കൊച്ചി: പ്രളയത്തിന് ശേഷം കേരളത്തിലെ ജലാശയങ്ങളില്‍ വെള്ളമില്ല. പുഴകളുടെ അടിത്തട്ടുവരെ തെളിഞ്ഞു തുടങ്ങി. കിണറുകളിലും വെള്ളം താണു. പെരിയാര്‍, മുവാറ്റുപുഴയാര്‍, ചാലിയാര്‍, കുറുമാലി, അച്ചന്‍കോവിലാര്‍ തുടങ്ങിയ പുഴകളുടെയെല്ലാം നില അതീവ ഗുരുതരമാകുകയാണ്.
ആലുവയടക്കമുള്ള നിരവധി പ്രദേശങ്ങളില്‍ കുടിവെള്ള ക്ഷാമം അതിരൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. കേരളം കൊടും വരള്‍ച്ചയിലേക്ക് നീങ്ങുന്നതിന്‍റെ സൂചനയാണിതെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം, കേരളത്തിലെ പ്രളയം മനുഷ്യ നിര്‍മ്മിത ദുരന്തമാണെന്ന് ചൂണ്ടിക്കാണിച്ചു നല്‍കിയ കത്ത് പരിഗണിച്ചു സ്വമേധയാ എടുത്ത കേസും ദുരന്തത്തിന് ഇടയാക്കിയത് സര്‍ക്കാര്‍ സംവിധാനങ്ങളുടെ വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടി അഡ്വക്കറ്റ് ടി.ജി മോഹന്‍ദാസ് നല്‍കിയ ഹര്‍ജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും.
കേരളത്തില്‍ നടന്നത് പ്രകൃത്യാലുള്ള ദുരന്തമല്ലെന്നും മനുഷ്യനിര്‍മ്മിതമായ ദുരന്തമാണെന്നും ഹര്‍ജിയില്‍ ആരോപണമുണ്ട്. അഡ്വ.ടി.ജി മോഹന്‍ദാസ് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരില്‍ നിന്ന് വിശദീകരണം തേടിയിരുന്നു.

