ന്യൂഡല്‍ഹി: ജല്ലിക്കെട്ട് നിരോധിക്കണമെന്ന ഹര്‍ജിയില്‍ മറുപടി ആവശ്യപ്പെട്ട് തമിഴ്നാട് സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. നാലാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്‍റെ ഉത്തരവ്.
ജല്ലിക്കെട്ട് നിരോധിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഫെബ്രുവരിയിലാണ് മൃഗക്ഷേമ സംഘടനയായ ‘പെറ്റ’ സുപ്രിംകോടതിയെ സമീപിച്ചത്. തമിഴ്നാട്ടില്‍ ജല്ലിക്കെട്ട് നിരോധിച്ചെങ്കിലും പിന്നീട് നിയമഭേദഗതിയിലൂടെ സര്‍ക്കാര്‍ ഇത് മറികടക്കുകയായിരുന്നു.
എന്നാല്‍ പുതിയ നിയമത്തിനെതിരെയുള്ള നടപടികളില്‍ വിശദീകരണം ആവശ്യപ്പെട്ട് തമിഴ്നാട് സര്‍ക്കാരിന് കോടതി നോട്ടീസ് അയച്ചിരുന്നു. ഇതിന് മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് വീണ്ടും നോട്ടീസ് അയച്ചിരിക്കുന്നത്.
