സ്വര്‍ണക്കടത്തിന് പിന്നില്‍ ‘ദാവൂദ് അല്‍ അറബി’യെന്ന വ്യവസായി; നിര്‍ണായക വെളിപ്പെടുത്തലുമായി കെ ടി റമീസ്

കൊച്ചി: സ്വര്‍ണക്കടത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി മുഖ്യസൂത്രധാരന്‍ കെ.ടി റമീസിന്റെ മൊഴി. നയതന്ത്ര ബാഗേജ് വഴിയുളള സ്വര്‍ണക്കടത്തിന് പിന്നില്‍ യു.എ.ഇ പൗരന്‍ ‘ദാവൂദ് അല്‍ അറബി’യെന്ന വ്യവസായിയാണെന്നാണ് റമീസിന്റെ മൊഴി. 12 തവണ ഇയാള്‍ക്ക് വേണ്ടി സ്വര്‍ണം കടത്തിയെന്നാണ് മൊഴിയിലുളളത്. ഈ ദാവൂദ് ആരാണ് എന്ന അന്വേഷണത്തിലാണ് അന്വേഷണ സംഘം.

കോഫേപോസ നടപ്പാക്കുന്നതിന്റെ ഭാഗമായി കോഫേപോസ ബോര്‍ഡിന് മുമ്ബാകെയാണ് റമീസിന്റെ ഈ മൊഴിപ്പക‌പ്പ് കസ്റ്റംസ് സമര്‍പ്പിച്ചിരിക്കുന്നത്. മൊഴിയുടെ പൂര്‍ണരൂപമല്ല മറിച്ച്‌ മൊഴിയുടെ വിശദാംശങ്ങളാണ് പ്രതികളെ കരുതല്‍ തടങ്കലിലാക്കാനായി ബോര്‍ഡിന് മുമ്ബാകെ സമര്‍പ്പിച്ചത്. 166 കിലോ ഗ്രാം സ്വര്‍ണം കടത്തിയെന്നാണ് എന്‍.ഐ.എ റിപ്പോര്‍ട്ടിലുളളത്. 21 തവണ കടത്തുകയും ഇരുപത്തിയൊന്നാമത്തെ തവണ പിടിക്കപ്പെടുകയുമായിരുന്നു.

30 കിലോ സ്വര്‍ണം ഒളിപ്പിച്ച പാഴ്സല്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ തടഞ്ഞുവച്ച വിവരം അറിഞ്ഞ റമീസ് അഭിഭാഷകന്റെ സാന്നിദ്ധ്യത്തില്‍ സന്ദീപിനെയും പി.എസ് സരിത്തിനേയും തിരുവനന്തപുരത്തെ രഹസ്യകേന്ദ്രത്തില്‍ കണ്ടതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. കസ്റ്റംസ് സ്വര്‍ണം പിടിച്ചാല്‍ സരിത്ത് കുറ്റം ഏല്‍ക്കണമെന്നും അതിനു പ്രതിഫലം നല്‍കാമെന്നും റമീസ് ഉറപ്പു നല്‍കി. പരമാവധി ശിക്ഷ ഒരു വര്‍ഷത്തെ കരുതല്‍ തടവാണെന്നും ഡല്‍ഹിയില്‍ സ്വാധീനം ചെലുത്തി ആറ് മാസം കഴിയുമ്ബോള്‍ പിഴയടച്ചു മോചനം ഉറപ്പാക്കാമെന്നും റമീസ് അറിയിച്ചു.

ഒരു ഘട്ടത്തിലും കൊടുവളളി ബന്ധവും തന്റെയും സന്ദീപിന്റെയും പേരും വെളിപ്പെടുത്തരുതെന്നും റമീസ് പറഞ്ഞു. തങ്ങള്‍ പുറത്തുണ്ടായാല്‍ മാത്രമേ പിഴയടച്ച്‌ കേസ് ഒതുക്കാന്‍ കഴിയൂ. അന്വേഷണ സംഘത്തിന്റെ സമ്മര്‍ദമുണ്ടായാലും ദുബായ് സ്വദേശി ദാവൂദ് അല്‍ അറബിയും മലയാളിയായ ഫൈസല്‍ ഫരീദുമാണു കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ സ്വര്‍ണം കടത്തുന്നതെന്നു മൊഴി നല്‍കാനും റമീസ് നിര്‍ബന്ധിച്ചതായി സരിത്തും സന്ദീപും മൊഴി നല്‍കി. തടഞ്ഞുവച്ച പാഴ്സല്‍ കസ്റ്റംസ് തുറന്നു പരിശോധിക്കും മുമ്ബ് റമീസ് പെരിന്തല്‍മണ്ണയിലേക്ക് മടങ്ങി. ജൂലായ് മൂന്നിന് രാത്രി സ്വപ്നയുടെ വീട്ടില്‍ ഒത്തുചേര്‍ന്ന സരിത്തും സന്ദീപും അറസ്റ്റിലായാല്‍ സത്യം തുറന്നു പറയാന്‍ തീരുമാനിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

prp

Leave a Reply

*