കൊച്ചി: കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ടിട്ട് ഇന്നേയ്ക്ക് ഒരു വര്‍ഷം. 2017 ഫെബ്രുവരി പതിനേഴിനാണ് മലയാളികളെ പോലും അമ്പരപ്പിച്ച ആക്രമണം നടന്നത്. രാത്രി ഒമ്പതരയോടെ സിനിമയുടെ ഡബ്ബിങ്ങിനായി തൃശൂരില്‍ നിന്ന് എറണാകുളത്തേക്ക് പുറപ്പെട്ട നടിയെ കളമശ്ശേരി,തൃക്കാക്കര,കാക്കനാട് ഭാഗങ്ങളിലൂടെ സഞ്ചരിച്ച് ഉപദ്രവിക്കുകയും അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തുകയുമായിരുന്നു.
സംഭവത്തിന് ശേഷം നടിയുടെ ഡ്രൈവറും കേസിലെ രണ്ടാം പ്രതിയുമായ മാര്‍ട്ടിന്‍ ഇവരെ പടമുകളിലുള്ള ,സംവിധായകനും നടനുമായ ലാലിന്റെ വീട്ടില്‍ എത്തിച്ചു. ലാലാണ് പൊലീസിനെ വിവരമറിയിക്കുന്നത്. പൊലീസ് മാര്‍ട്ടിനെ ചോദ്യം ചെയ്തതോടെയാണ് സുനില്‍കുമാര്‍ അടക്കമുള്ളവരെക്കുറിച്ച് വിവരം ലഭിക്കുന്നത്. തുടര്‍ന്ന് ഒളിവില്‍പ്പോയ സുനില്‍കുമാര്‍ എറണാകുളം സിജെഎം കോടതിയില്‍ കീഴടങ്ങാന്‍ എത്തിയപ്പോഴാണ് പൊലീസ് പിടിയിലായത്.
സുനില്‍കുമാര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണങ്ങളിലാണ് കേസില്‍ ദിലീപിന്റെ പങ്ക് തെളിഞ്ഞുവന്നത്. ജൂലൈ പത്തിനാണ് ദിലീപ് അറസ്റ്റിലായത്. കേസില്‍ പതിനൊന്നാം പ്രതിയാക്കി ദിലീപിനെതിരെ കുറ്റപത്രം സമര്‍പ്പിച്ച പൊലീസിന് എന്നാല്‍ മുഖ്യ തെളിവായ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഫോണ്‍ ആദ്യം ഓടയില്‍ കളഞ്ഞുവെന്നുള്ള സുനില്‍കുമാറിന്‍റെ മൊഴിയെത്തുടര്‍ന്ന് തിരിച്ചില്‍ നടത്തിയിട്ടും കണ്ടുകിട്ടിയില്ല.
വീണ്ടും മൊഴി മാറ്റി പറഞ്ഞ സുനി, ഫോണ്‍ വക്കീലിനെ ഏല്‍പ്പിച്ചെന്നു പറഞ്ഞു. എന്നാല്‍ ഫോണ്‍ നശിപ്പിച്ചതായണ് അഡ്വക്കേറ്റ് പ്രതീഷ് ചാക്കോയുടെ ജൂനിയര്‍ പൊലീസിന് മൊഴി നല്‍കിയത്. മൊബൈല്‍ ഫോണ്‍ കണ്ടുകിട്ടാത്തത് കേസില്‍ പ്രോസിക്യൂഷന്‍ വാദങ്ങളുടെ ശക്തി കുറയുന്നതിന് കാരണമാകും.
അതേസമയം കേസിന്‍റെ വിചാരണ തുടങ്ങാനിരിക്കെ നടിയും കേസിലെ പ്രതിയായ ദിലീപും വ്യത്യസ്ത ആവശ്യങ്ങളുമായി വീണ്ടും ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്.

