മുംബയ് – ബംഗളൂരു, ആയിരം കിലോമീറ്റര്‍ താണ്ടാന്‍ അഞ്ച് മണിക്കൂര്‍ കാര്‍ യാത്ര, ഗഡ്കരിയുടെ സ്വപ്നങ്ങളില്‍ അടുത്തത് ഗ്രീന്‍ എക്സ്പ്രസ് ഹൈവേ

മോദി സര്‍ക്കാരിന്‍ കീഴില്‍ വരുന്ന മന്ത്രാലയങ്ങളില്‍ എപ്പോഴും അദ്ഭുതങ്ങള്‍ സൃഷ്ടിക്കുന്നതില്‍ മുന്‍പന്തിയിലാണ് നിതിന്‍ ഗഡ്കരിയുടെ വകുപ്പ്.

റോഡ് നിര്‍മ്മാണത്തിലും, അത്യാധുനിക സാങ്കേതിക വിദ്യ നടപ്പിലാക്കുന്നതിലും അദ്ദേഹത്തിന്റെ ശ്രദ്ധയും താത്പര്യവും ഏറെ പ്രശംസനീയമാണ്. രാജ്യം ഗതാഗതമേഖലയില്‍ കൈവരിച്ച നിരവധി നേട്ടങ്ങളിലൂടെ ഗതാഗത സമയം ദിനം പ്രതി ചുരുങ്ങുകയാണ്. ഇപ്പോഴിതാ ആയിരം കിലോമീറ്റര്‍ ദൂരമുള്ള മുംബയ്-ബംഗളൂരു നഗരങ്ങളെ കേവലം അഞ്ച് മണിക്കൂറില്‍ താണ്ടാനാവുമെന്ന തന്റെ സ്വപ്ന പദ്ധതിയാണ് ഗഡ്കരി അവതരിപ്പിക്കുന്നത്. മുംബയില്‍ ശനിയാഴ്ച നടന്ന അസോസിയേഷന്‍ ഓഫ് നാഷണല്‍ എക്സ്‌ചേഞ്ച് മെമ്ബേഴ്സ് ഒഫ് ഇന്ത്യയുടെ (എഎന്‍എംഐ) 12ാമത് അന്താരാഷ്ട്ര കണ്‍വെന്‍ഷനില്‍ നടത്തിയ പ്രസംഗത്തിലാണ് കേന്ദ്ര മന്ത്രി തന്റെ ഭാവി പദ്ധതികളെ കുറിച്ച്‌ വാചാലനായത്.

ഗഡ്കരിയുടെ പ്രസംഗം ഞെട്ടലോടെയാണ് ആളുകള്‍ ശ്രവിച്ചത്. കാരണം നിലവില്‍ പതിനേഴ് മണിക്കൂര്‍ യാത്ര ചെയ്യേണ്ട മുംബയ്ക്കും ബംഗളൂരുവിനുമിടയിലുള്ള കാര്‍ യാത്ര കേവലം അഞ്ച് മണിക്കൂറിലേക്ക് ചുരുക്കും എന്ന് പറഞ്ഞാല്‍ ആര്‍ക്കും വിശ്വസനീയമായി തോന്നുകയില്ല. ഏകദേശം ആയിരം കിലോമീറ്ററാണ് ഇരു നഗരങ്ങള്‍ക്കും ഇടയിലുള്ളത്.

ഗ്രീന്‍ എക്സ്പ്രസ് ഹൈവേ

മുംബയ്ക്കും ബംഗളൂരുവിനും ഇടയില്‍ ഒരു ഗ്രീന്‍ എക്സ്പ്രസ് ഹൈവേ തങ്ങള്‍ നടപ്പിലാക്കാന്‍ ഒരുങ്ങുന്നു എന്നാണ് ഗഡ്കരി പ്രസ്താവിച്ചത്. ഗ്രീന്‍ എക്സ്പ്രസ് ഹൈവേ വരുന്നതോടെ പൂനെക്കും ബംഗളൂരുവിനും ഇടയില്‍ മൂന്നര മുതല്‍ നാല് മണിക്കൂര്‍ മതിയാവും. മുംബയ് -പൂനെ എക്സ്പ്രസ് ഹൈവേയില്‍ പൂനെ റിംഗ് റോഡിന് സമീപത്ത് നിന്നാവും ബാംഗ്ലൂരിലേക്കുള്ള ഹൈവേ ആരംഭിക്കുക. ഇതു പോലെയുള്ള 27 ഗ്രീന്‍ എക്സ്പ്രസ് ഹൈവേകളാണ് രാജ്യത്ത് അടുത്തതായി വരുന്നത്. നാഷണല്‍ വാട്ടര്‍ ഗ്രിഡ് പോലെ നാഷണല്‍ ഹൈവേ ഗ്രിഡ് വികസിപ്പിക്കുവാനാണ് ലക്ഷ്യമിടുന്നത്.

സ്വപ്നം സാദ്ധ്യമോ

ഗ്രീന്‍ എക്സ്പ്രസ് ഹൈവേകളില്‍ ആയിരം കിലോമീറ്റര്‍ അഞ്ച് മണിക്കൂര്‍ കൊണ്ട് താണ്ടാന്‍ കഴിയുമോ ? ഈ ചോദ്യത്തിന് ഉത്തരം നല്‍കണമെങ്കില്‍ ഒരു വാഹനം മണിക്കൂറില്‍ ശരാശരി 200 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കണം. അതായത് ചിലയിടങ്ങളിലെങ്കിലും വാഹനം 230-250 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ചെങ്കില്‍ മാത്രമേ ശരാശരി 200 കിലോമീറ്റര്‍ വേഗത നിലനിര്‍ത്താനാവു. ഇത്രയും സ്പീഡില്‍ സഞ്ചരിക്കുന്ന കാറുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നുണ്ടോ എന്നതും ചോദ്യമാണ്. എന്നാല്‍ വിദേശ കാര്‍ നിര്‍മ്മാതാക്കളുടെ ഓഡി, ബിഎംഡബ്ല്യു, മെഴ്സിഡസ് ബെന്‍സ്, ലാന്‍ഡ് റോവര്‍ തുടങ്ങിയ കാറുകള്‍ക്ക് നിലവില്‍ 200 കിലോമീറ്റര്‍ ശരാശരി വേഗത നിലനിര്‍ത്താനുള്ള ശേഷിയുണ്ട്. എന്നാല്‍ ഈ വേഗത്തില്‍ ഇന്ത്യയിലെ റോഡുകളിലൂടെ സഞ്ചരിക്കാനാവില്ലെന്ന് മാത്രം. ഗ്രീന്‍ എക്സ്പ്രസ് ഹൈവേ ഇന്ത്യയില്‍ നടപ്പിലായാലും മികച്ച ഡ്രൈവിംഗിന് പരിശീലനം അത്യാവശ്യമാണ്.

prp

Leave a Reply

*