കൊറോണ ബാധിച്ച്‌ ചൈനയില്‍ മരണം 1765 ആയി; രോഗ ബാധ കുറയുന്നെന്ന് ചൈന; ജപ്പാന്‍ തീരത്ത് പിടിച്ചിട്ട കപ്പലിലെ രണ്ട് ഇന്ത്യക്കാര്‍ക്ക് കൂടി രോഗബാധ

ബീജിങ്/ ടോക്യോ: കൊറോണ ബാധിച്ച്‌ ചൈനയില്‍ മാത്രം മരിച്ചവരുടെ എണ്ണം 1765 ആയി ഉയര്‍ന്നു. രോഗബാധ കടുത്ത ഹുബെ പ്രവിശ്യയില്‍ 100 പേരാണ് ഇന്നലെ മരിച്ചത്. എന്നാല്‍ രോഗബാധ കുറയുന്നുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിശദീകരണം.

തുടര്‍ച്ചയായ മൂന്നാംദിവസവും വൈറസ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുറഞ്ഞത് സ്ഥിതിഗതികള്‍ നിയന്ത്രണത്തില്‍ ആവുന്നതിന്റെ സൂചനയാണെന്നാണ് ചൈനീസ് ആരോഗ്യ മന്ത്രാലയം അവകാശപ്പെട്ടു. ശനിയാഴ്ച 2641 കേസുകളും, ഞായറാഴ്ച 2009 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ചൈനയില്‍ മൊത്തം 68,500 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തിലും കുറവുണ്ടായതായാണ് ചൈനീസ് സ്റ്റേറ്റ് കൗണ്‍സിലിന്റെ വിശദീകരണം.

ഇതിനിടെ, ജപ്പാന്‍ തീരത്ത് പിടിച്ചിട്ടിരിക്കുന്ന ഡയമണ്ട് പ്രിന്‍സസ് എന്ന ആഡംബര കപ്പലിലെ രണ്ട് ഇന്ത്യക്കാര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ (കോവിഡ്-19) സ്ഥിരീകരിച്ചു. ഇതോടെ കപ്പലില്‍ കൊറോണ ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം അഞ്ചായി ഉയര്‍ന്നു. രോഗം സ്ഥിരീകരിച്ച എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഇന്ത്യന്‍ എംബസി അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം കപ്പലിലെ അഞ്ച് ഇന്ത്യക്കാരടക്കം 355 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതല്‍ പരിശോധനകള്‍ ജാപ്പനീസ് ആരോഗ്യവകുപ്പ് നടത്തിവരുകയാണ്.

prp

Leave a Reply

*