കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിയാക്കപ്പെട്ട നടന്‍ ദിലീപ് മെമ്മറി കാര്‍ഡിലെ സ്ത്രീ ശബ്ദം കച്ചിത്തുരുമ്പാക്കി നിയമ പോരാട്ടത്തിനൊരുങ്ങുന്നു. കേസിലെ നിര്‍ണായക തെളിവായ മെമ്മറികാര്‍ഡിലെ ഉള്ളടക്കത്തെപ്പറ്റി നല്‍കിയ പരാതിയുടെ തുടര്‍ച്ചയായിട്ടാകും ദീലീപ് ഹൈക്കോടതിയിലെത്തുക.
നടിയെ ആക്രമിച്ച ദൃശ്യങ്ങളുള്ള മെമ്മറികാര്‍ഡിലെ ‘സ്ത്രീ ശബ്ദ’മാണ് ദിലീപ് കോടതിയില്‍ ഉയര്‍ത്തിക്കാട്ടുക. അതേസമയം മെമ്മറി കാര്‍ഡ് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയില്‍ വിധി വരാനിരിക്കുകയാണ്.
‘ഓണ്‍ ചെയ്യൂ.’ എന്ന വാചകം മെമ്മറികാര്‍ഡില്‍ രണ്ടുതവണ പറയുന്നുണ്ടെന്നാണ് പ്രതിഭാഗം അഭിഭാഷകന്‍റെ ആരോപണം. എന്നാല്‍ ഇത് പ്രോസിക്യൂഷന്‍ മറച്ചു വെയ്ക്കുകയാണെന്നും അഭിഭാഷകന്‍ പറഞ്ഞു. മെമ്മറി കാര്‍ഡില്‍ തിരിമറി നടത്തി അതിലുള്ള സ്ത്രീശബ്ദം ഒഴിവാക്കാന്‍ ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് വാദം.
എന്നാല്‍ അങ്കമാലി മജിസ്ട്രേറ്റ് കോടതി ഹര്‍ജി തള്ളിയാല്‍ സ്ത്രീ സാന്നിദ്ധ്യം ചൂണ്ടികാട്ടി ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് ദിലീപ്. ഒന്നാം പ്രതിയുടെ ശബ്ദ പരിശോധനയെപ്പറ്റിയും ദിലീപ് പരാമര്‍ശിക്കുന്നുണ്ട്. കഴിഞ്ഞ മാര്‍ച്ചിലാണ് പോലീസ് ഒന്നാം പ്രതിയുടെ ശബ്ദ സാമ്പിളുകള്‍ എടുത്തത്.
