‘അരോചക വാര്‍ത്താസമ്മേളനങ്ങളല്ലാതെ കെപിസിസി എന്ത് ചെയ്തു’? ചെന്നിത്തലയ്ക്കും മുല്ലപ്പള്ളിക്കുമെതിരെ നേതാക്കള്‍

തിരുവനന്തപുരം :തദ്ദേശ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ തോല്‍വി വിലയിരുത്താന്‍ ചേര്‍ന്ന കെ.പി.സി.സി രാഷ്ട്രീയകാര്യസമിതിയില്‍ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി നേതാക്കള്‍. പരാജയം മറച്ചുവെച്ചിട്ട് കാര്യമില്ലെന്നും തോല്‍വി അംഗീകരിക്കാനുള്ള സുതാര്യതയാണ് സമിതിക്കുള്ളില്‍ വേണ്ടെന്നും നേതാക്കള്‍ പറഞ്ഞു. സംഘടനാപരമായ പാളിച്ചകളാണ് പരാജയത്തിന് കാരണമായത്. കുത്തഴിഞ്ഞ സംഘടനാ സംവിധാനവും കാലഹരണപ്പെട്ട നേതൃത്വവുമാണ് കോണ്‍ഗ്രസിനുള്ളതെന്നും വിമര്‍ശനം ഉയര്‍ന്നു.

വാര്‍ത്താ സമ്മേളനങ്ങള്‍ കണ്ട് ജനം വോട്ട് ചെയ്യുമെന്ന് നേതാക്കള്‍ കരുതരുതെന്ന് ഷാനിമോള്‍ ഉസ്മാന്‍ പരിഹസിച്ചു. സംഘടനാപരമായ പാളിച്ചകളാണ് പരാജയത്തിന് കാരണമെന്നാണ് നേതാക്കള്‍ ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ടത്. തോല്‍വി സമ്മതിക്കാത്ത നേതാക്കളാണ് തോറ്റതെന്ന് അംഗങ്ങള്‍ പരിഹസിച്ചു. അരോചകമായ വാര്‍ത്താസമ്മേളനങ്ങളല്ലാതെ കെ.പി.സി.സി എന്തുചെയ്തുവെന്ന് നേതൃത്വത്തിനെതിരെ ഷാനിമോള്‍ ഉസ്മാന്‍ വിമര്‍ശനമുയര്‍ത്തി. നേതാക്കളെ ജനം ചോദ്യം ചെയ്യുന്ന സാഹചര്യം ഉണ്ടാവുമെന്നും ഷാനിമോള്‍ പറഞ്ഞു. ഇത്തരത്തിലാണ് കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തനമെങ്കില്‍ ആറ് മാസം കഴിയുമ്ബോള്‍ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പരാജയം ചര്‍ച്ച ചെയ്യാന്‍ ഇതുപോലെ യോഗം ചേരാമെന്നാണ് വി.ഡി സതീശന്‍ പരിഹസിച്ചത്.

വി.ഡി. സതീശന്‍, പി.സി. ചാക്കോ, കെ. മുരളീധരന്‍, കെ. സുധാകരന്‍, പി.ജെ. കുര്യന്‍, ഷാനിമോള്‍ ഉസ്മാന്‍, ബെന്നി ബഹനാന്‍, പി.സി. വിഷ്ണുനാഥ് തുടങ്ങിയവരാണ് നേതൃത്വത്തെ കടന്നാക്രമിച്ച്‌ രംഗത്തെത്തിയത്. നേതാക്കള്‍ പരസ്പരം പുകഴ്ത്തിക്കോളൂ. ഗ്രൂപ്പ് വീതം വെപ്പിനിടയില്‍ സംഘടനയുടെ കാര്യം എല്ലാവരും മറന്നു. താന്‍ കൊവിഡ് ബാധിച്ച്‌ ഒരു മാസത്തോളം ആശുപത്രിയില്‍ കഴിഞ്ഞപ്പോള്‍ കെ.പി.സി.സി പ്രസിഡന്റ് വിളിച്ചുപോലും ചോദിച്ചില്ലെന്ന് ഷാനിമോള്‍ പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ പത്ത് പഞ്ചായത്തുകള്‍ കൂടുതല്‍ കിട്ടിയെന്ന മുല്ലപ്പള്ളിയുടെ അഭിപ്രായത്തിന് ‘അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും പത്ത് സീറ്റ് കൂടുതല്‍ കിട്ടിയാല്‍ മതിയോ’ എന്നായിരുന്നു പി.സി വിഷ്ണുനാഥിന്‍റെ പ്രതികരണം. കെ.പി.സി.സി. ഭാരവാഹികള്‍ക്ക് ചുമതല നല്‍കാത്തതും വിമര്‍ശനവിധേയമായി. ന്യൂനപക്ഷ വോട്ടുകള്‍ എല്‍.ഡി.എഫിലേക്കും ഭൂരിപക്ഷവോട്ടുകള്‍ ബി.ജെ.പിയിലേക്കും പോവുന്നത് തടയണം. ശക്തികേന്ദ്രങ്ങളിലെ വോട്ടുകള്‍ തിരിച്ചുപിടിക്കാന്‍ നടപടിയുണ്ടാവണമെന്നും യോഗത്തില്‍ ചര്‍ച്ചയുയര്‍ന്നു.

