ജെസ്‌നയ്ക്കു വേണ്ടിയുള്ള അന്വേഷണം മലപ്പുറത്തും

മലപ്പുറം: പത്തനംതിട്ടയില്‍ നിന്ന് കാണാതായ വിദ്യാര്‍ഥിനി ജെസ്‌നയ്ക്കു വേണ്ടി മലപ്പുറത്തും പൊലീസ് അന്വേഷണം നടത്തുന്നു. കോട്ടക്കുന്ന് ടൂറിസം പാര്‍ക്കില്‍ മറ്റൊരു പെണ്‍കുട്ടിക്കൊപ്പം ജസ്‌നയെ കണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്താന്‍ ഒരുങ്ങുന്നത്.

മേയ് മൂന്നിന് രാവിലെ 11 മുതല്‍ രാത്രി എട്ടുവരെ ജസ്‌നയെന്ന് സംശയിക്കുന്ന കുട്ടിയും സുഹൃത്തും കോട്ടക്കുന്നിലുണ്ടായിരുന്നെന്നാണ് പൊലീസിന് ലഭിച്ച വിവരം. ദീര്‍ഘദൂരയാത്രക്ക് ശേഷം എത്തിയതെന്ന് തോന്നിക്കും വിധമായിരുന്നു പെണ്‍കുട്ടികള്‍ ഇവിടെയെത്തിയതെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു.

പിന്നീട് മാധ്യമങ്ങളിലൂടെ വാര്‍ത്തയും ചിത്രവും കണ്ടതോടെയാണ് ഇത് ജസ്‌നയായിരുന്നോ എന്ന് പാര്‍ക്കിലെ ജീവനക്കാര്‍ക്ക് സംശയം തോന്നിയതും വിവരം പൊലീസിനെ അറിയിച്ചതും. അന്ന് അവിടെ പരിപാടിക്കെത്തിയ ഒരു സാമൂഹ്യപ്രവര്‍ത്തകനും ഈ സംശയം ഉന്നയിച്ചിട്ടുണ്ട്. കുര്‍ത്തയും ജീന്‍സും ഷാളുമായിരുന്നു പെണ്‍കുട്ടികളുടെ വേഷം. വലിയ ബാഗും ഇവരുടെ പക്കലുണ്ടായിരുന്നെന്നാണ് വിവരം. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുന്നതിനാണ് പൊലീസ് കോട്ടപ്പുറത്തെത്തിയിരിക്കുന്നത്.

സി.സി.ടി.വി ദൃശ്യങ്ങള്‍ വീണ്ടെടുക്കാനാകും പൊലീസ് ആദ്യം ശ്രമിക്കുക. കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലെത്തിയ ജസ്ന അവിടെനിന്ന് ഓട്ടോ വിളിച്ച്‌ കോട്ടക്കുന്നിലെ രണ്ടാംകവാടം വഴി പാര്‍ക്കിലെത്തിയതാകാനാണ് സൂചന.  അന്നേ ദിവസം നഗരത്തില്‍ നിന്നുള്ള ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചേക്കും.

prp

Related posts

Leave a Reply

*