ബ്രഹ്മഗിരി കോഴി’ ജനുവരിയില്‍!

പാലക്കാട്: ‘കേരള ചിക്കന്‍ പദ്ധതി’യുടെ ജില്ലയിലെ ആദ്യ ബ്രഹ്മഗിരി കോഴി ജനുവരിയില്‍ ലഭ്യമാവും. മിതമായ വിലയില്‍ കോഴി ലഭ്യമാക്കുന്നതിനായി ബ്രഹ്മഗിരി ഫാര്‍മേഴ്സ് ഫെഡറേഷന്‍റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പദ്ധതിയാണിത്‌. കഴിഞ്ഞ സംസ്ഥാന ബജറ്റിലാണ് പദ്ധതി പ്രഖ്യാപിച്ചത്.

ജനുവരിയില്‍ പാലക്കാട്, മണ്ണാര്‍ക്കാട്, അലനല്ലൂര്‍, തച്ചമ്പാറ എന്നിവിടങ്ങളിലായി തുടങ്ങുന്ന ഔട്ട്‌ലറ്റുകള്‍ ഘട്ടം ഘട്ടമായി കൂട്ടും. കിലോഗ്രാമിന് 87-90 രൂപ നിരക്കില്‍ കോഴി ലഭ്യമാക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യം. ആദ്യഘട്ടത്തില്‍ വയനാട്ടില്‍ നിന്നുള്ള കോഴികളെയാണ് എത്തിക്കുക.

പാലക്കാട് ജില്ലയിലെ കൊമ്പം, മലപ്പുറം ജില്ലയിലെ മഞ്ചേരി എന്നിവിടങ്ങളിലെ ഫാമുകളില്‍ കോഴികളെ ഇറക്കിയിട്ടുണ്ട്. ഇവിടങ്ങളില്‍ നിന്നുള്ള കോഴികളും വൈകാതെ ലഭ്യമാവും. മലപ്പുറം ജില്ലയില്‍ ഡിസംബര്‍ 30-ന് ആറ്‌ ഔട്ട്‌ലറ്റുകള്‍ പ്രവര്‍ത്തനം തുടങ്ങും. മാലിന്യസംസ്കരണത്തിനുള്ള സംവിധാനം വിപുലപ്പെടുത്തുന്നതിലുള്ള കാലതാമസമാണ് കൂടുതല്‍ ഔട്ട്‌ലറ്റുകള്‍ വൈകുന്നതിന്‌ കാരണം.

ഇപ്പോള്‍ വില്‍പനകേന്ദ്രങ്ങളില്‍ ഉണ്ടാവുന്ന കോഴിമാലിന്യം ബ്രഹ്മഗിരിയിലെ സംസ്കരണശാലയില്‍ കൊണ്ടുപോയി സംസ്കരിക്കും. വില്‍പന കേന്ദ്രങ്ങളില്‍ ദുര്‍ഗന്ധമോ മറ്റ് മലിനീകരണ പ്രശ്നങ്ങളോ ഇല്ലാത്ത മാലിന്യം പ്രത്യേകം ഫ്രീസറില്‍ സൂക്ഷിക്കും. രണ്ട് ദിവസത്തിനകം ഇത് ബ്രഹ്മഗിരിയിലേക്ക് മാറ്റുകയും ചെയ്യും.

പാലക്കാട് മലപ്പുറം ജില്ലകളില്‍ കോഴി മാലിന്യസംസ്കരണ കേന്ദ്രങ്ങള്‍ ആരംഭിക്കാനും പദ്ധതിയുണ്ട്. ഇതോടെ ദിവസം 1000 കിലോഗ്രം വരെ നല്‍കാവുന്ന കൂടുതല്‍ വില്പന കേന്ദ്രങ്ങള്‍ തുടങ്ങും. പൂര്‍ണമായും അന്യ സംസ്ഥാന ലോബി നിയന്ത്രിക്കുന്ന കോഴി വിപണിയിലെ വിലയില്‍ ഇടപെടല്‍ നടത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി.

prp

Related posts

Leave a Reply

*