ഓസ്‌ട്രേലിയക്ക് നിരന്തരം തലവേദനയായി ചൈനയുടെ ചാരകപ്പലുകള്‍; അന്തര്‍വാഹിനിയുമായി നേരിടുമെന്ന് മോറിസണ്‍

കാന്‍ബറ: പസഫിക്കിലെ രാജ്യങ്ങള്‍ക്കുചുറ്റും അധിനിവേശ ഹുങ്കുമായി നീങ്ങുന്ന ചൈനയ്‌ക്ക് തിരിച്ചടി നല്‍കുമെന്ന മുന്നറിയിപ്പുമായി ഓസ്‌ട്രേലിയ.

പലതവണ ചൈനീസ് ചാരകപ്പലുകളും അന്തര്‍വാഹിനികളും ഓസീസ് തീരങ്ങളിലൂടെ കടന്നുപോയെന്ന വെളിപ്പെടുത്തലാണ് പ്രധാനമന്ത്രി സ്‌കോട് മോറിസണ്‍ നടത്തിയിരിക്കുന്നത്.

അവരെന്നും തങ്ങളുടെ അധികാര മേഖലയില്‍ കടന്നുകയറാന്‍ ശ്രമിക്കുകയാണ്. ഓസ്‌ട്രേലിയയുടെ അധീനതയിലുള്ള സമുദ്രമേഖലയില്‍ 200 കിലോമീറ്റര്‍ ദൂരം വരെ അത്യാധുനിക നിരീക്ഷണ കപ്പലുകളെയാണ് ചൈന അയച്ചത്. ഡാര്‍വിന്‍ തീരത്തിനടുത്തുകൂടെ പോയ കപ്പലിന് എല്ലാ സിഗ്നലുകളും പിടിച്ചെടുക്കാനുള്ള ശേഷിയുണ്ടെന്നും ഓസ്‌ട്രേലിയന്‍ പ്രതിരോധ വകുപ്പ് അറിയിച്ചു.

ചൈനയുടെ ചാരകപ്പലുകളെ തടയാന്‍ കൂടുതല്‍ സംവിധാനങ്ങളൊരുക്കേണ്ട അവസ്ഥയാണ്. വളരെ ഗുരതരമായ അന്താരാഷ്‌ട്ര സുരക്ഷാ ലംഘനമാണ് ചൈനയുടെ ഭാഗത്തു നിന്നുമുണ്ടാകുന്നത്. അന്തര്‍വാഹിനികളടക്കം വിന്യസിക്കുകയാണ് ഇനിയുള്ള പോംവഴിയെന്നും സ്‌കോട് മോറിസണ്‍ പറഞ്ഞു.

അമേരിക്കയുടെ സൈനിക വ്യൂഹം പസഫിക്കില്‍ തമ്ബടിച്ചതോടെ വിവിധ രാജ്യങ്ങളെ പ്രകോപിപ്പിക്കുന്ന നയം ചൈന തുടരുകയാണ്. ക്വാഡ് സഖ്യത്തിന്റെ ഭാഗമായി ഓസ്‌ട്രേലിയ മാറിയതാണ് ചൈനയെ ചൊടിപ്പിച്ചത്.

2017ലും 2019ലും ചാരകപ്പലുകളെ ചൈന ഓസ്ട്രേലിയന്‍ തീരമേഖലയിലേക്ക് അയച്ചിരുന്നു. മുന്നേ വ്യാപാര രംഗത്ത് ഭീഷണി മുഴക്കിയ ചൈന സൈനിക പ്രതിരോധ രംഗത്തും ശത്രുതാ മനോഭാവത്തോടെയാണ് പെരുമാറുന്നതെന്നാണ് ഓസ്‌ട്രേലിയന്‍ നാവിക സേന അറിയിക്കുന്നത്.

prp

Leave a Reply

*