കോവിഡ്​ വ്യാപനം: ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ കേരളവും കടുത്ത നടപടികളിലേക്ക്, നാളെ അവലോകന യോഗം

തിരുവനന്തപുരം: രണ്ടാംതരംഗം പൂര്‍ണമായും വിട്ടൊഴിയുംമുമ്ബ്​ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മറ്റ്​ സംസ്ഥാനങ്ങള്‍ക്ക് സമാനമായി കേരളവും ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ കടുത്ത നടപടികളിലേക്ക്.

ജനുവരിയില്‍ ഇതുവരെ രോഗവ്യാപനത്തിലുണ്ടായ വര്‍ധനയാണ് ഇതിന് കാരണം.

രോഗസ്ഥിരീകരണ നിരക്ക്​ (ടി.പി.ആര്‍) ഞായറാഴ്ച 11 ശതമാനം കടന്നു. പരിശോധന കുറവാണെങ്കിലും രോഗികളുടെ എണ്ണം പെരുകുന്ന അപകടരമായ സ്ഥിതിയാണിപ്പോള്‍. ഇക്കാര്യം ആരോഗ്യവകുപ്പ്​ ഗൗരവമായാണ്​ കാണുന്നത്​. സമൂഹത്തില്‍ ഒമിക്രോണിന്‍റെ സാന്നിധ്യം ശക്തമാണെന്ന വിലയിരുത്തലിലാണ് ആരോഗ്യവിദഗ്​ധര്‍.

കഴിഞ്ഞ ആഴ്ചമുതല്‍ അടച്ചിട്ട മുറിയില്‍ 75 പേര്‍ക്കും തുറസ്സായ സ്ഥലങ്ങളില്‍ 150 പേര്‍ക്കും പ്രവേശനം അനുവദിച്ച്‌ ഉത്തരവായെങ്കിലും അത് ഇനിയും നടപ്പായിട്ടില്ല. സര്‍ക്കാര്‍ പരിപാടികളില്‍ ഉള്‍പ്പെടെ അത് ലംഘിക്കുന്ന സ്ഥിതിയുണ്ട്​. എന്നാല്‍, രോഗികളുടെ എണ്ണം പ്രതിദിനം കുതിക്കുന്ന സാഹചര്യത്തില്‍ ചികിത്സ സംവിധാനങ്ങള്‍ക്ക് വെല്ലുവിളിയാകാതിരിക്കാനാണ് നിയന്ത്രണങ്ങള്‍ അനിവാര്യമാകുന്നത്.

ടി.പി.ആര്‍ 11 ശതമാനം കടന്നതോടെ തിങ്കളാഴ്ച നടക്കുന്ന കോവിഡ് അവലോകന യോഗം നിയന്ത്രണങ്ങള്‍ സംബന്ധിച്ച്‌​ തീരുമാനം കൈക്കൊള്ളും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച രാവിലെ 11.30ന്​ ഓണ്‍ലൈനായാണ്​ അവലോകനയോഗം ചേരുക. ഗുരുതരാവസ്ഥയില്‍ എത്തുന്നവര്‍ കുറവാണെങ്കിലും രോഗികള്‍ കുത്തനെ ഉയര്‍ന്നാല്‍ അതിന് ആനുപാതികമായി മരണസംഖ്യ ഉയരും. ഇത് തടയാന്‍ നിയന്ത്രണം കൂടിയേ തീരൂ എന്നാണ്​ വിലയിരുത്തല്‍. ​

മാസ്‌ക്, സാനിറ്റൈസര്‍ ഉപയോഗം, ആള്‍ക്കൂട്ടം ഒഴിവാക്കല്‍ എന്നിവ ഉറപ്പാക്കാന്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെ വീണ്ടും വിന്യസിച്ചേക്കും. തമിഴ്നാടും കര്‍ണാടകവും രോഗവ്യാപനം പിടിച്ചുനിര്‍ത്താനുള്ള ശ്രമത്തിലാണിപ്പോള്‍. പൊങ്കല്‍ കഴിയുന്നത് വരെ തമിഴ്നാട്ടില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വാരാന്ത്യ, രാത്രികാല കര്‍ഫ്യൂ, സ്‌കൂളുകളുടെയും ഓഫിസുകളുടെയും പ്രവര്‍ത്തനം നിയന്ത്രണം, ഓഫിസുകളില്‍ 50 ശതമാനം പേര്‍ക്ക് വര്‍ക്ക് ഫ്രം ഹോം, ആഘോഷങ്ങളും ഒത്തുചേരലുകളും ഒഴിവാക്കല്‍ തുടങ്ങിയ നിയന്ത്രണങ്ങള്‍ക്കുള്ള സാധ്യതയും ചര്‍ച്ചചെയ്യും. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ കൂടി തീരുമാനമനുസരിച്ചാവും സംസ്ഥാനങ്ങള്‍ കടുത്ത നിയന്ത്രണങ്ങളിലേക്ക്​ കടക്കുക.

prp

Leave a Reply

*