കൊല്‍ക്കത്ത: ഇന്ത്യയുടെ തെറ്റായ ഭൂപടം ഉപയോഗിച്ച് പരീക്ഷ നടത്തിയെന്ന് ആക്ഷേപം. അടുത്തിടെ ബംഗാളില്‍ നടന്ന പത്താം ക്ലാസ് പരീക്ഷയില്‍ ഇന്ത്യയുടെ തെറ്റായി ചിത്രീകരിച്ച ഭൂപടമാണ് ഉപയോഗിച്ചതെന്നും അതില്‍ നടപടിയെടുക്കണമെന്നും ബിജെപി ബംഗാള്‍ ഘടകം, കേന്ദ്ര മാനവശേഷി മന്ത്രി പ്രകാശ് ജാവഡേക്കര്‍ക്കു കത്തെഴുതി.
ജോഗ്രഫി പരീക്ഷയ്ക്കു നല്‍കിയ ഭൂപടത്തില്‍ ജമ്മു കശ്മീരിന്‍റെ ചില ഭാഗങ്ങള്‍ ചൈനയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു ബാനര്‍ജിയുടെ ആരോപണം. മാത്രമല്ല, അരുണാചല്‍ പ്രദേശ് ഇന്ത്യയില്‍നിന്നു വിട്ടുനില്‍ക്കുന്ന മേഖലയായിട്ടാണു ഭൂപടത്തില്‍ കാണിച്ചിരിക്കുന്നതെന്നും ബാനര്‍ജി ആരോപിച്ചു.
അതേസമയം തെറ്റായി ചിത്രീകരിച്ച ഭൂപടം മാധ്യമങ്ങളെ കാണിച്ചയാളും അന്വേഷണ പരിധിയില്‍ വരുമെന്നും ഇദ്ദേഹത്തിന് എവിടെനിന്നാണു ഭൂപടം കിട്ടിയതെന്ന് അന്വേഷിക്കുമെന്നും വിഷയത്തില്‍ അന്വേഷണം നടത്താന്‍ ഡബ്ല്യുബിബിഎസ്‌ഇയോടു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ബംഗാള്‍ വിദ്യാഭ്യാസ മന്ത്രി പാര്‍ഥ ചാറ്റര്‍ജി വ്യക്തമാക്കി.

