അതിജീവനം: കൊറോണ വൈറസിനെ തുന്നിത്തോല്‍പ്പിക്കുകയാണ് ഈ സ്ത്രീകള്‍

തളര്‍ച്ചയുടെ നൂലിഴകള്‍ തുന്നിക്കൂട്ടിയ അതിജീവന യാത്രയാണ് കോവിഡ് കാലത്ത് ഈ സ്ത്രീകളുടെ ജീവിതം. തൊഴില്‍ നഷ്ടപ്പെടുമെന്ന ആശങ്കയില്‍ നിന്ന് കാലത്തിനനുസരിച്ച മാറ്റത്തിലൂടെ അവര്‍ ജീവിതം തിരിച്ചു പിടിച്ചു.

‘യൂണിഫോം തുന്നുന്ന യൂണിറ്റായിരുന്നു. സ്‌കൂളുകളടച്ചതോടെ ജോലിയെല്ലാം മുടങ്ങി. ആകെ ബുദ്ധിമുട്ടിയ നേരത്ത് വേറൊന്നും ആലോചിച്ചില്ല, മാസ്‌ക് തയ്ച്ചുതുടങ്ങി. തമിഴ്‌നാട്ടില്‍നിന്നുള്ള സ്ത്രീകളാണ് കൂടെ ജോലി ചെയ്യുന്നത്. കോവിഡ് കാലത്ത് മറ്റു ജോലികള്‍ക്ക് പോകാന്‍ പറ്റാതായവര്‍. ഈ 20 സ്ത്രീകളുടേയും ജീവിതം ഇവിടെ സുരക്ഷിതമാക്കാനായി. ലാഭകരമായി യൂണിറ്റ് നടത്താനും സാധിക്കുന്നു.’ – ജീന്‍ ഷിബിയുടെ വാക്കുകളില്‍ ആത്മവിശ്വാസം.

ലോക്ഡൗണില്‍ പൂട്ടലിന്റെ വക്കിലായിരുന്നു ചെറുകിട തയ്യല്‍ യൂണിറ്റുകള്‍. ആവശ്യക്കാരില്ലാതായതും പതിവ് ഓര്‍ഡറുകള്‍ പോയതും അവരെ തകര്‍ത്തു. എന്നാല്‍, കൊറോണക്കാലത്തെ തുന്നിത്തോല്‍പ്പിച്ചതിന്റെ കഥ പറയുകയാണ് ഇവര്‍.

പച്ചാളത്തെ ഷിബിയുടെ തയ്യല്‍ യൂണിറ്റില്‍ 20 സ്ത്രീകള്‍ ജോലിയെടുക്കുന്നു. ദിവസം 2000 മുതല്‍ 3000 വരെ മാസ്‌കുകളും 800 പി.പി.ഇ. കിറ്റുകളും ഇവിടെ തയ്യാറാക്കുന്നു. സര്‍ജിക്കല്‍ ഗൗണുകളും തയ്ക്കുന്നുണ്ട്.

കൂട്ടായ്മയാണ് വിജയം

മുന്‍പ് ചുരിദാറും ബ്ലൗസുമൊക്കെ തയ്ക്കുന്ന ചെറിയ കടയായിരുന്നു കടുത്തുരുത്തിയില്‍ അജിതയ്ക്കും അഞ്ജുവിനും.

തയ്യല്‍ കുറഞ്ഞതോടെ തുണി സഞ്ചിയിലേക്ക് മാറ്റിപ്പിടിച്ചു. അതൊന്ന് പച്ചപിടിക്കും മുന്‍പ് ലോക്ഡൗണ്‍ വന്നു. ചെയ്തുെവച്ച ഓര്‍ഡറുകള്‍ പോലും എടുക്കാന്‍ ആളില്ലാതായി. അപ്പോഴാണ് പി.പി.ഇ. കിറ്റിലേക്ക് തയ്യല്‍ മാറ്റിയത്.

‘ഇപ്പോള്‍ ഞങ്ങളുടെ കൂട്ടായ്മയില്‍ 50 യൂണിറ്റുകളിലായി മുന്നൂറു പേര്‍ കിറ്റ് തയ്ക്കുന്നു. നാലു മെഷീനില്‍ തുടങ്ങിയത് 18 മെഷീനായി. 2000-2500 എണ്ണം ദിവസവും തയ്ക്കും. 18 രൂപ മുതല്‍ 28 രൂപ വരെ ഒരു കിറ്റിന് ലഭിക്കും’ അജിത സജിമോനും അഞ്ജു വിജയനും തങ്ങളുടെ ചെറിയ സംരംഭം വളരുന്നതിന്റെ സന്തോഷത്തിലാണ്

ലാഭമുള്ള തൊഴില്‍

തയ്യല്‍ മെഷീന്‍ വില്‍പ്പനയും സര്‍വീസും ചെയ്യുന്ന കടയായിരുന്നു പിറവത്ത് ശ്രീലതയുടേത്. എല്ലാം ഡൗണ്‍ ആയപ്പോള്‍ പി.പി.ഇ. ഗൗണുണ്ടാക്കുന്ന യൂണിറ്റ് തുടങ്ങി. ദിവസം 300 എണ്ണം ഉണ്ടാക്കും. 10 മുതല്‍ 35 രൂപ വരെ ഒന്നില്‍നിന്ന് ലഭിക്കും. 25 ജോലിക്കാരുണ്ട്.

‘ചിന്നമ്മ ജോയി എന്ന എന്റെ കൂട്ടുകാരിയും ഞാനും ചേര്‍ന്നാണ് നടത്തിപ്പ്. ലാമിനേറ്റഡ് ആയതും അല്ലാത്തതുമായ മെറ്റീരിയലില്‍ ഷൂസും തൊപ്പിയുമടങ്ങിയ കിറ്റുകള്‍ തയ്യാറാക്കി നല്‍കുന്നുണ്ട്.’ ശ്രീലത ബിസിനസ് രീതികള്‍ സന്തോഷത്തോടെ പറയുന്നു.

prp

Leave a Reply

*