കണ്ണൂര്‍ വിമാനത്താവളം വ്യോമയാന ഭൂപടത്തിലേക്ക്; ഇന്ന്‍ വലിയ വിമാനമിറങ്ങും

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വ്യോമയാന ഭൂപടത്തിലേക്ക്. വിമാനത്താവളത്തിന് ലൈസന്‍സ് ലഭിക്കുന്നതിന‌് എല്ലാ പരിശോധനകളും പൂര്‍ത്തിയായി. വ്യാഴാഴ്ച എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ വലിയ യാത്രാവിമാനം പരീക്ഷണാര്‍ഥം വിമാനത്താവളത്തിലിറക്കും. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ഉദ്യോഗസ്ഥര്‍ വ്യോമയാന മന്ത്രാലയത്തിന് പരിശോധനാ റിപ്പോര്‍ട്ട് നല്‍കിയാലുടന്‍ വാണിജ്യ സര്‍വീസിനായുള്ള അനുമതി ലഭിക്കും.

ഈ മാസം തന്നെ വിമാനത്താവള ലൈസന്‍സ് നല്‍കുമെന്ന് വ്യോമയാന മന്ത്രി സുരേഷ് പ്രഭു ഉറപ്പ് നല്‍കിയിരുന്നു. മുഖ്യമന്ത്രി ചികിത്സ കഴിഞ്ഞ‌് തിരിച്ചെത്തിയാലുടന്‍ ഉദ്ഘാടനത്തീയതി തീരുമാനിക്കും. ജെറ്റ് എയര്‍വേസ്, ഗോ എയര്‍, ഇന്‍ഡിഗോ കമ്ബനികള്‍ക്ക് അന്താരാഷ്ട്ര- ആഭ്യന്തര സര്‍വീസുകള്‍ നടത്താന്‍ അനുമതിയായി. കൂടാതെ ടിക്കറ്റ് ചാര്‍ജ് കുറഞ്ഞ ഉഡാന്‍ വിമാന സര്‍വീസുകളുമുണ്ടാകും. ഒക്ടോബര്‍ 29ന് പുറത്തിറങ്ങുന്ന ഈ വിമാനക്കമ്പനികളുടെ ശൈത്യകാല ഷെഡ്യൂളില്‍ കണ്ണൂര്‍ വിമാനത്താവളവും ഇടംപിടിക്കും.

കണ്ണൂര്‍, തലശേരി നഗരങ്ങളില്‍നിന്ന് 25 കിലോമീറ്റര്‍ അകലെ മട്ടന്നൂര്‍ മൂര്‍ഖന്‍പറമ്പിലാണ് വിമാനത്താവളം. ദക്ഷിണേന്ത്യയിലെ ഏറ്റവും വലുതും അത്യാധുനിക സൗകര്യങ്ങളുള്ളതും പരിസ്ഥിതിപ്രശ്നം ഇല്ലാത്തതുമായ ഗ്രീന്‍ ഫീല്‍ഡ് വിമാനത്താവളമാണിത‌്. 20 വിമാനങ്ങള്‍ക്ക് ഒരേസമയം നിര്‍ത്താം. മൂന്ന് കിലോ മീറ്ററിലധികം ദൈര്‍ഘ്യമുള്ളതാണ് റണ്‍വേ. താമസിയാതെ നാല് കിലോമീറ്ററാക്കും. അതോടെ രാജ്യത്തെ നാലാമത്തെ വലിയ വിമാനത്താവളമായി കണ്ണൂര്‍ മാറും.  കണ്ണൂരും തലശേരിയുമാണ് അടുത്തുള്ള റെയില്‍വേ സ്റ്റേഷനുകള്‍.

കണ്ണൂരിനു പുറമെ കാസര്‍കോട്, വയനാട്, കോഴിക്കോടിന്റെ ഒരു ഭാഗം, കര്‍ണാടകത്തിലെ കുടക് ജില്ല എന്നിവിടങ്ങളിലുള്ളവര്‍ക്ക് ഏറ്റവുമടുത്ത വിമാനത്താവളമായിരിക്കും കണ്ണൂരിലേത്. അതിവേഗം എത്താന്‍ പാകത്തില്‍ തലശേരി- മട്ടന്നൂര്‍, കൂട്ടുപുഴ- മട്ടന്നൂര്‍, വയനാട്- മട്ടന്നൂര്‍, ധര്‍മശാല- പറശ്ശിനിക്കടവ്- ചാലോട്, മട്ടന്നൂര്‍- അഞ്ചരക്കണ്ടി-തലശേരി, നാദാപുരം-തലശേരി എന്നീ ആറ് റോഡുകളുടെ വികസനം നടക്കുകയാണ്.

ആദ്യവര്‍ഷം 13 ലക്ഷത്തോളം യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. വലിയ തോതിലുള്ള കാര്‍ഗോ സാധ്യതയുമുണ്ട്. മലബാറിന്റെ വിനോദസഞ്ചാര മേഖലയിലേക്ക‌് തുറന്നുപിടിച്ച വാതില്‍കൂടിയായി വിമാനത്താവളം മാറും.

prp

Related posts

Leave a Reply

*