കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ കോടതിയുടെ സ്റ്റേ ബാധകമല്ലാത്ത കടകള്‍ ഒഴിപ്പിക്കുന്നു. എറണാകുളം സബ്കളക്ടറുടെ നേതൃത്വത്തിലാണ് ഒഴിപ്പിക്കല്‍ നടപടികള്‍ പുരോഗമിക്കുന്നത്. കടകളൊഴിഞ്ഞു പോകണമെന്ന് കച്ചവടക്കാര്‍ക്ക് ഒരാഴ്ച മുമ്പ് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, വഴിയോര കച്ചവടക്കാര്‍ക്കായുള്ള സര്‍ക്കാരിന്‍റെ പദ്ധതി വരുന്നതു വരെ തുടരാന്‍ അനുവദിക്കണമെന്നാണ് കച്ചവടക്കാരുടെ ആവശ്യം.
വഴിയോര കച്ചവടക്കാരുടെ കേന്ദ്രങ്ങള്‍ ഒഴിപ്പിക്കുന്നതിനിടെ ഇന്ന് രാവിലെ പോലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. സംഘര്‍ഷത്തില്‍ പോലീസുകാരനുള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഫോര്‍ട്ട് കൊച്ചി പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ആദര്‍ശ്, കടക്കാരന്‍ ഷെബീര്‍, സിപിഎം ലോക്കല്‍ സെക്രട്ടറി മുഹമ്മദ് അബാസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
അതേസമയം, എല്ലാ വര്‍ഷവും ഈ ഒഴിപ്പിക്കല്‍ നാടകം നടക്കുന്നതാണെന്നും എന്നാല്‍ പ്രശ്നത്തിന് ശാശ്വതമായ പരിഹാരം ഉണ്ടാകുന്നില്ലെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.

