ന കാര്യവും പരിഗണനയിലാണ്‌. വാഹനങ്ങളില്‍ പരസ്യം നല്‍കി വരുമാന വര്‍ധന ഉണ്ടാക്കുന്ന കാര്യവും ആലോചിക്കുന്നുണ്ട്‌. പരസ്യത്തിന്റെ 60 ശതമാനം വരുമാനവും ഡ്രൈവര്‍മാര്‍ക്ക്‌ നല്‍കും. പൊതുമേഖലയിലെ നൂതനമായ ആശയമാണ്‌ കേരള സവാരി. ഒരു മേഖലയുടെ തന്നെ വികാസത്തിന്‌ പദ്ധതി കാരണമാകുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

വി. ശിവന്‍കുട്ടി
(തൊഴില്‍, നൈപുണ്യ, പൊതുവിദ്യാഭ്യാസ വകുപ്പ്‌ മന്ത്രി)

prp

Leave a Reply

*