മുഖ്യമന്ത്രിക്കെതിരെ ഭീഷണിയുമായി കെ.സുരേന്ദ്രന്‍

കോട്ടയം: കെവിന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍. ഫെയ്സ്ബുക്ക് പേജിലൂടെയാണ് സുരേന്ദ്രന്‍റെ പ്രതികരണം.

രാജ്യത്തു നടക്കുന്ന ഏത് സംഭവവും മോദിയുടെ നെഞ്ചത്ത് ചെണ്ടകൊട്ടാനുപയോഗിക്കുമ്പോള്‍ സഖാവ് ഇതൊന്നും തിരിച്ചുകിട്ടുമെന്ന് കരുതിയിരുന്നില്ലേ എന്ന് സുരേന്ദ്രന്‍ ചോദിച്ചു. ഭരിക്കാനറിയില്ലെങ്കില്‍ അതിന്റെ ജാള്യത നാട്ടുകാരുടെ നെഞ്ചത്തുകേറിയല്ല തീര്‍ക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

”ബഹു. പിണറായി വിജയന്‍ ആരാണ് താങ്കള്‍? ഈദി അമീനോ ജോസഫ് സ്ടാലിനോ അതോ കിം ജോങ്ങ് ഉന്നോ? വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ നേരിടാനുള്ള ആര്‍ജ്ജവമാണ് ഒരു പൊതുപ്രവര്‍ത്തകന്‍ ആത്യന്തികമായി കാണിക്കേണ്ട സാമാന്യ മര്യാദ. മാധ്യമങ്ങള്‍ക്കു കൊട്ടാനുള്ള ചെണ്ടയല്ലത്രേ താനെന്നാണ് ഭീഷണി സ്വരത്തില്‍ ഇന്ന് പിണറായി പറഞ്ഞത്.

ഈ വൃത്തികേടു മുഴുവന്‍ കാണിക്കുന്ന താങ്കളെ പുഷ്പവൃഷ്ടി നടത്തി മാധ്യമങ്ങളും പ്രതിപക്ഷവും സ്വീകരിക്കുമെന്നാണോ താങ്കള്‍ കരുതിയത്? രാജ്യത്തു നടക്കുന്ന ഏതു സംഭവവും മോദിയുടെ നെഞ്ചത്ത് ചെണ്ടകൊട്ടാനുപയോഗിക്കുമ്പോള്‍ സഖാവ് ഇതൊന്നും തിരിച്ചുകിട്ടുമെന്ന് കരുതിയിരുന്നില്ലേ? ഭരിക്കാനറിയില്ലെങ്കില്‍ അതിന്റെ ജാള്യത നാട്ടുകാരുടെ നെഞ്ചത്തുകേറിയല്ല തീര്‍ക്കേണ്ടത്.

പോലീസുകാര്‍ അടിവസ്ത്രം വരെ ചുവപ്പാക്കി അഴിഞ്ഞാടുമ്പോള്‍ അതിന് കുടപിടിക്കുകയല്ലേ താങ്കള്‍ ചെയ്തത്? ഭീഷണിയൊന്നും ഇവിടെ വിലപ്പോവില്ല. സി.പി.യെ വെട്ടിയ നാടാണിതെന്ന് ഓര്‍ക്കുന്നത് നല്ലത്”.

prp

Related posts

Leave a Reply

*