വീണ്ടും ഐ.പി.എല്‍. ആവേശം

ചെന്നൈ: അഞ്ച്‌ മാസത്തെ ഇടവേളയ്‌ക്കു ശേഷം വീണ്ടും ഐ.പി.എല്‍. ക്രിക്കറ്റിന്റെ ആവേശം.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ട്വന്റി20 ക്രിക്കറ്റ്‌ 14-ാം സീസണിലെ ഇന്നു നടക്കുന്ന ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്ബ്യന്‍ മുംബൈ ഇന്ത്യന്‍സ്‌ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ നേരിടും. എം.എ. ചിദംബരം സ്‌റ്റേഡിയത്തില്‍ വൈകിട്ട്‌ 7.30 മുതല്‍ നടക്കുന്ന മത്സരം സ്‌റ്റാര്‍ സ്‌പോര്‍ട്‌സ്, ഏഷ്യാനെറ്റ്‌ പ്ലസ്‌ എന്നീ ചാനലുകളിലും ഓണ്‍ലൈനായി ഹോട്ട്‌സ്റ്റാറിലും തത്സമയം കാണാം.

രോഹിത്‌ ശര്‍മ നയിക്കുന്ന മുംബൈ ഇന്ത്യന്‍സ്‌ ഹാട്രിക്ക്‌ കിരീടമാണു ലക്ഷ്യമിടുന്നത്‌. ഇന്ത്യന്‍ നായകന്‍ വിരാട്‌ കോഹ്ലി നയിക്കുന്ന ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്‌ ഐ.പി.എല്‍. കിരീടം കിട്ടാക്കനിയാണ്‌. റോയല്‍ ചലഞ്ചേഴ്‌സിനെതിരേ മുംബൈ ഇന്ത്യന്‍സിനു മേല്‍ക്കൈയുണ്ട്‌. കഴിഞ്ഞ 10 മത്സരങ്ങളില്‍ എട്ടിലും മുംബൈയാണു ജയിച്ചത്‌. 13-ാം സീസണിലെ ഒരു മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് മുംബൈയെ സൂപ്പര്‍ ഓവറിലാണു ജയിപ്പിച്ചത്‌.
മുംബൈ ആരാധകര്‍ക്ക്‌ ഒട്ടും ഇഷ്‌ടപ്പെടാത്ത ഒരു വസ്‌തുതയുണ്ട്‌. കഴിഞ്ഞ എട്ടു സീസണിലും മുംബൈ ഇന്ത്യന്‍സ്‌ ആദ്യ മത്സരത്തില്‍ തോറ്റു. എം.എ. ചിദംബരം സ്‌റ്റേഡിയം കോഹ്ലിക്കും കണക്കുകള്‍ പ്രകാരം ശുഭകരമല്ല. ഐ.പി.എല്‍. കരിയറില്‍ കോഹ്ലിയുടെ ഏറ്റവും കുറഞ്ഞ സ്‌ട്രൈക്ക്‌ റേറ്റ്‌ (111.49) ഇവിടെയാണ്‌. കോഹ്ലി സ്‌പിന്നിനെതിരേ നിരന്തരം പരാജയപ്പെടുന്നതും റോയല്‍ ചലഞ്ചേഴ്‌സിന്‌ ആശങ്കയാണ്‌. സ്‌പിന്നിനെതിരേ 2015-17 സീസണില്‍ 147.90 സ്‌ട്രൈക്ക്‌ റേറ്റുണ്ടായിരുന്ന കോഹ്ലി 2018 ലെത്തിയപ്പോള്‍ 117.97 ലേക്കു താണു. പഞ്ചാബ്‌ കിങ്‌സ് ഇലവനില്‍നിന്നു റോയല്‍ ചലഞ്ചേഴ്‌സിലെത്തിയ ഓസ്‌ട്രേലിയന്‍ താരം ഗ്ലെന്‍ മാക്‌സ്വെല്‍ മുംബൈക്കു ഭീഷണിയാണ്‌. മാക്‌സ്വെല്ലിനൊപ്പം വെടിക്കെട്ട്‌ ബാറ്റ്‌സ്മാന്‍ എ.ബി.ഡിവിലിയേഴ്‌സും ചേരുന്നു.

