ചുഞ്ചു നായര്‍ എന്ന പൂച്ചയുടെ ചരമവാര്‍ഷികം; ട്രോളുകള്‍ വേദനിപ്പിക്കുന്നുവെന്ന് കുടുംബം

പത്രത്തില്‍ കഴിഞ്ഞ ദിവസമാണ് ചുഞ്ചു നായര്‍ എന്ന പൂച്ചയുടെ ചരമവാര്‍ഷികം എത്തിയത്. ഒന്നാം ചരമവാര്‍ഷിക പരസ്യമാണ് കൊടുത്തിരുന്നത്. പൂച്ചയുടെ പേരിന് പിന്നിലുള്ള ജാതിപ്പേര് സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയായി. ട്രോളുകളുടെ പൊടിപൂരമായിരുന്നു പിന്നീട്. ചില ട്രോളുകള്‍ വളരെ മോശമായിരുന്നു. ഇതോടെ ഇതിനെതിരെ പൂച്ചയുടെ കുടുംബം രംഗത്തെത്തി.

ഈ ട്രോള്‍ ഇറക്കുന്നവര്‍ക്കും പരിഹാസം ചൊരിയുന്നവര്‍ക്കും അവള്‍ ഞങ്ങള്‍ക്ക് ആരായിരുന്നുവെന്ന് അറിയില്ല. ഞങ്ങളുടെ മകളായിരുന്നു ചുഞ്ചു. എനിക്ക് രണ്ട് മക്കളുണ്ട്, മൂന്നാമത്തെ മകളായിട്ടാണ് അവളെ ഞങ്ങള്‍ വളര്‍ത്തിയത്. അത്രയേറെ സ്‌നേഹിച്ചും ലാളിച്ചും വളര്‍ത്തിയ പൂച്ചയുടെ മരണം ഞങ്ങളെ ഏറെ വേദനിപ്പിച്ചു. 18 വര്‍ഷമാണ് വീട്ടിലെ ഒരു അംഗമായി അവള്‍ ഒപ്പം കഴിഞ്ഞതെന്ന് കുടുംബം പറയുന്നു.

വീട്ടിലെ പ്രിയപ്പെട്ടവരുടെ മരണവാര്‍ഷികത്തിന് ഓര്‍മപുതുക്കാനായി പരസ്യം നല്‍കുന്നത് സ്വാഭാവികമാണ്. ഞങ്ങളും അതാണു ചെയ്തത്. എന്നാല്‍ ഈ പരസ്യത്തെ എത്ര വികലമായ രീതിയിലാണ് ട്രോള്‍ ചെയ്യാന്‍ ഉപയോഗിച്ചത്. യാതൊരു മനുഷ്യത്വവുമില്ലാത്ത മനുഷ്യരുണ്ടെന്ന് ഇപ്പോഴാണു മനസിലായത്. ഞങ്ങളെ സംബന്ധിച്ച് ചുഞ്ചു വെറുമൊരു പൂച്ചയല്ല, മകള്‍ തന്നെയായിരുന്നു.

തരംതാണ രീതിയിലാണ് ട്രോളുകള്‍ ഇറങ്ങിയത്. അതിന് മറുപടി പറഞ്ഞാല്‍ ഞങ്ങളും തരംതാഴുകയേ ഉള്ളൂ. ഒരു കുട്ടിയെ ദത്തെടുത്ത് കഴിഞ്ഞാല്‍ അതിന്‍റെ പേരിനു പിന്നില്‍ കുടുംബ പേരോ, ജാതിയോ, മാതാപിതാക്കളുടെ പേരോ നല്‍കാറില്ലേ? ഞങ്ങള്‍ അവളെ ചുഞ്ചു എന്നുപോലും വിളിച്ചിരുന്നില്ല. മോളൂട്ടി എന്നായിരുന്നു വിളിച്ചിരുന്നത്. സുന്ദരി എന്ന പേരാണ് ചുഞ്ചു എന്നായത്. ആ പേരിനെപ്പോലും വളരെ മോശമായിട്ടാണ് ആളുകള്‍ എടുത്തതെന്നും അവര്‍ പറയുന്നു.

prp

Leave a Reply

*