കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ കന്യാസ്ത്രീകള്‍ നടത്തി വരുന്ന സമരം ഇന്ന് ഔദ്യോഗികമായി സമാപിപ്പിക്കും.
ഇതോടെ കുറവിലങ്ങാട് നിന്നുള്ള കന്യാസ്ത്രീകളുടെ സാന്നിധ്യത്തില്‍ കഴിഞ്ഞ പതിനാല് ദിവസമായി തുടരുന്ന സമരത്തിന് അവസാനമാകും. ഇന്ന് 11 മണിക്ക് ആകും സമരത്തിന് ഔപചാരികമായ അവസാനം ഉണ്ടാകുക. എന്നാല്‍, നീതി ഉറപ്പാകും വരെ പോരാട്ടം തുടരുമെന്ന് കന്യാസ്ത്രീകള്‍ പ്രതികരിച്ചു.
നീതി എന്നാല്‍ അറസ്റ്റ് മാത്രമല്ലെന്ന് സിസ്റ്റര്‍ അനുപമ പ്രതികരിച്ചു. തുടര്‍ സമര നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ നാളെ സേവ് ഔര്‍ സിസ്റ്റേഴ്സ് ആക്ഷന്‍ കൗണ്‍സില്‍ കൊച്ചിയില്‍ യോഗം ചേരും. ജനകീയ സമര മുന്നണി നേതാക്കള്‍ അണി നിരക്കുന്ന യോഗത്തില്‍ പുതിയ സമര രീതികള്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കും.
നേരത്തെ, ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റോടെ കൊച്ചിയിലെ നിരാഹാര സമരത്തിന് സമാപനമായിരുന്നു. അറസ്റ്റ് സംബന്ധിച്ച ഓദ്യോഗിക സ്ഥിരീകരണം എത്തിയതോടെ സമരം വിജയിച്ചതായി പ്രഖ്യാപിച്ച് സേവ് സിസ്റ്റേഴ്സ് ആക്ഷന്‍ കൗണ്‍സില്‍ നിരാഹാര സമരം അവസാനിപ്പിച്ചു.
നീതി തേടിയുള്ള കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണയുമായി വിവിധ ഇടങ്ങളില്‍ നിന്നുള്ള സാംസ്കാരിക, സാഹിത്യ സാമൂഹ്യ പ്രവര്‍ത്തകര്‍, പൊതു ജനങ്ങള്‍, സഭാ വിശ്വാസികള്‍ എന്നിവരാണ് സമരത്തില്‍ അണി ചേര്‍ന്നത്.