മുംബൈ ഇന്ത്യന്‍സിന്റെ ക്വിന്റണ്‍ ഡി കോക്കും ആഡം മില്‍നെയും ഏഴ്‌ ദിവസത്തെ ക്വാറന്റൈനിലായതിനാല്‍ ഇന്നു കളിക്കില്ല.
റോയല്‍ ചലഞ്ചേഴ്‌സിന്റെ ആഡം സാംപയ്‌ക്കും ഫിന്‍ അലനും ക്വാറന്റൈന്‍ പൂര്‍ത്തിയാകാത്തതിനാല്‍ ഉദ്‌ഘാടന മത്സരത്തില്‍ കളിക്കില്ല. കോവിഡ്‌-19 വൈറസ്‌ ബാധിതനായിരുന്ന റോയല്‍ ചലഞ്ചേഴ്‌സിന്റെ മലയാളി ഓപ്പണര്‍ ദേവ്‌ദത്ത്‌ പടിക്കല്‍ നെഗറ്റീവായതോടെ ടീമിനൊപ്പം ചേര്‍ന്നു. ആരോഗ്യ പ്രശ്‌നങ്ങളില്ലാത്തതിനാല്‍ പടിക്കല്‍ മുംബൈക്കെതിരേയുണ്ടാകുമെന്നാണു സൂചന.
അഞ്ച്‌ തവണ കിരീടം നേടിയ മുംബൈയാണ്‌ ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ ജയിച്ച ടീം. 118 മത്സരങ്ങളില്‍ ജയിക്കാന്‍ മുംബൈക്കായി. രോഹിത്‌ ശര്‍മയുടെ കീഴിലാണ്‌ മുംബൈ അഞ്ച്‌ തവണയും കിരീടം ഉയര്‍ത്തിയത്‌. ഇത്തവണയും അതിശക്‌തമായ താരനിര രോഹിതിന്‌ ഒപ്പമുണ്ട്‌. റോയല്‍ ചലഞ്ചേഴ്‌സ് ജയത്തിന്റെ കണക്കില്‍ നാലാം സ്‌ഥാനത്താണ്‌. 89 മത്സരങ്ങളിലാണ്‌ ടീം ജയിച്ചത്‌. കോഹ്ലി, ഡിവിലിയേഴ്‌സ് തുടങ്ങിയ ഇതിഹാസ താരങ്ങളുണ്ടായിട്ടും ആര്‍.സി.ബിക്ക്‌ ഇതുവരെ കിരീടം സ്വന്തമാക്കാനായില്ല. കഴിഞ്ഞ സീസണില്‍ പ്ലേ ഓഫിലെത്തി. ഇത്തവണ ഗ്ലെന്‍ മാക്‌സ്വെല്‍, ജാമിസന്‍ തുടങ്ങിയ താരങ്ങളെ കൊണ്ടുവന്നാണു റോയല്‍ ചലഞ്ചേഴ്‌സ് പയറ്റുന്നത്‌.

കളി കാണാന്‍ ഡി.സി.സി.ഐ. ഭാരവാഹികളും

ഉദ്‌ഘാടന മത്സരം കാണാന്‍ ഡിഫറന്‍ഡ്‌ലി ഏബ്ല്‌ഡ് ക്രിക്കറ്റ്‌ കൗണ്‍സില്‍ ഓഫ്‌ ഇന്ത്യയുടെ ഭാരവാഹികള്‍ക്കു ക്ഷണം. ബി.സി.സി.ഐ. സെക്രട്ടറി ജയ്‌ ഷായാണു ഡി.സി.സി.ഐ. ഭാരവാഹികളെ ക്ഷണിച്ചത്‌.
പ്രസിഡന്റ്‌ ജി.കെ. മഹാനടേഷ്‌, വൈസ്‌ പ്രസിഡന്റ്‌ സുമിത്‌ ജെയ്‌ന്‍, ജനറല്‍ സെക്രട്ടറി രവി ചൗഹാന്‍, ജോയിന്റ്‌ ജനറല്‍ സെക്രട്ടറി സ്‌ക്വാഡ്രന്‍ ലീഡര്‍ അഭയ്‌ പ്രതാപ്‌ സിങ്‌, ട്രഷറര്‍ ജോണ്‍ ഡേവിഡ്‌ എന്നിവര്‍ മത്സരം കാണാനെത്തും.

സാധ്യതാ ടീം: മുംബൈ ഇന്ത്യന്‍സ്‌ – രോഹിത്‌ ശര്‍മ (നായകന്‍), ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്‌, ഹാര്‍ദിക്‌ പാണ്ഡ്യ, കെയ്‌റോണ്‍ പൊള്ളാഡ്‌, ജെയിംസ്‌ നീഷാം, ക്രുനാല്‍ പാണ്ഡ്യ, നഥാന്‍ കൗള്‍ട്ടര്‍ നീല്‍/ ജയന്ത്‌ യാദവ്‌, രാഹുല്‍ ചാഹാര്‍, ട്രെന്റ്‌ ബോള്‍ട്ട്‌, ജസ്‌പ്രീത്‌ ബുംറ.
സാധ്യതാ ടീം: റോയല്‍ ചലഞ്ചേഴ്‌സ്- വിരാട്‌ കോഹ്ലി (നായകന്‍), ദേവ്‌ദത്ത്‌ പടിക്കല്‍, എ.ബി. ഡിവിലിയേഴ്‌സ്, ഗ്ലെന്‍ മാക്‌സ്വെല്‍, മുഹമ്മദ്‌ അസ്‌ഹറുദീന്‍, ഡാന്‍ ക്രിസ്‌റ്റിന്‍, വാഷിങ്‌ടണ്‍ സുന്ദര്‍, കെയ്‌ല്‍ ജാമിസണ്‍, നവദീപ്‌ സെയ്‌നി, മുഹമ്മദ്‌ സിറാജ്‌, യുസ്‌വേന്ദ്ര ചാഹാല്‍.

prp

Leave a Reply

*