ആഘാതം ബിഹാറില്‍ ഒതുങ്ങില്ല; ബി.ജെ.പി അസ്വസ്ഥം

ന്യൂഡല്‍ഹി: പ്രതിപക്ഷപാര്‍ട്ടികളെ പിളര്‍ത്തിയും പലവിധത്തില്‍ ഒതുക്കിയും കാവിഭൂപടം വിപുലപ്പെടുത്തി വന്നതിനിടയില്‍ ബിഹാറില്‍നിന്നേറ്റ കനത്ത പ്രഹരത്തില്‍ പുളഞ്ഞ് ബി.ജെ.പി.

നിതീഷ് കുമാറിന്റെ അതിവേഗ നീക്കത്തിലൂടെ ബിഹാറില്‍ ഒറ്റപ്പെട്ടുപോയ ബി.ജെ.പിയുടെ വേദന പലവിധത്തിലാണ് പുറത്തുവന്നത്. പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്കരിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പിയെയും സംസ്ഥാനത്തെ ജനങ്ങളെയും നിതീഷ് ചതിച്ചുവെന്ന് അലമുറയിട്ട് പാര്‍ട്ടി എം.പി-എം.എല്‍.എമാര്‍ ധര്‍ണ നടത്തി. നിതീഷിന്റെയും മഹാസഖ്യത്തിന്റെയും ഭരണം കാലം തികക്കില്ലെന്ന് ശപിച്ചു. തേജസ്വി യാദവിനെ പിന്നില്‍നിന്ന് കുത്തി ‘ചതിയനായ’ നിതീഷ് ആര്‍.ജെ.ഡി പിളര്‍ത്തുമെന്ന് പാര വെച്ചു.

ഒട്ടുമിക്ക സംസ്ഥാനങ്ങളിലും പിന്നാമ്ബുറ നീക്കങ്ങളിലൂടെ സഖ്യങ്ങളും മന്ത്രിസഭകളും അട്ടിമറിച്ച ബി.ജെ.പിയില്‍നിന്നുതന്നെയാണ് ഈ വിലാപം. മഹാരാഷ്ട്ര ഏറ്റവുമൊടുവിലത്തെ ഉദാഹരണമായിരുന്നു. ശിവസേന പിളര്‍ത്തി പ്രതിപക്ഷ സഖ്യസര്‍ക്കാറിനെ പുറന്തള്ളി അധികാരം പിടിച്ചടക്കുകയാണ് ബി.ജെ.പി ചെയ്തത്.

ബിഹാറില്‍ ജനതാദള്‍-യു പിളര്‍ത്താനുള്ള ശ്രമങ്ങള്‍ മനസ്സിലാക്കി അതിവേഗം നീങ്ങിയ നിതീഷ് ബി.ജെ.പിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുകയായിരുന്നു. പ്രാദേശിക പാര്‍ട്ടികളെ വകവരുത്താന്‍ നിരന്തരം ശ്രമിക്കുന്ന ബി.ജെ.പിയുമായുള്ള ബന്ധം നിതീഷ് അവസാനിപ്പിച്ചതിനെ വിവേകപൂര്‍ണമായ തീരുമാനമെന്നാണ് എന്‍.സി.പി നേതാവ് ശരദ് പവാര്‍ വിലയിരുത്തിയത്.

ബിഹാറിലെ സംഭവവികാസങ്ങള്‍ ബി.ജെ.പിക്കുണ്ടാക്കിയ ആഘാതം ആ സംസ്ഥാനത്തു മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല. ബി.ജെ.പിയുടെ അസ്വസ്ഥതയും അതുതന്നെ. ഹിന്ദി ഹൃദയ ഭൂമിയെന്നറിയപ്പെടുന്ന മേഖലകളില്‍ എടുത്തുപറയാവുന്ന സഖ്യകക്ഷികളില്ലാതെ ബി.ജെ.പി ഒറ്റപ്പെട്ട സ്ഥിതിയിലായി. ബി.ജെ.പി ഞെരിച്ചമര്‍ത്താന്‍ ശ്രമിക്കുന്നുവെങ്കിലും പ്രാദേശിക കക്ഷികള്‍ ഈ മേഖലകളില്‍ ശക്തിപ്പെടുന്നുവെന്ന യാഥാര്‍ഥ്യവും ഒപ്പമുണ്ട്.

നിതീഷിന്റെ ചേരിമാറ്റത്തോടെ ബിഹാറില്‍ ആര്‍.ജെ.ഡി, ജെ.ഡി.യു, കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍ എന്നിവ വീണ്ടും ശക്തിയാര്‍ജിക്കുന്നു. യു.പിയില്‍ ബി.എസ്.പിയെ ആശ്രിതരാക്കി മാറ്റിയെങ്കിലും സമാജ്‍വാദി പാര്‍ട്ടി സ്വന്തം നിലക്ക് സീറ്റെണ്ണം വര്‍ധിപ്പിച്ച നിയമസഭ തെരഞ്ഞെടുപ്പാണ് കടന്നുപോയത്. മധ്യപ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസ് ശക്തരായ എതിരാളികള്‍തന്നെ.

ശിവസേന വിമതരെ മറയാക്കി ബി.ജെ.പി അധികാരംപിടിച്ചെങ്കിലും മഹാരാഷ്ട്രയിലും ബി.ജെ.പിക്ക് നേരിടേണ്ടത് കരുത്തുള്ള പ്രതിപക്ഷത്തെയാണ്. രണ്ടു വര്‍ഷത്തിനുള്ളില്‍ നടക്കേണ്ട അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ കര്‍ണാടക, തെലങ്കാന, ഡല്‍ഹി, ഛത്തിസ്ഗഢ്, ഝാര്‍ഖണ്ഡ്, ഹരിയാന തുടങ്ങി ചെറുതും വലുതുമായ പല സംസ്ഥാനങ്ങളിലും പ്രതിപക്ഷം ശക്തമാണ്.

പശ്ചിമ ബംഗാള്‍, തമിഴ്നാട്, ആന്ധ്രപ്രദേശ്, ഒഡിഷ, പഞ്ചാബ്, കേരളം എന്നീ സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്ക് പതിവുപോലെ നേട്ടമൊന്നും ഉണ്ടാക്കാന്‍ കഴിയില്ല. ഇതിനൊപ്പമാണ് ബിഹാറിലെ പ്രതീക്ഷകള്‍ തകര്‍ന്നത്. തെരഞ്ഞെടുപ്പ് അടുക്കുമ്ബോള്‍ പ്രാദേശിക കക്ഷികളുമായി സഖ്യമുണ്ടാക്കുകയും അവര്‍ കുറഞ്ഞ സീറ്റുകളില്‍ മാത്രം ജയിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്ന ബി.ജെ.പി ശൈലിയുടെ അപകടം മനസ്സിലാക്കി ചങ്ങാത്തം അവസാനിപ്പിച്ച പാര്‍ട്ടികള്‍ നിരവധിയാണ്.

prp

Leave a Reply

*