കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത് ശക്തമായ മുന്നേറ്റത്തിന്; ജിഗ്നേഷിനും കനയ്യക്കും പിന്നാലെ ചന്ദ്രശേഖര്‍ ആസാദും കോണ്‍ഗ്രസിലേക്കോ? കരുനീക്കങ്ങള്‍ രഹസ്യമാക്കി രാഹുലും കെ സിയും

ന്യൂഡെല്‍ഹി: ( 29.09.2021) ജെഎന്‍യു മുന്‍ വിദ്യാര്‍ഥി നേതാവും സിപിഐയുടെ ദേശീയ എക്സിക്യൂടീവ് അംഗവും യുവാക്കളുടെ ആവേശവുമായ കനയ്യ കുമാറിനും ഗുജറാതിലെ ദളിത് നേതാവ് ജിഗ്നേഷ് മേവാനിയ്ക്കും പിന്നാലെ യുപിയിലെ ദളിത് പ്രക്ഷോഭകരില്‍ പ്രധാനിയായ ചന്ദ്രശേഖര്‍ ആസാദും കോണ്‍ഗ്രസിലെത്തുമോ?. അഭ്യൂഹങ്ങള്‍ക്ക് മറുപടി നല്‍കാതെ എല്ലാം രഹസ്യമാക്കി വെക്കുകയാണ് കോണ്‍ഗ്രസ് ഹൈകമാന്‍ഡ്. യു പിയില്‍ ഏറ്റവും ബഹുജന പിന്തുണയുള്ള നേതാക്കളില്‍ ഒരാളാണ് ചന്ദ്രശേഖര്‍ ആസാദ്. കനയ്യയും മേവാനിയും വരുന്ന വഴി രഹസ്യമായി ആസൂത്രണം ചെയ്ത രീതി തന്നെയാണ് ഇവിടെയും അനുവര്‍ത്തിക്കുന്നത്.

രാജ്യത്തുടനീളം യുവാക്കളെയും പുരോഗമന ചിന്താഗതിക്കാരെയും ത്രസിപ്പിച്ച കനയ്യകുമാര്‍ മോദി സര്‍കാരിന്റെയും ബിജെപിയുടെയും കണ്ണിലെ കരടായിരുന്നു. കോണ്‍ഗ്രസിന് മാത്രമേ ബി ജെ പിക്ക് എതിരായ പ്രതിപക്ഷ ശബ്ദമായി മാറാന്‍ കഴിയു എന്നും ഇതിനായി യോജിക്കണമെന്നുമുള്ള രാഹുല്‍ഗാന്ധിയുടെ ആഹ്വാനമാണ് ഇരുവര്‍ക്കും പ്രചോദനമായത്. ബി ജെ പി യുടെ വര്‍ഗീയ പ്രീണനത്തിനെതിരെ പോരാടാന്‍ സി പി ഐയേക്കാള്‍ മികച്ചത് രാജ്യവ്യാപകമായി വേരുകളുള്ള കോണ്‍ഗ്രസാണെന്ന് കനയ്യയെ ബോധ്യപ്പെടുത്തി. തുടര്‍ന്നുള്ള കരുക്കള്‍ നീക്കാന്‍ ഏല്പിച്ചത് രാഹുലിന്റെ വിശ്വസ്തനും സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രടറിയുമായ കെ സി വേണുഗോപാലിനെയാണ്.

സമാന അവസ്ഥയിലായിരുന്നു ഗുജറാതില്‍ നിന്നുള്ള ദളിത് നേതാവും എംഎല്‍എയുമായ ജിഗ്നേഷ് മേവാനിയും. കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസുമായി സഹകരിച്ചാണ് മത്സരിച്ചു ജയിച്ചതെങ്കിലും സ്വതന്ത്രാംഗം എന്ന നിലയിലാണ് ജിഗ്നേഷ് പ്രവര്‍ത്തിച്ചത്. കോണ്‍ഗ്രസ് പോലൊരു വിശാലമായ പ്ലാറ്റ്ഫോമിലെത്തിയാല്‍ ബിജെപിക്കെതിരായ പോരാട്ടം കനപ്പിക്കാമെന്ന് അദ്ദേഹത്തെയും ബോധ്യപ്പെടുത്തുന്നതില്‍ വിജയിച്ചത് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ തന്ത്രപൂര്‍വമായ കരുനീക്കങ്ങളാണ്.

അതീവ രഹസ്യമായി മൂന്നു മാസത്തിലേറെ നീണ്ട ആസൂത്രണമാണ് അണിയറയില്‍ നടന്നത്. വിരലിലെണ്ണാവുന്ന നേതാക്കള്‍ക്കു മാത്രമാണ് ഈ നീക്കങ്ങള്‍ അറിയാമായിരുന്നത്. ഈ നീക്കങ്ങള്‍ മണത്തറിഞ്ഞ കോണ്‍ഗ്രസിലെ ജി 23 ഗ്രൂപ് ശക്തമായി എതിര്‍പ് ഉന്നയിക്കുകയും ചെയ്തു. തന്ത്രങ്ങളിലെ രഹസ്യ നീക്കങ്ങള്‍ അറിയാതെ പോയതാണ് കനയ്യ എവിടെയും പോകില്ലെന്ന് സി പി ഐ ദേശീയ നേതൃത്വം ആവര്‍ത്തിച്ച്‌ പ്രഖ്യാപിച്ചതിന് പിന്നില്‍.

