കൊച്ചി: പത്തനംതിട്ട മുക്കൂട്ടുതറയില്‍ നിന്നും കാണാതായ ജസ്‌നയെ കുറിച്ച് സുപ്രധാന വിവരം കിട്ടിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. പക്ഷെ പൂര്‍ണ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ല. അല്‍പ്പം കൂടി സമയം വേണമെന്നും സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. കേസ് പരിഗണിക്കുന്നത് അടുത്ത മാസം രണ്ടിലേക്ക് മാറ്റി.
മാര്‍ച്ച് 22 നാണ് ജസ്‌നയെ എരുമേലിയില്‍ വെച്ച് കാണാതായത്. സംസ്ഥാനത്തിന് അകത്തും പുറത്തും പോലീസ് അന്വേഷണം വ്യാപിപ്പിച്ചെങ്കിലും ജസ്‌നയെ കുറിച്ച് ഒരു തുമ്പും ഇതുവരെ ലഭിച്ചിട്ടില്ല. പിതൃസഹോദരിയുടെ വീട്ടിലേക്ക് എന്ന് പറഞ്ഞ് പോയ ജസ്‌നയെ കാണാതായിട്ട് നാല് മാസം പിന്നിടുന്നു. കേസില്‍ നിര്‍ണായകമായേക്കാവുന്ന ജസ്‌നയുടേതെന്ന് സംശിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ എരുമേലിയില്‍ നിന്ന് ലഭിച്ചിരുന്നു.
ഇതിനിടെയാണ് പത്തനംതിട്ട ഗവിയില്‍ നിന്നും ഏഴ് വര്‍ഷം മുന്‍പ് കാണാതായ ഭൂലോകലക്ഷ്മി എന്ന സ്ത്രീയുടെ തിരോധാനവുമായി ജസ്‌ന കേസിന് ബന്ധമുണ്ടോയെന്ന കാര്യം പോലീസ് പരിശോധിക്കുന്നത്. ഗവി ഏലത്തോട്ടത്തില്‍ ചിറ്റാര്‍ സീതത്തോട് കൊച്ചുപറമ്പില്‍ ഭൂലോക ലക്ഷ്മിയെ ഏഴ് വര്‍ഷം മുന്‍പാണ് കാണാതായത്.

