ഗര്‍ഭിണിയെയും മകനെയും കൊലപ്പെടുത്തിയ കേസിലെ പ്രതി ജീവനൊടുക്കാന്‍ ശ്രമിച്ചു

പാലക്കാട്: മലപ്പുറം കാടാമ്ബുഴയില്‍ ഗര്‍ഭിണിയെയും മകനെയും കൊലപ്പെടുത്തിയ കേസിലെ പ്രതി ജീവനൊടുക്കാന്‍ ശ്രമിച്ചു. കേസില്‍ ബുധനാഴ്ച ശിക്ഷ വിധിക്കാനിരിക്കെയാണ് പ്രതി വെട്ടിച്ചിറ ചാലിയത്തൊടി മുഹമ്മദ് ഷരീഫാ(42) ആത്മഹത്യക്ക് ശ്രമിച്ചത്. ബുധനാഴ്ച രാവിലെ പാലക്കാട് ജില്ലാ ജയിലില്‍വെച്ച്‌ കൈഞരമ്ബ് മുറിച്ചക്കുകയായിരുന്നു. ഇയാളെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ നേരത്തെയും ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. കാടാമ്ബുഴ തുവ്വപ്പാറ വലിയപീടിയേക്കല്‍ ഉമ്മുസല്‍മ (26), മകന്‍ മുഹമ്മദ് ദില്‍ഷാദ് (ഏഴ്) എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ പ്രതി മുഹമ്മദ് ഷരീഫ് കുറ്റക്കാരനാണെന്ന് മഞ്ചേരി അഡീഷണല്‍ സെഷന്‍സ് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ശിക്ഷ വിധിക്കുന്നതിനായി കേസ് ബുധനാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. 2017-ജൂണിലായിരുന്നു കേസിനാസ്പദമായ സംഭവം. കരാറുകാരനായ പ്രതി വീടുപണിക്ക് വന്നപ്പോഴാണ് ഭര്‍ത്താവുമായി പിരിഞ്ഞ് വീട്ടില്‍ കഴിയുകയായിരുന്ന ഉമ്മുസല്‍മയെ പരിചയപ്പെടുന്നത്. പിന്നീട് ഇവര്‍ അടുപ്പത്തിലായി. ഉമ്മുസല്‍മ ഗര്‍ഭിണിയാകുകയും പ്രസവശേഷം ഷരീഫിനൊപ്പം താമസിക്കണമെന്ന് നിര്‍ബന്ധം പിടിക്കുകയുംചെയ്തു. ഭാര്യയും മക്കളുമുള്ള ഷരീഫ് തന്റെ രഹസ്യബന്ധം പുറത്തറിയാതിരിക്കാന്‍ ആസൂത്രിതമായി കൊലപാതകം നടത്തിയെന്നാണു കേസ്.

കൊലപാതകം, കൊല്ലണമെന്ന ലക്ഷ്യത്തോടെ വീട്ടില്‍ അതിക്രമിച്ചുകയറല്‍, ഗര്‍ഭസ്ഥശിശുവിനെ കൊല്ലണമെന്ന ലക്ഷ്യത്തോടെയുള്ള കുറ്റകൃത്യം എന്നീ വകുപ്പുകളാണ് പ്രതിയുടെ പേരില്‍ ചുമത്തിയിരുന്നത്. ഇവയെല്ലാം പ്രോസിക്യൂഷന് കോടതി മുമ്ബാകെ തെളിയിക്കാനായി. ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ കല്‍പ്പകഞ്ചേരി പോലീസ് ശേഖരിച്ച സാഹചര്യത്തെളിവുകളും ശാസ്ത്രീയ കണ്ടെത്തലുകളുമാണ് നിര്‍ണായകമായത്.വളാഞ്ചേരി സി.ഐ. കെ.എ. സുലൈമാന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ. സി. വാസുവാണ് ഹാജരായത്.

prp

Leave a Reply

*