സ്ഥാനാര്‍ഥികളെ സാമ്ബത്തികമായി സഹായിക്കാന്‍ കഴിഞ്ഞോ? പോസ്റ്റര്‍ അടിച്ചു കൊടുക്കാനെങ്കിലും പറ്റിയോ? ബി.ജെ.പിയും സി.പി.ഐ.എമ്മും സാമൂഹിക മാധ്യമങ്ങളെ മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തിയപ്പോള്‍ കോണ്‍ഗ്രസ് എന്തുചെയ്തുവെന്ന് വിഷ്ണുനാഥ് ചോദിച്ചു. എല്ലാദിവസവും പത്രസമ്മേളനം നടത്തിയതു കൊണ്ട് വോട്ടു കിട്ടില്ല. കണക്കും ന്യായീകരണങ്ങളും നിരത്തുന്ന നേതൃത്വത്തിന് കെ.പി.സി.സി ആസ്ഥാനമിരിക്കുന്ന മണ്ഡലം കമ്മിറ്റിയില്‍ എങ്കിലും അതു പറഞ്ഞു ഫലിപ്പിക്കാന്‍ കഴിയുമോ? തോറ്റെന്നു സമ്മതിക്കാന്‍ എങ്കിലും തയാറാകുമോ? കിറ്റ് കൊടുത്തതു കൊണ്ടാണ് യു.ഡി.എഫ് തോറ്റതെങ്കില്‍ ചില ജില്ലകളില്‍ മാത്രം ജയിക്കുമോ? വി.ഡി സതീശന്‍ ചോദിച്ചു.

മധ്യകേരളത്തില്‍ കോണ്‍ഗ്രസിന്‍റെയുംയും യു.ഡി.എഫിന്‍റെയും പരമ്ബരാഗത വോട്ടില്‍ ശക്തമായ ചോര്‍ച്ചയുണ്ടായത് ഗുരുതരമാണ്. ജോസ് കെ. മാണിയുടെ ഇടതുമുന്നണി പ്രവേശം കൊണ്ടു മാത്രമല്ല ക്രിസ്ത്യന്‍ വോട്ടുകളില്‍ ഇടിവ് വന്നതെന്ന് അഭിപ്രായമുയര്‍ന്നു. തിരുത്തല്‍ നടപടികള്‍ നിയമസഭ തിരഞ്ഞെടുപ്പിന് മുമ്ബ് നടത്തണമെന്നും യോഗത്തില്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടു.

തോല്‍വി വിലയിരുത്താനായി രണ്ടു ദിവസത്തെ സമ്ബൂര്‍ണ നേതൃയോഗം ചേരാന്‍ രാഷ്ട്രീയകാര്യസമിതി യോഗം തീരുമാനിച്ചു. ജനുവരി 7, 8 തീയതികളിലായിരിക്കും യോഗം. നാളെ കെ.പി.സി.സി ഭാരവാഹിയോഗം അടിയന്തരമായി ചേരും. ജില്ലയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാര്‍ റിപ്പോര്‍ട്ട് നല്‍കണം. 140 നിയോജക മണ്ഡലങ്ങള്‍ക്കും സെക്രട്ടറിമാര്‍ക്കു ചുമതല കൈമാറാനും തീരുമാനിച്ചിട്ടുണ്ട്.

prp

Leave a Reply

*