ഓക്‌സ്ഫഡ് കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തിന് കേന്ദ്രാനുമതി

ന്യൂഡല്‍ഹി| ഓക്‌സ്ഫഡ് സര്‍വകലാശാലയും ബ്രിട്ടീഷ് വാക്‌സിന്‍ കമ്ബനിയായ ആസ്ട്രസെനക്കയും ചേര്‍ന്ന് വികസിപ്പിക്കുന്ന കൊവിഡ് വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണം ഇന്ത്യയില്‍ നടത്താന്‍ ഡി സി ജി ഐ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യക്ക് (എസ് ഐ ഐ) അനുമതി നല്‍കി. വാക്‌സിന്റെ രണ്ട്, മൂന്ന് ഘട്ട ക്ലിനിക്കല്‍ പരീക്ഷണമാണ് ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കുക. ഇതിന് അനുമതി തേടി സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ജൂലൈ 25ന് ഡി സി ജി ഐക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നു. കൊവിഡ് പ്രതിരോധ വാക്‌സിന്‍ ഗവേഷണത്തില്‍ ഏറ്റവും മുന്നിലുള്ള ഈ ഉത്പന്നം ഒന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തില്‍ വിജയിച്ചിരുന്നു.

പുണെ ആസ്ഥാനായ വന്‍കിട വാക്‌സിന്‍ നിര്‍മാതാവായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുമായി സഹകരിച്ച്‌ ഇതിനോടകം വന്‍തോതില്‍ പരീക്ഷണ വാക്‌സിന്‍ നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. ഇതിനു പിന്നാലെ ഇന്നലെ രാത്രിയാണ് ഡി ജി സി ഐ വാക്‌സിന്‍ പരീക്ഷണത്തിന് അനുമതി നല്‍കിയത്. ഡി സി ജി ഐ മേധാവി ഡോ. വി ജി സോമനി വാക്‌സിന്‍ പരീക്ഷണവുമായി മുന്നോട്ടു പോകാന്‍ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിയെന്നാണ് പി ടി ഐ റിപ്പോര്‍ട്ട്. കൊവിഡ് 19 വിദഗ്ധ സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് അനുമതി. മുന്‍പ് സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനും വാക്‌സിന്‍ പരീക്ഷണത്തിന് അനുമതി നല്‍കിയിരുന്നു. ജൂലൈ 28ന് എസ് ഇ സി അപേക്ഷ സമര്‍പ്പിച്ചതിനെ തുടര്‍ന്ന് ബുധനാഴ്ച എസ് ഐ ഐ പുതുക്കിയ നിര്‍ദേശ സമര്‍പ്പിച്ചതായി അധികൃതര്‍ അറിയിച്ചു. ചില അധിക വിവരങ്ങള്‍ തേടുന്നതിനൊപ്പം രണ്ട് മൂന്ന് ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കായുള്ള പ്രോട്ടോക്കോള്‍ പരിഷ്‌കരിക്കാനും ആവശ്യപ്പെട്ടു. നിലവില്‍ ഇതിന്റെ രണ്ട്, മൂന്ന് ഘട്ട പരീക്ഷണങ്ങള്‍ യു കെയിലും മൂന്നാം ഘട്ടം ബ്രസീലിലും ഒന്ന്, രണ്ട് ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ദക്ഷിണാഫ്രിക്കയിലും നടക്കുന്നുണ്ട്.

വാക്‌സിന്‍ ഗവേഷണത്തില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും നാലാഴ്ചത്തെ ഇടവേളയില്‍ രണ്ട് ഡോസ് വാക്‌സിനായിരിക്കും നല്‍കുകയെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വാക്‌സിന്റെ സുരക്ഷയും കൊവിഡിനെതിരെ ശരീരത്തില്‍ രൂപപ്പെടുന്ന പ്രതിരോധ ശേഷിയുമാണ് പരീക്ഷണത്തിലൂടെ പഠിക്കുന്നത്. രാജ്യത്തെ 17 കേന്ദ്രങ്ങളിലായി 18 വയസ്സിന് മുകളിലുള്ള 1,600 പേരില്‍ പരീക്ഷണ വാക്‌സിന്‍ കുത്തിവെക്കുമെന്നാണ് റിപ്പോര്‍ട്ട്.

prp

Leave a Reply

*