ബംഗളൂരു: നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ കര്‍ണാടക മുഖ്യമന്ത്രിയായി ബിജെപി നേതാവ് യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ രാവിലെ ഒമ്പതു മണിയോടെ ഗവര്‍ണര്‍ വാജു ഭായ് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. യെദ്യൂരപ്പ മാത്രമാണ് സത്യപ്രതിജ്ഞ ചെയ്തത്. കര്‍ണാടകയുടെ ഇരുപത്തി രണ്ടാമത് മുഖ്യമന്ത്രിയായിട്ടാണ് യെദ്യൂരപ്പ സ്ഥാനമേറ്റത്.
ഒന്നര ലക്ഷം പേര്‍ പങ്കെടുക്കുന്ന റാലിയോടെ സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടത്താനായിരുന്നു ബി.ജെ.പി ആലോചിച്ചിരുന്നത്. എന്നാല്‍ അധികം ആഘോഷ പ്രകടനങ്ങള്‍ ഇല്ലാതെയാണ് ബി.ജെ.പി സര്‍ക്കാറിന്‍റെ സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടന്നത്. കര്‍ണാടകയില്‍ വന്‍ ആഘോഷ പരിപാടികള്‍ക്ക് പദ്ധതിയിട്ട ബി.ജെ.പി പ്രവര്‍ത്തകര്‍ തണുപ്പന്‍ മട്ടിലാണ് സത്യപ്രതിജ്ഞയെ കാണുന്നത്.
സര്‍ക്കാര്‍ രൂപീകരിക്കാനും സത്യപ്രതിജ്ഞ ചെയ്യാനും ആവശ്യപ്പെട്ട് ബുധനാഴ്ച യെദ്യൂരപ്പ ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇതിന് ഗവര്‍ണര്‍ രാത്രി അനുമതി നല്‍കുകയായിരുന്നു. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ 15 ദിവസത്തിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കാനാണ് ഗവര്‍ണര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.
അതേസമയം കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജിയില്‍ യെദ്യൂരപ്പയ്ക്കും കര്‍ണാടക സര്‍ക്കാരിനും സുപ്രീംകോടതി നോട്ടീസ് അയക്കാന്‍ തീരുമാനിച്ചതും, ഭൂരിപക്ഷം തെളിയിക്കുന്ന കത്ത് ഹാജരാക്കാന്‍ നിര്‍ദേശിച്ചതും ബിജെപിയെ സമ്മര്‍ദത്തിലാഴ്ത്തിയിട്ടുണ്ട്. ഭൂരിപക്ഷമില്ലാതെയാണ് യെദ്യൂരപ്പയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചതെന്നായിരുന്നു കോണ്‍ഗ്രസ് സുപ്രീംകോടതിയില്‍ വാദിച്ചത്. ഇതിനെ തുടര്‍ന്നാണ് ബിജെപി ഗവര്‍ണര്‍ക്ക് നല്‍കിയ കത്തും ഭൂരിപക്ഷം തെളിയിക്കുന്ന കത്തും ഹാജരാക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചത്.

