ജെസ്‌നയോട് സാമ്യമുള്ള പെണ്‍കുട്ടിയെ മെട്രോയില്‍ കണ്ടെന്ന് മൊഴി

റാന്നി: ജെസ്‌നയോട് സാമ്യമുള്ള പെണ്‍കുട്ടിയെ ബെംഗളൂരുവില്‍ മെട്രോയില്‍ കണ്ടതായി വിവരം. ഇതേതുടര്‍ന്ന് കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി ജില്ലാ പൊലീസ് മേധാവിയുടെ നിഴല്‍ പൊലീസ് സംഘം ബെംഗളൂരുവിലെത്തി.

ശനിയാഴ്ച സന്ധ്യയ്ക്ക് ജെസ്‌നയോട് സാമ്യമുള്ള പെണ്‍കുട്ടി മെട്രോയില്‍ നിന്നിറങ്ങിവരുന്നതു കണ്ടതായി ബെംഗളൂരുവിലുള്ള ഒരാള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണു മംഗളൂരുവില്‍ അന്വേഷണത്തിലായിരുന്ന പൊലീസ് സംഘത്തെ ബെംഗളൂരുവിലേക്ക് അയച്ചത്.

മെട്രോയിലെ സിസിടിവി ദൃശ്യത്തില്‍ ജെസ്‌നയോടു സാമ്യമുള്ള പെണ്‍കുട്ടി ഇറങ്ങിവരുന്നതു കണ്ടെത്തി. ചുരിദാറാണ് വേഷം. കണ്ണടയുമുണ്ട്. മെട്രോയ്ക്കുള്ളിലെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിക്കാനുള്ള ശ്രമത്തിലാണ്. അതു ലഭിച്ചാല്‍ കണ്ടത് ജെസ്‌നയാണോ എന്ന സംശയത്തില്‍ കൂടുതല്‍ വ്യക്തത കൈവരുത്താനാകും. ദൃശ്യം പിന്നീട് ജെസ്‌നയുടെ ബന്ധുക്കള്‍ക്ക് അയച്ചു കൊടുത്ത് ഉറപ്പുവരുത്തേണ്ടതുണ്ട്.

കുടക്, മടിക്കേരി, മംഗളൂരു, കൊല്ലൂര്‍, കുന്താപുരം എന്നിവിടങ്ങളിലെ അന്വേഷണം പൊലീസ് പൂര്‍ത്തിയാക്കി. ഫോണ്‍കോളുകള്‍ പരിശോധിച്ചപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവിടങ്ങളില്‍ തിരച്ചില്‍ നടത്തിയത്. സംശയകരമായൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. മാര്‍ച്ച്‌ 22ന് ആണു ജെസ്‌നയെ കാണാതായത്.

prp

Related posts

Leave a Reply

*