ബഫര്‍സോണ്‍ കരട് വിജ്ഞാപനം മാനന്തവാടി-മട്ടന്നൂര്‍ നാലുവരി പാതയ്ക്ക് ഇനി പരിസ്ഥിതി പാര


മട്ടന്നൂര്‍: കൊട്ടിയൂര്‍ വന്യജീവിസങ്കേതത്തിന് ചുറ്റും ബഫര്‍സോണ്‍ ആക്കുന്ന കരട് വിജ്ഞാപനം നിര്‍ദ്ദിഷ്ട മാനന്തവാടി-മട്ടന്നൂര്‍ നാലുവരിപ്പാതയുടെ നിര്‍മ്മാണത്തിനും പാരയായേക്കും. വന്യജീവിസങ്കേതത്തിന് ചുറ്റും ഒരു കിലോമീറ്റര്‍ മുതല്‍ 2.1 കിലോമീറ്റര്‍ വരെ പരിസ്ഥിതി ലോല പ്രദേശം ആക്കാനുള്ള കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനത്തിലെ നിര്‍ദ്ദേശങ്ങളാണ് റോഡ് വികസനത്തിന് തടസമാവുക.

കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റേതാണ് കരട് വിജ്ഞാപനം. മലയോര വികസനത്തെ ബാധിക്കുമോ എന്ന ആശങ്കയാണ് നാട്ടുകാര്‍ക്ക്. പരിസ്ഥിതി ലോല പ്രദേശ പ്രഖ്യാപനം ഉണ്ടായാല്‍ ബഫര്‍ സോണില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ റോഡ് വികസനം സാദ്ധ്യമല്ല എന്നതാണ് നിര്‍ദ്ദിഷ്ഠ നാലുവരിപ്പാതയുടെ സാദ്ധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നത്. പരിസ്ഥിതിലോല പ്രദേശങ്ങളില്‍ നിലവിലുള്ള റോഡ് വീതി കൂട്ടുകയോ പുതിയവ നിര്‍മ്മിക്കുകയോ ചെയ്യണമെങ്കില്‍ ചില പ്രത്യേക മാനദണ്ഡങ്ങള്‍ പാലിക്കണമെന്നാണ് കരട് വിജ്ഞാപനത്തിലെ നിര്‍ദ്ദേശം. ഇത് മട്ടന്നൂര്‍ മുതല്‍ മാനന്തവാടി വരെയുള്ള 63.50 കിലോമീറ്റര്‍ നാലുവരിപ്പാതയെ എങ്ങനെ ബാധിക്കുമെന്നതാണ് ആശങ്ക.

നാലുവരിപ്പാതയുടെ സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയായി പ്ലാന്‍ അംഗീകാരത്തിനായി ബന്ധപ്പെട്ട അധികാരികള്‍ക്ക് സമര്‍പ്പിച്ച്‌ അംഗീകാരത്തിനായി കാത്തിരിക്കുന്ന സമയത്താണ് ബഫര്‍സോണ്‍ സംബന്ധിച്ചുള്ള കരട് വിജ്ഞാപനം പുറത്തിറങ്ങുന്നത്. കൊട്ടിയൂരില്‍ താമസിക്കുന്നവര്‍ സൗകര്യങ്ങളുള്ള മറ്റൊരു ഇടംതേടി പോകേണ്ടി വരുമെന്നും അതുവഴി ഒരു നിശബ്ദ കുടിയിറക്കിന്റെ ഇരകളായി പ്രദേശവാസികള്‍ മാറേണ്ടി വരുമെന്നും ഇവര്‍ പറയുന്നു. വന്യജീവികളെ കാട്ടില്‍ വളര്‍ത്തി ജനങ്ങളെ അവരുടെ വാസ കേന്ദ്രങ്ങളില്‍ സുരക്ഷിതമായി കഴിയാന്‍ തക്ക വിധത്തിലുള്ള നിയമ നിര്‍മ്മാണമാണ് നടത്തേണ്ടതെന്നും ഇവര്‍ പറയുന്നു.

prp

Leave a Reply

*