തീരത്ത് കുടുങ്ങിയ 40 ഡോള്‍ഫിനുകള്‍ക്ക് രക്ഷകരായി സൗദി വന്യജീവി വികസന കേന്ദ്രം

യാംബു: കൊടുങ്കാറ്റും തിരമാലകളും മൂലം ഉംലജ് കടല്‍ തീരത്ത് കുടുങ്ങിയ 40 ഡോള്‍ഫിനുകള്‍ക്ക് രക്ഷകരായി ദേശീയ വന്യജീവി വികസന കേന്ദ്രം. കഴിഞ്ഞ ദിവസത്തെ കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നുണ്ടായ വേലിയേറ്റത്തില്‍ ഉംലജിന്‍റെ ആഴം കുറഞ്ഞ കടല്‍ ഭാഗത്തിനടുത്തുള്ള കണ്ടല്‍ കാടുകളിലാണ് ഡോള്‍ഫിനുകള്‍ കുടുങ്ങിയ വിവരം പ്രദേശത്തുള്ളവര്‍ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തെ അറിയിച്ചത്. വിവരമറിഞ്ഞാണ് മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ വന്യജീവി വികസന കേന്ദ്രത്തിലെ സംയുക്ത ശാസ്ത്ര സംഘം പരിശോധനക്കായി സ്ഥലത്തെത്തിയത്.

വെള്ളത്തിലേക്കിറങ്ങാന്‍ കഴിയാതെ കണ്ടല്‍ കാടുകളില്‍ കുടുങ്ങിയ ഡോള്‍ഫിനുകളെ സംഘം പരിശോധന നടത്തി. ഡോള്‍ഫിനുകളില്‍ ഏഴെണ്ണത്തിന്‍റെ ജീവന്‍ നഷ്​ടപ്പെട്ടിരുന്നു. മറ്റുള്ളവയെ ആവശ്യമായ പരിചരണം നല്‍കി സുരക്ഷിതമായി കടലിലേക്ക് തന്നെ തിരികെ വിട്ടു.മനുഷ്യരോട് ഇണക്കമുള്ള സസ്തനിയായ ഡോള്‍ഫിന്‍ ബുദ്ധി ശാലികളും സമൂഹജീവികളുമാണ്. 25 മുതല്‍ 32 കി.മീ വരെ വേഗത്തില്‍ ജലത്തില്‍ നീന്താന്‍ കഴിയുമെന്നതും ഇവയുടെ പ്രത്യേകതയാണ് .

ചെങ്കടലുകളില്‍ ധാരാളം കാണപ്പെടുന്ന ഡോള്‍ഫിനുകള്‍ വംശ നാശ ഭീഷണി നേരിടുന്നുണ്ടെന്ന് ചില പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ഡോള്‍ഫിനുകളെ കൊല്ലുന്നത് നിയമംമൂലം നിരോധിച്ചിട്ടുണ്ടെങ്കിലും ഓരോ വര്‍ഷവും നിരവധി ഡോള്‍ഫിനുകള്‍ മത്സ്യം പിടിക്കുന്ന വലകളില്‍ കുടുങ്ങി കൊല്ലപ്പെടാറുണ്ട്.

prp

Leave a Reply

*