കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ക്ക് വധശിക്ഷ; നിയമഭേദഗതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം

ന്യൂഡല്‍ഹി: കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്നതിനുള്ള നിയമഭേദഗതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. 12 വയസില്‍ താഴെയുള്ള കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്നതാണ് പുതിയ ദേഭഗതി. നിയമഭേദഗതിക്കായി ഓര്‍ഡിനന്‍സ് കൊണ്ടുവരാനും തീരുമാനിച്ചു.

ഇന്ത്യന്‍ പീനല്‍ കോഡ്, തെളിവ് നിയമം, ക്രിമിനല്‍ നടപടിച്ചട്ടം, കുട്ടികള്‍ക്കെതിരായ അതിക്രമം തടയല്‍ (പോക്‌സോ) എന്നിവയില്‍ ഭേദഗതി വരുത്തിയാണ് ഓര്‍ഡിനന്‍സ് ഇറക്കിയിരിക്കുന്നത്. മന്ത്രിസഭ അംഗീകരിച്ച ഓര്‍ഡിനന്‍സ് ഇനി രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി അയക്കും.

കത്വ സംഭവത്തില്‍ കേന്ദ്രസര്‍ക്കാരും ബി.ജെ.പി നേതൃത്വവും പ്രതിക്കൂട്ടിലായ സാഹചര്യത്തിലാണ് നിയമഭേദഗതി കൊണ്ടുവന്നത്. പാര്‍ലമെന്റ് സെഷന്‍ അവസാനിച്ച സാഹചര്യത്തിലും വിഷയത്തിന്റെ അടിയന്തര പ്രാധാന്യം കണക്കിലെടുത്തുമാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ തീരുമാനിച്ചതെന്ന് വനിതാ ശിശുക്ഷേമ മന്ത്രാലയം വ്യക്തമാക്കി.

കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്നതിനുള്ള നിയമഭേദഗതിക്ക് രാജസ്ഥാന്‍, ഹരിയാന, മധ്യപ്രദേശ് സംസ്ഥാന സര്‍ക്കാരുകളും പിന്തുണ അറിയിച്ചിട്ടുണ്ട്. നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്ക് പ്രകാരം രാജ്യത്ത് നടക്കുന്ന ലൈംഗികാതിക്രമങ്ങളില്‍ 43 ശതമാനവും 18 വയസിന് താഴെയുള്ള കുട്ടികള്‍ക്കെതിരെയാണ്.

 

prp

Related posts

Leave a Reply

*