ന്യൂഡല്‍ഹി: റെയില്‍വെയുടെ വികസനത്തിനും നവീകരണത്തിനുമായി ബജറ്റില്‍ 1,48,500 കോടിരൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു. റെയില്‍വെ ട്രാക്കുകളുടെ സുരക്ഷ, നവീകരണം എന്നിവയ്ക്കാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്.
യാത്രക്കാരുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി 11,000 ട്രെയിനുകളിലായി 12 ലക്ഷം സിസിടിവി ക്യാമറകളാണ് സ്ഥാപിക്കുന്നത്. ഇതിനായി 3,000 കോടി രൂപയാണ് ബജറ്റില്‍ നീക്കിവെച്ചിരിക്കുന്നത്. എല്ലാ റെയില്‍വെ സ്റ്റേഷനുകളിലും ട്രെയിനുകളിലും പടിപടിയായി വൈഫൈ സംവിധാനവും ഏര്‍പ്പെടുത്തും.
25,000 ത്തിലധികം യാത്രാക്കാരെത്തുന്ന എല്ലാ റെയില്‍വെ സ്റ്റേഷനുകളിലും എസ്കലേറ്റര്‍ സ്ഥാപിക്കും. ഹൈസ്പീഡ് റെയില്‍വെ പദ്ധതികള്‍ക്ക് ആവശ്യമുള്ള തൊഴിലാളികളെ സൃഷ്ടിക്കുന്നതിനായി വഡോദരയില്‍ പരിശീലന കേന്ദ്രം സ്ഥാപിക്കും.
ആളില്ലാത്ത ലെവല്‍ ക്രോസിംഗുകള്‍ ഇല്ലാതാക്കും. മുംബയില്‍ ലോക്കല്‍ ട്രെയിന്‍ ഗതാഗതത്തിനായി ട്രാക്കുകള്‍ സ്ഥാപിക്കുന്നതിന് പണം നീക്കിവച്ചു. പുതിയതായി 12,000 വാഗണുകള്‍. 5160 കോച്ചുകള്‍, 700 ലോക്കോമോട്ടീവുകള്‍ എന്നിവയും വാങ്ങും. യാത്രക്കാരുടെ സുരക്ഷയ്ക്ക് സാങ്കേതികവിദ്യയെ കൂടുതലായി ആശ്രയിക്കും.

