ചാലക്കലില്‍ കഞ്ചാവ് കച്ചവടം, പരാതി നല്‍കിയെന്ന സംശയത്തില്‍ വീട്ടമ്മക്കെതിരെ വധഭീഷണി

ആലുവ: ചാലക്കലില്‍ വ്യാപകമായി നടക്കുന്ന ലഹരി പദര്‍ത്ഥങ്ങളുടെ ഉപയോഗവും വില്‍പ്പനയും സംബന്ധിച്ച്‌ പൊലീസിന് രഹസ്യ വിവരം നല്‍കിയെന്ന സംശയത്തില്‍ വീട്ടമ്മക്കെതിരെ പൊലീസിന് മുമ്ബില്‍ വച്ചും വധഭീഷണി മുഴക്കിയതായി പരാതി. കുട്ടമശേരി ചാലക്കല്‍ സൂര്യാനഗറില്‍ കോതേലിപറമ്ബില്‍ ലാലുവിന്റെ ഭാര്യ ബിന്ദുവാണ് ജില്ലാ പൊലീസ് മേധാവിക്കും വനിതാ സെല്ലിനും പരാതി നല്‍കിയത്.

പരാതി ഇങ്ങനെയാണ്: ചാലക്കല്‍ സൂര്യാ നഗര്‍ കേന്ദ്രീകരിച്ച്‌ ഏറെ കാലമായി കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി പദാര്‍ത്ഥങ്ങളുടെ കച്ചവടം നടക്കുന്നുണ്ട്. രാത്രിയും പകലും വ്യത്യാസമില്ലാതെ അപരിചിതരുടെ വാഹനങ്ങള്‍ വന്ന് പോകാറുണ്ട്. കഞ്ചാവ് കച്ചവടമാണെന്ന് ബോധ്യമായതിനാല്‍ ഇതിനെതിരെ താന്‍ പ്രതികരിച്ചിട്ടുണ്ട്. ഇതിനിടയില്‍ നാട്ടുകാരില്‍ ആരോ രഹസ്യ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് പട്രോളിംഗ് ആരംഭിച്ചു. പരാതിക്ക് പിന്നില്‍ താനാണെന്ന് തെറ്റ്ദ്ധരിച്ച്‌ അഞ്ചംഗ സംഘം വധഭീഷണി മുഴക്കിയെന്നാണ് വീട്ടമ്മയുടെ പരാതി.

കഴിഞ്ഞ ‌ഞായറാഴ്ച്ച രാത്രി സുധീഷ് എന്ന പ്രതിയുടെ നേതൃത്വത്തില്‍ തട്ടിക്കളയുമെന്ന് ഭീഷണി മുഴക്കിയതിനെ തുടര്‍ന്ന് ആലുവ പൊലീസില്‍ നേരിട്ടെത്തി പരാതി അറിയിച്ചു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പ്രതികളോട് അടുത്ത ദിവസം സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു. ഈ സമയം കെ.എല്‍ 2 എക്സ് 8053 കാറില്‍ മടങ്ങിയ പ്രതികള്‍ വീട്ടമ്മയുടെ വീടിന് മുമ്ബില്‍ നിര്‍ത്തിയ ശേഷമാണ് വീണ്ടും ഭീഷണി മുഴക്കിയത്. ‘എടി നിക്കുള്ള പണി വരുന്നുണ്ട്, നിന്നെ തട്ടിക്കളയും. അവളെ ഞാന്‍ വെട്ടികൊന്നിട്ട് സ്റ്റേഷനില്‍ ഹാജരായികൊള്ളാം’ എന്നിങ്ങനെ ഭീഷണിപ്പെടുത്തി. അഞ്ച് പേരാണ് കാറില്‍ ഉണ്ടായിരുന്നതെങ്കിലും രണ്ട് പേരെ അറിയില്ലായിരുന്നു.

സ്റ്റേഷനില്‍ നിന്നെത്തിയ പൊലീസുകാരുടെയും പഞ്ചായത്ത് പ്രസിഡന്റിന്റെ ഭര്‍ത്താവിന്റെയുമെല്ലാം സാന്നിദ്ധ്യത്തിലാണ് പ്രതികള്‍ ഭീഷണി മുഴക്കിയതെന്നും പറയുന്നു. പരാതിയില്‍ സൂചിപ്പിച്ച സുധീഷ്, സുരാജ്, ബിപിന്‍ എന്നിവരെ ആലുവ പൊലീസ് വിളിപ്പിച്ചെങ്കിലും അറസ്റ്റ് രേഖപ്പെടുത്താതെ പറഞ്ഞുവിട്ടെന്നും ആക്ഷേപമുണ്ട്. നാലമത്തെയാണ് കഴിഞ്ഞ ദിവസം സ്വകാര്യ ബസില്‍ വച്ച്‌ വിദ്യാര്‍ത്ഥിനിയെ കയറിപിടിച്ച കേസില്‍ റിമാന്‍ഡിലായയാളാണെന്നും വീട്ടമ്മ പറയുന്നു. ഈ വിവരങ്ങളെല്ലാം ചൂണ്ടികാട്ടിയാണ് എസ്.പിക്കും വനിത സെല്ലിലും പരാതി നല്‍കിയത്. പ്രതികള്‍ക്കെതിരെ അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു

prp

Leave a Reply

*