ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഓട്ടോറിക്ഷാ യാത്രാനിരക്ക് വിമാനനിരക്കിനേക്കാള്‍ കൂടുതലാണെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ. തിങ്കളാഴ്ച ഗോരഖ്പുര്‍ വിമാനത്താവളത്തിന്റെ പുതിയ ആഭ്യന്തര ടെര്‍മിനല്‍ കെട്ടിട ഉദ്ഘാടനത്തില്‍ സംസാരിക്കവെയായിരുന്നു മന്ത്രിയുടെ അവകാശവാദം. ഇതിനെ സാധൂകരിക്കാന്‍ കണക്കുകളും മന്ത്രി നിരത്തി.
ഓട്ടോ റിക്ഷയുടെ നിരക്കിനു താഴെയാണ് ഇപ്പോള്‍ വിമാനിരക്ക്. രണ്ടു പേര് ഒരു ഓട്ടോയില്‍ പത്തു രൂപയ്ക്കു യാത്ര ചെയ്താല്‍ അഞ്ചു രൂപ ഒരു കിലോമീറ്ററിനു ചെലവാകും. എന്നാല്‍ വിമാനനിരക്ക് നോക്കുകയാണെങ്കില്‍ കിലോമീറ്ററിനു വെറും നാലു രൂപ മാത്രമാണു ചെലവുവരുന്നത്- മന്ത്രി പറഞ്ഞു.
ചൊവ്വാഴ്ച മാധ്യമങ്ങളെ കണ്ടപ്പോള്‍ മന്ത്രി തന്റെ നിലപാട് വീണ്ടും ന്യായീകരിച്ചു. കുറഞ്ഞ ദൂരത്തിലുള്ള യാത്രകള്‍ക്ക് വിമാനങ്ങള്‍ ഉപയോഗിക്കണമെന്നല്ല താന്‍ ആവശ്യപ്പെട്ടതെന്നും മറ്റു ഗതാഗത മാര്‍ഗങ്ങളെ അപേക്ഷിച്ച് വിമാനത്തിനുള്ള കുറഞ്ഞ നിരക്ക് ചൂണ്ടിക്കാണിക്കുക മാത്രമാണു ചെയ്തെന്നും മന്ത്രി വിശദീകരിച്ചു.
മോദി സര്‍ക്കാരിനു കീഴില്‍ വിമാനത്തില്‍ യാത്ര ചെയ്യുന്നവരുടെ എണ്ണം രണ്ടു മടങ്ങ് വര്‍ധിച്ചിട്ടുണ്ടെന്നും സിന്‍ഹ പറഞ്ഞു. ഈ വര്‍ഷം ആദ്യം ഇന്‍ഡോര്‍ മാനേജ്മെന്റ് അസോസിയേഷന് സംഘടിപ്പിച്ച മാനേജ്മെന്റ് കോണ്‍ഫറന്‍സിലും സമാന വാദഗതി ജയന്ത് സിന്‍ഹ അവതരിപ്പിച്ചിരുന്നു.

