സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനിടെ ഇന്ത്യ ചൈന സൈനികതല ചര്‍ച്ച

ജൂണ്‍ 15 ന് ചൈന നടത്തിയ ആക്രമണത്തിന് ശേഷം ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ രൂപപ്പെട്ട സംഘര്‍ഷാവസ്ഥ പരിഹരിക്കുന്നതിനായുള്ള സൈനിക തല ചര്‍ച്ച ആരംഭിച്ചു. ലഫ് ജനറല്‍മാര്‍ തമ്മിലാണ് ചര്‍ച്ച നടക്കുന്നത്. ചൈനയുടെ നിയന്ത്രണത്തിലുള്ള കിഴക്കന്‍ ലഡാക്കിലെ മോല്‍ഡോയിലാണ് ചര്‍ച്ച.

‘ ഗാല്‍വാന്‍, ഫിംഗേഴ്‌സ് എന്നീ മേഖലകളില്‍ ഉയര്‍ന്നുവന്ന പ്രശ്‌നങ്ങളെക്കുറിച്ച്‌ ചര്‍ച്ച നടക്കും’ സൈനിക വക്താവ് പറഞ്ഞു’

കിഴക്കന്‍ ലഡാക്കില്‍ ചൈന സൈനിക നീക്കം ശക്കമാക്കിയതിനെ തുടര്‍ന്ന് ഈ മാസം ആറിന് ഇരു രാജ്യങ്ങളിലെയും സൈനിക ഉദ്യോഗസ്ഥന്മാര്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ചര്‍ച്ചയിലെ തീരുമാനങ്ങള്‍ പാലിക്കപ്പെട്ടില്ലെന്ന് മാത്രമല്ല, ചൈനീസ് സേന ഇന്ത്യക്കാര്‍ക്ക് നേരെ ആക്രമണം നടത്തുകയുമായിരുന്നു. 20 സൈനികരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇന്നത്തെ ചര്‍ച്ചയില്‍ സൈനിക ഉദ്യോഗസ്ഥര്‍ അതിര്‍ത്തിയിലെ സൈനിക സാന്നിധ്യം കുറയ്ക്കുന്നതിനുള്ള ചര്‍ച്ചകളും നടത്തും.

അതിനിടെ സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംങിന്റെ റഷ്യന്‍ സന്ദര്‍ശനം ആരംഭിച്ചു.

രണ്ടാം ലോകയുദ്ധത്തില്‍ ജര്‍മ്മനിക്കെതിരെ ചെമ്ബട നേടിയ വിജയത്തിന്റെ 75 -ാം വാര്‍ഷികാഘോഷമാണ് മോസ്‌കോയില്‍ നടക്കുന്നത്. മോസ്‌കോയില്‍ നടക്കുന്ന സൈനിക പരേഡില്‍ ഇന്ത്യയുടെ സേനാംഗങ്ങളും പങ്കെടുക്കും. ചൈനയും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. ഇതിന് പുറമെ വിദേശകാര്യ വകുപ്പിലെ ജോയിന്റ് സെക്രട്ടറിമാരുടെ ചര്‍ച്ചയും നടക്കുമെന്നാണ് സൂചന. ഇപ്പോഴത്തെ സംഘര്‍ഷാവസ്ഥ പരിഹരിക്കാന്‍ റഷ്യയുടെ ഭാഗത്തുനിന്നുള്ള സമ്മര്‍ദ്ദവും ഉണ്ട്.

ചൈനയുമായി ചര്‍ച്ച നടക്കുന്നുണ്ടെങ്കിലും ഇന്ത്യ കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തിയില്‍ സൈനികനീക്കം ശക്തമാക്കിയിരിന്നു. യുദ്ധ വിമാനങ്ങളും ഈ മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്. .

ഇതിന് പുറമെ സര്‍വകക്ഷി യോഗത്തെ പ്രധാനമന്ത്രി അറിയിച്ചതുപോലെ, സൈന്യത്തിന് ആക്രമണമുണ്ടായാല്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച്‌ തീരുമാനമെടുക്കാന്‍ പൂര്‍ണ സ്വാതന്ത്ര്യവും നല്‍കിയിട്ടുണ്ട്. അതിര്‍ത്തിയില്‍ തര്‍ക്കം ഉണ്ടായാല്‍ തോക്ക് ഉപയോഗിക്കരുതെന്ന നിലപാടാണ് തിരുത്തിയത്. അവശ്യഘട്ടത്തില്‍ തോക്ക് ഉപയോഗിക്കാന്‍ സൈന്യത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ അതിര്‍ത്തി ചൈന പിടിച്ചടക്കിയിട്ടില്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍വകക്ഷിയോഗത്തില്‍ വ്യക്തമാക്കിയത്. ഇത് വലിയ വിവാദമുണ്ടാക്കിയിരുന്നു.

prp

Leave a Reply

*