കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് വീണ്ടും തിരിച്ചടി. വിചാരണ നീട്ടിവയ്ക്കാന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി അറിയിച്ചു. വിചാരണ തടയണമെന്നും, ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ലഭിക്കണമെന്നും ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം.
പ്രതിയെന്ന നിലയില്‍ തനിക്ക് അവകാശപ്പെട്ട രേഖകള്‍ ലഭിച്ചിട്ടിലെന്ന് കാട്ടിയാണ് ദിലീപ് ഹര്‍ജിയുമായി കോടതി കയറിയത്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് നേരത്തെ നല്‍കിയ ഹര്‍ജിയും ഹൈക്കോടതി ഇന്ന് പരിഗണിച്ചിരുന്നു.
പ്രതിയെന്ന നിലയില്‍ തനിക്ക് അവകാശപ്പെട്ട രേഖകള്‍ കിട്ടിയ ശേഷം മാത്രമെ വിചാരണ തുടങ്ങാവൂ എന്നായിരുന്നു ഹര്‍ജിയിലെ പ്രധാന ആവശ്യം. തനിക്കെതിരായ മുഴുവന്‍ തെളിവുകളുടെയും പകര്‍പ്പ് ലഭിക്കാന്‍ പ്രതിയെന്ന നിലയില്‍ അവകാശമുണ്ടെന്നാണ് ദിലീപിന്‍റെ വാദം. എന്നാല്‍ ഇരയെ അപമാനിക്കലാണ് ദിലീപിന്‍റെ ലക്ഷ്യമെന്നാണ് പ്രോസിക്യൂഷന്‍ നിലപാട്.