കനയ്യകുമാറിനെ അടര്‍ത്തിയെടുത്ത് കോണ്‍ഗ്രസാക്കി മാറ്റുക എന്നത് ഏറെ കടമ്ബകളുള്ള പ്രവര്‍ത്തനമായിരുന്നു. സി പി ഐ ദേശീയ നേതാവായ അദ്ദേഹത്തിന് ആ ബന്ധങ്ങള്‍ മുറിക്കുക എന്നത് അത്ര എളുപ്പമായിരുന്നില്ല.

യുവ നേതാക്കള്‍ പാര്‍ടിയിലേക്ക് കടന്നു വന്നാല്‍ നല്‍കേണ്ട പദവികളും തന്ത്രങ്ങളും സംബന്ധിച്ച്‌ സോണിയാ ഗാന്ധിയുടെ നിര്‍ദേശത്തില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഉള്‍പെടെയുള്ള നേതാക്കളുമായ് ചര്‍ച നടത്തി. ജെ എന്‍ യു സമര മുഖത്തു നിന്നും ഇന്‍ഡ്യയിലെമ്ബാടും ലക്ഷക്കണക്കിന് ആരാധകരിലേക്ക് പടര്‍ന്നു കയറാന്‍ സാധിച്ച കനയ്യയുടെ വരവ് കോണ്‍ഗ്രസിന് വലിയ രീതിയില്‍ ഗുണം ചെയ്യുമെന്ന് കെ സി വേണുഗോപാല്‍ മറ്റ് നേതാക്കളെ ബോധ്യപ്പെടുത്തി.

രാജ്യത്താകമാനം ദളിത് മുന്നേറ്റത്തിന് ശക്തിപകരാന്‍ ജിഗ്നേഷ് മേവാനിക്ക് സാധിക്കുമെന്നും ബോധ്യപ്പെടുത്തി. തുടര്‍ന്ന് ബീഹാറിലെയും ഗുജറാതിലെയും കോണ്‍ഗ്രസ് നേതാക്കളെ കൂടി ഇരുവരും വന്നാലുള്ള സാധ്യതകള്‍ നേരിട്ട് ധരിപ്പിച്ചു. അങ്ങനെ പല ഘട്ടങ്ങളില്‍ നടന്ന ചര്‍ചയെ തുടര്‍ന്നാണ് കോണ്‍ഗ്രസ് പ്രവേശനം അന്തിമമായി തീരുമാനിച്ചത്.

ചര്‍ചകളും ധാരണകളുമെല്ലാം ഹൈകമാന്‍ഡ് രൂപപ്പെടുത്തിയത് രാഹുലിന്റെ മേല്‍നോട്ടത്തില്‍ ആയിരുന്നു. എല്ലാം രഹസ്യമായി തന്നെ മാസങ്ങളോളം മുന്നോട്ടു പോയി എന്നത് കോണ്‍ഗ്രസില്‍ അപൂര്‍വതയാണ്. തന്ത്രങ്ങള്‍ നടത്തിയെടുക്കാന്‍ തീവ്രമായി പരിശ്രമിച്ചപ്പോള്‍ തന്നെ ഒന്നും വാര്‍ത്തയാവാതിരിക്കാനുള്ള സംഘടനാ ജാഗ്രതയും ചെലുത്തി.

രണ്ടാഴ്ച മുമ്ബ് കനയ്യകുമാര്‍ ന്യൂഡെല്‍ഹിയില്‍ തുഗ്ലക് ലൈനിലെ രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ ചര്‍ചയ്ക്ക് എത്തിയപ്പോള്‍ മാത്രമാണ് മാധ്യമങ്ങള്‍ ചര്‍ച നടക്കുന്ന വിവരം അറിഞ്ഞത്. എന്നിട്ടും കനയ്യയോ മേവാനിയോ കോണ്‍ഗ്രസ് നേതൃത്വമോ പരസ്യ പ്രതികരണത്തിന് തയ്യാറായില്ലെന്നത് ശ്രദ്ധേയമാണ്.

അനുകൂലമായ ദിവസത്തിനു വേണ്ടി കാത്തിരുന്ന ഇരുവരും ഭഗത് സിംഗിന്റെ ജന്മദിനത്തില്‍ പാര്‍ടിയില്‍ ചേരാന്‍ തീരുമാനിക്കുകയായിരുന്നു. കോണ്‍ഗ്രസിലും രഹസ്യങ്ങള്‍ സൂക്ഷിച്ച്‌ വലിയ ഓപറേഷന്‍ നടത്താന്‍ നേതൃത്വം പ്രാപ്തമാണെന്ന് തെളിയിക്കുന്ന സംഭവമായി ഇത്. മുമ്ബെല്ലാം ഇത്തരം ഒരു നീക്കം നടന്നാല്‍ ഉടന്‍ വാര്‍ത്തയാവുമായിരുന്നു. ഒച്ചപ്പാടും അവകാശവാദങ്ങളുമില്ലാതെ നിശബ്ദമായി ടാര്‍ഗറ്റ് നടപ്പാക്കുന്ന സംഘടന സംവിധാനം രൂപപ്പെടുത്തിയതില്‍ കെ സി വേണുഗോപാലിന്റെ പങ്ക് കോണ്‍ഗ്രസില്‍ അദ്ദേഹത്തിന്റെ സ്വാധീനം വര്‍ധിപ്പിക്കും.

അടുത്ത വര്‍ഷം നടക്കുന്ന യു പി നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോണ്‍ഗ്രസ് എന്തെല്ലാം പുതിയ നീക്കം നടത്തുന്നുവെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഇപ്പോള്‍ ഉറ്റുനോക്കുന്നത്.

prp

Leave a Reply

*