ദേവ്ദത്ത് പടിക്കലിന് കേരളത്തിനെതിരെ വീണ്ടും സെഞ്ച്വറി; ഇനി മുന്നില്‍ വിരാട് കോഹ്ലി മാത്രം

ന്യൂഡല്‍ഹി: സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനായാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി അറിയപ്പെടുന്നത്. ഇപ്പോഴിതാ, വിരാട് കോഹ്ലിയെ മറികടക്കാന്‍ ഒരുങ്ങുകയാണ് മലയാളി കൂടിയായ കര്‍ണാടകയുടെ ദേവ്ദത്ത് പടിക്കല്‍. വിജയ് ഹസാരെ ട്രോഫി ഏകദിനത്തില്‍ ഒരു സീസണില്‍ ഏറ്റവും അധികം സെഞ്ച്വറി നേടുന്ന താരമെന്ന വിരാട് കോഹ്ലിയുടെ റെക്കോര്‍ഡിനൊപ്പമെത്തിയിരിക്കുകയാണ് ദേവ്ദത്ത് പടിക്കല്‍.

ജന്മനാടായ കേരളത്തിനെതിരെ ക്വാര്‍ട്ടറില്‍ സെഞ്ച്വറി നേടിക്കൊണ്ടാണ് ദേവ്ദത്ത് ചരിത്ര നേട്ടത്തിനരികില്‍ എത്തിയത്. കര്‍ണാടക ഓപ്പണറായ ദേവ്ദത്ത് ടൂര്‍ണമെന്റിലെ നാലാം സെഞ്ച്വറിയാണ് ഇന്ന് കേരളത്തിനെതിരെ നേടിയത്. കേരളത്തിനെതിരേ 119 പന്തുകള്‍ നേരിട്ട് 10 ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 101 റണ്‍സാണ് ദേവ്ദത്ത് നേടിയത്. 2008-09 സീസണിലെ വിജയ് ഹസാരെ ട്രോഫിയിലാണ് വിരാട് കോലി നാല് സെഞ്ച്വറി നേടിയത്. കേരളത്തിനെതിരായ ക്വാര്‍ട്ടറില്‍ ജയിക്കാനായാല്‍ ടൂര്‍ണമെന്‍റില്‍ കര്‍ണാടകത്തിന് ഇനിയും മത്സരങ്ങള്‍ ലഭിക്കും. ഇതില്‍ ഒരു സെഞ്ച്വറി കൂടി നേടി കോഹ്ലിയെ മറികടക്കാമെന്ന ചരിത്ര നേട്ടമാണ് ദേവ്ദത്ത് പടിക്കലിനെ കാത്തിരിക്കുന്നത്.

ദേവ്ദത്ത് ആറു മത്സരത്തില്‍ നിന്ന് നാല് സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെ 673 റണ്‍സാണ് ഇതിനോടകം അടിച്ചെടുത്തത്. 61 ഫോറും 20 സിക്‌സും ദേവ്ദത്ത് ഇതിനോടകം അക്കൗണ്ടിലാക്കി കഴിഞ്ഞു. മറ്റുള്ളവരേക്കാള്‍ ഏറെ മുന്നിലുള്ള ദേവ്ദത്ത് തന്നെ ഇത്തവണത്തെ വിജയ് ഹസാരെ ട്രോഫിയിലെ ടോപ് സ്‌കോററാകാനും ഇടയുണ്ട്. ദുബായിലും അബുദാബിയിലുമായി നടന്ന 2020 സീസണിലെ ഐ പി എല്ലില്‍ ആര്‍ സി ബിയുടെ ടോപ് സ്‌കോററായിരുന്നു ദേവ്ദത്ത്.

അടുത്ത മാസം തുടങ്ങുന്ന ഐ പി എല്ലില്‍ ഇത്തവണയും ഇടം കൈയന്‍ ഓപ്പണറായ മലയാളി താരം ആര്‍ സി ബിക്കുവേണ്ടി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുമെന്നാണ് കരുതുന്നത്. ഈ സീസണിലും ഐപിഎല്ലില്‍ തിളങ്ങാനായാല്‍, ദേവ്ദത്തിന് ഇന്ത്യന്‍ ടീമില്‍ ഇടംനേടാന്‍ എളുപ്പമാകും. ഐപിഎല്ലില്‍ ഉള്‍പ്പടെ വിരാട് കോഹ്ലിയുടെ ഉറച്ച പിന്തുണ കിട്ടുന്നത് മലയാളി താരത്തിന് അനുകൂലമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

വിജയ് ഹസാരെ ട്രോഫിയുടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ടോസ് നേടിയ കേരളം കര്‍ണാടകയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 50 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 338 എന്ന വമ്ബന്‍ വിജയ ലക്ഷ്യമാണ് കര്‍ണാടക കേരളത്തിന് മുന്നില്‍ വെച്ചത്. ക്യാപ്റ്റന്‍ രവികുമാര്‍ സമര്‍ത്ഥ് (158 പന്തില്‍ 192) കര്‍ണാടക നിരയിലെ ടോപ് സ്‌കോററായി. എട്ടു റണ്‍സ് അകലെ ഇരട്ട സെഞ്ച്വറി നഷ്ടമായെങ്കിലും ഓപ്പണറായി ദേവ്ദത്തിനൊപ്പം ഇറങ്ങിയ സമര്‍ത്ഥ് 22 ഫോറും മൂന്ന് സിക്‌സും പറത്തി മികച്ച ഇന്നിംഗ്സാണ് പുറത്തെടുത്തത്. ഓപ്പണിങ് വിക്കറ്റില്‍ 249 റണ്‍സാണ് സമര്‍ത്ഥും ദേവ്ദത്തും ചേര്‍ന്ന് കര്‍ണാടകയ്ക്കു വേണ്ടി അടിച്ചെടുത്തത്. കേരളത്തിനു വേണ്ടി എന്‍പി ബേസിലാണ് മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. ശ്രീശാന്ത് 10 ഓവറില്‍ 73 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റ് നേടാനായില്ല. പരിക്കേറ്റ സഞ്ജു സാംസണ്‍ ഇന്നു കളിക്കാത്തതും കേരളത്തിന് തിരിച്ചടിയാണ്.

prp

Leave a Reply

*