ബൈക്കില്‍ ഇടിച്ചശേഷം നിര്‍ത്താതെ പോയി; കല്ലട ബസിനു നേരേ കല്ലേറ്

കൊല്ലം: തിരുവനന്തപുരത്തുനിന്ന് ബെംഗളൂരിലേക്കു പോയ കല്ലട ബസിനു നേരേ കല്ലേറ്. ബൈക്കില്‍ ഉരസിയ ശേഷം നിര്‍ത്താതെ പോയ കല്ലട ബസിന് നേരെയാണ് കല്ലേറുണ്ടായത്. സംഭവത്തെ തുടര്‍ന്ന് യാത്രമുടങ്ങി.

ദേശീയപാത കൊല്ലൂര്‍വിള പള്ളിമുക്കിനടുത്ത് ചൊവ്വാഴ്ച രാത്രി പത്തരയോടയാണ് സംഭവം. തിരുവനന്തപുരത്ത്നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട കല്ലട ബസ് പള്ളിമുക്ക് പെട്രോള്‍ പമ്പിന് സമീപം ബൈക്കില്‍ ഉരസിയെങ്കിലും നിര്‍ത്തിയില്ല. . ബൈക്ക് യാത്രക്കാരെ ബസ് ജീവനക്കാര്‍ അസഭ്യം പറഞ്ഞശേഷം ബസ് വിട്ടുപോയതായി പോലീസ് പറഞ്ഞു.

നാട്ടുകാര്‍ വാഹനങ്ങളില്‍ ബസിനെ പിന്തുടര്‍ന്നു. ഇതിലൊരു ബൈക്ക് ബസ് തട്ടിയിട്ടതോടെ പിന്‍തുടര്‍ന്ന നാട്ടുകാര്‍ ബസിനു നേരേ കല്ലെറിഞ്ഞു. ബസിന്‍റെ മുന്‍ഭാഗത്തെ ചില്ല് പൂര്‍ണമായും തകര്‍ന്നു. പോലീസ് സ്ഥലത്തുനിന്ന് ഒരു യുവാവിനെ കസ്റ്റഡിയിലെടുത്തു.

അപകടം നടന്നയുടന്‍ ബസ് ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു. ബസിലുണ്ടായിരുന്ന റിസര്‍വ് ഡ്രൈവറെക്കൊണ്ടാണ് ബസ് നടുറോഡില്‍നിന്നു മാറ്റിയത്. യാത്രക്കാരെ മറ്റ് വാഹനത്തില്‍ കയറ്റിവിടാന്‍ നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു. നേരത്തെ യാത്രക്കാരെ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് കല്ലട ബസ് വിവാദത്തില്‍പ്പെട്ടിരുന്നു. നിരവധി നിയമനടപടികളാണ് കല്ലട ട്രാവല്‍സിന് നേരിടേണ്ടി വന്നത്. കഴിഞ്ഞ ദിവസം ഭക്ഷണം കഴിക്കാനിറങ്ങിയ യുവതിയെ കയറ്റാതെ പോയതും വിവാദമായി.

prp

Leave a Reply

*