ദിലീപിനുവേണ്ടി ഉന്നതതല രാഷ്ട്രീയ ഇടപെടല്‍, കേസ് അട്ടിമറിക്കാന്‍ ശ്രമം; ആക്രമിക്കപ്പെട്ട നടി ഹൈകോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനുവേണ്ടി ഉന്നതതല രാഷ്ട്രീയ ഇടപെടല്‍ നടക്കുന്നുണ്ടെന്നും കേസ് അട്ടിമറിക്കാന്‍ ശ്രമമുണ്ടെന്നും ചൂണ്ടിക്കാട്ടി ആക്രമിക്കപ്പെട്ട നടി ഹൈകോടതിയെ സമീപിച്ചു.

ദിലീപ് തെളിവ് നശിപ്പിച്ചെന്നും സാക്ഷികളെ സ്വാധീനിച്ചുവെന്നും ഹരജിയില്‍ ആരോപിക്കുന്നുണ്ട്. തുടരന്വേഷണ റിപ്പോര്‍ട്ട് വേഗത്തില്‍ സമര്‍പ്പിക്കരുതെന്നും കൃത്യമായ അന്വേഷണം നടത്തി മാത്രമേ റിപ്പോര്‍ട്ട് നല്‍കാവൂയെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കേസിലെ തുടരന്വേഷണം മേയ് 31നകം പൂര്‍ത്തീകരിച്ച്‌ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കോടതിയുടെ നിര്‍ദേശം. ഇതിനിടെയാണ് കേസ് അട്ടിമറിക്കാന്‍ നീക്കമുണ്ടായെന്ന് ആരോപിച്ച്‌ നടി ഹൈകോടതിയെ സമീപിച്ചിരിക്കുന്നത്. കേസിന്റെ തുടക്കത്തില്‍ നീതിപൂര്‍വമായ അന്വേഷണമുണ്ടായെന്നും ദിലീപിന്റെ അഭിഭാഷകരെ അടക്കം ചോദ്യം ചെയ്യേണ്ട ഘട്ടമെത്തിയപ്പോഴാണ് ഉന്നതതല ഇടപെടലുണ്ടായതെന്നും ഹരജിയില്‍ പറയുന്നു. ഇതുവരെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തുനിന്ന് അഭിഭാഷകരെ ചോദ്യംചെയ്യാനുള്ള അനുമതി ലഭിച്ചിട്ടില്ല. ക്രൈംബ്രാഞ്ച് മേധാവി മാറിയതോടെ അന്വേഷണം മരവിച്ചിരിക്കുകയാണെന്നും ഹരജിയിലുണ്ട്.

കേസില്‍ ഉന്നതതല രാഷ്ട്രീയ ഇടപെടലുണ്ടായതിനാല്‍ വേഗത്തില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കരുത്. ഇനിയും ബാക്കിയുള്ള തെളിവുകള്‍ പരിശോധിച്ച്‌ കൃത്യമായ അന്വേഷണം നടത്തിയ ശേഷമേ റിപ്പോര്‍ട്ട് സമര്‍പ്പിക്കാവൂ എന്ന നിര്‍ദേശം പുറപ്പെടുവിക്കണമെന്നാണ് നടി ആവശ്യമുന്നയിച്ചിരിക്കുന്നത്.

prp

Leave a Reply

*