ഇന്ത്യന്‍ കറന്‍സി അച്ചടിക്കുന്നത് ചൈനയിലല്ല ; ആരോപണങ്ങളെ തള്ളി കേന്ദ്രസര്‍ക്കാര്‍

ഇന്ത്യയുടെ കറന്‍സി നോട്ടുകള്‍ അച്ചടിക്കുന്നത് ചൈനയിലാണെന്ന വാര്‍ത്തകളെ തള്ളി ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഇക്കണോമിക് അഫെയ്സ്. ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ അച്ചടിക്കുന്നത് ചൈനയിലാണെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും ഇന്ത്യന്‍ നോട്ടുകള്‍ അച്ചടിക്കുന്നത് ഇന്ത്യന്‍ സര്‍ക്കാരും ആര്‍ബിഐയുടെ കറന്‍സി പ്രസുകളുമാണെന്ന് സാമ്പത്തികകാര്യ മന്ത്രാലയം സെക്രട്ടറി സുബാഷ് ചന്ദ്ര ഗാര്‍ഗ് പറഞ്ഞു.

ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ അച്ചടിക്കാനുള്ള കരാര്‍ ചൈനയിലെ ബാങ്ക്നോട്ട് പ്രിന്റിങ് ആന്‍ഡ് മൈനിങ് കോര്‍പ്പറേഷനാണെന്ന് ഇന്നലെ വാര്‍ത്തകള്‍ വന്നിരുന്നു. സൗത്ത് ചൈന മോര്‍ണിങ് പോസ്റ്റാണ് ഇത് സംബന്ധിച്ച വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തത്. നേപ്പാള്‍, ശ്രീലങ്ക, ബംഗ്ലാദേശ്, മലേഷ്യ, ബ്രസീല്‍ എന്നീ രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയുടെ കറന്‍സിയും ചൈനയില്‍ പ്രിന്‍റ് ചെയ്യുന്നു എന്നായിരുന്നു വാര്‍ത്തകള്‍.

മെയ്ക്ക് ഇന്‍ ഇന്ത്യ പോലുള്ള പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുമ്പോഴും ഇന്ത്യന്‍ കറന്‍സികള്‍ വിദേശരാജ്യത്ത് അച്ചടിക്കുന്നു എന്ന വാര്‍ത്ത വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. സോഷ്യല്‍ മീഡിയയിലാണ് ഇക്കാര്യം വലിയ ചര്‍ച്ച ഉണ്ടാക്കിയത്. ഏതാണ്ട് 18,000 ത്തോളം തൊഴിലാളികള്‍ ജോലി ചെയ്യുന്ന വലിയ അച്ചടിശാലയാണ് ബാങ്ക് നോട്ട് പ്രിന്‍റിംങിനായി ചൈന ഒരുക്കിയിരിക്കുന്നത്. ഒരേസമയം നോട്ടുകളുടെ രണ്ട് വശവും പ്രിന്‍റ് ചെയ്യാന്‍ പറ്റുന്ന സാങ്കേതിക വിദ്യ നിലവിലുള്ള ഏക രാജ്യമാണ് ചൈന.

prp

Related posts

Leave a Reply

*