പൊതുജനത്തെ ദീര്‍ഘനേരം വഴിയില്‍ തടയുന്നില്ല; കറുപ്പ് വിലക്കരുതെന്ന് നിര്‍ദ്ദേശിച്ചിരുന്നു : ഡിജിപി

തിരുവനന്തപുരം: കറുപ്പ് വസ്ത്രങ്ങളും കറുത്ത മാസ്‌കും വിലക്കിക്കൊണ്ട് മുഖ്യമന്ത്രിക്ക് സുരക്ഷ ഏര്‍പ്പെടുത്തുന്നതിലും വഴിതടയുന്നതിലും വിശദീകരണവുമായി ഡിജിപി അനില്‍ കാന്ത്.

മുഖ്യമന്ത്രിക്ക് നല്‍കുന്ന സുരക്ഷയുടെ ഭാഗമായി പൊതുജനങ്ങളെ ഏറെ നേരം അനാവശ്യമായി വഴിയില്‍ തടയുന്നില്ലെന്ന് സംസ്ഥാന പോലീസ് മേധാവി വ്യക്തമാക്കി. കറുത്ത മാസ്‌ക് ധരിക്കുന്നതും കറുത്ത വസ്ത്രം ധരിക്കുന്നതും സുരക്ഷയുടെ പേരില്‍ തടയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതു സംബന്ധിച്ച്‌ നേരത്തേതന്നെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്നും ഡിജിപി പ്രസ്താവനയിലൂടെ വ്യക്തമാക്കി.

അതേസമയം, മുഖ്യമന്ത്രിക്ക് നല്‍കുന്ന സുരക്ഷയുടെ കാര്യത്തില്‍ യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചയും പാടില്ല. ക്രമസമാധാനവിഭാഗം എഡിജിപി, മേഖലാ ഐ.ജി, റേഞ്ച് ഡി.ഐ.ജി, ജില്ലാ പോലീസ് മേധാവിമാര്‍ എന്നിവര്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഡിജിപി അറിയിച്ചു.

മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ കറുപ്പിന് വിലക്കേര്‍പ്പെടുത്തിയ നടപടി വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. എന്നാല്‍ കറുപ്പിന് വിലക്കുണ്ടെന്നത് വ്യാജ പ്രചാരണമാണെന്ന് മുഖ്യമന്ത്രി ഇന്ന് പറയുകയുണ്ടായി. ഇഷ്ടമുള്ള വേഷവും ഇഷ്ടമുള്ള നിറവും ആര്‍ക്കും ധരിക്കാമെന്നും അദ്ദേഹം വിശദീകരിച്ചു. മുഖ്യമന്ത്രിയുടെ വിശദീകരണത്തിന് പിന്നാലെയാണ് ഡിജിപിയും ഇത് സംബന്ധിച്ച്‌ പ്രതികരണം നടത്തിയിരിക്കുന്നത്.

prp

Leave a Reply

*