സല്യൂട്ട് ചോദിച്ചു വാങ്ങേണ്ടിവന്നത് ഉദ്യോഗസ്ഥന്റെ കുഴപ്പമാണ്, ഈഗോ ഉപേക്ഷിക്കണം: സുരേഷ്‌ഗോപിക്ക് പിന്തുണയുമായി ഗണേശ് കുമാര്‍ എം എല്‍ എ

തിരുവനന്തപുരം: സല്യൂട്ട് വിവാദത്തില്‍ സുരേഷ് ഗോപി എം പിക്ക് പിന്തുണയുമായി കെ ബി ഗണേശ് കുമാര്‍ എം എല്‍ എ. ‘സുരേഷ് ഗോപി എന്ന വ്യക്തിയല്ല, ഇന്ത്യന്‍ പാര്‍ലമെന്റില്‍ അംഗമായ വ്യക്തിയെ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ സല്യൂട്ട് ചെയ്യണം. അത് മര്യാദയാണ്. പ്രോട്ടോക്കോള്‍ വിഷയമൊക്കെ വാദപ്രതിവാദത്തിനു വേണ്ടി ഉന്നയിക്കുന്നതാണ്. സുരേഷ്‌ഗോപി ചോദിച്ചല്ല സല്യൂട്ട് വാങ്ങേണ്ടത്. സല്യൂട്ട് ചോദിച്ചുവാങ്ങേണ്ടി വന്നത് ഉദ്യോഗസ്ഥന്റെ കുഴപ്പമാണ്. അദ്ദേഹം ഒരു എം പിയാണെന്ന് അറിയാവുന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ ബഹുമാനിക്കണം. ഉദ്യോഗസ്ഥര്‍ മനസില്‍ ഈഗോ കൊണ്ടുനടക്കരുത്. എം എല്‍ എയെയും സല്യൂട്ട് ചെയ്യണം- ഗണേശ് കുമാര്‍ പറഞ്ഞു.

ഇന്നലെയാണ് എസ് ഐയെ കൊണ്ട് സുരേഷ് ഗോപി സല്യൂട്ടടിപ്പിച്ചത്. കണ്ടിട്ടും ജീപ്പില്‍ നിന്ന് ഇറങ്ങാതിരുന്ന എസ്.ഐയുടെ അടുത്ത് ചെന്ന് വിളിച്ചിറക്കി ‘ഞാനൊരു എം.പിയാണ്, മേയറല്ല. ഒരു സല്യൂട്ടൊക്കെ ആവാം, ആ ശീലം മറക്കല്ലേ…എന്നു പറയുകയായിരുന്നു. ഇത് പറഞ്ഞ ഉടനെ എസ്.ഐ സല്യൂട്ട് നല്‍കുകയും ചെയ്തു. സുരേഷ് ഗോപിയുടെ നടപടിക്ക് പലകോണുകളില്‍ നിന്നും എതിര്‍പ്പുയര്‍ന്നു. എം.എല്‍.എമാര്‍ക്കും എം.പിമാര്‍ക്കും സല്യൂട്ട് നല്‍കേണ്ടതില്ലെന്നാണ് സ്റ്റാന്‍ഡിംഗ് ഓര്‍ഡറിലുളളതെന്നാണ് പൊലീസിന്റെ വിശദീകരണം.

അതേസമയം, ഇന്ന് രാവിലെ സല്യൂട്ട് വിവാദത്തില്‍ പ്രതികരണവുമായി സുരേഷ് ഗോപി രംഗത്തെത്തിയിരുന്നു. സല്യൂട്ടെന്ന് പറയുന്ന പരിപാടിയേ അങ്ങ് അവസാനിപ്പിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും, പക്ഷേ അതിനകത്തൊരു പൊളിറ്റിക്കല്‍ ഡിസ്‌ക്രിമിനേഷന്‍ വരുന്നത് അനുവദിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ ഇത് വിവാദമാക്കിയത് ആരാ… അത് ആദ്യം പറ. ഈ പൊലീസ് ഓഫീസര്‍ക്ക് പരാതിയുണ്ടോ. പൊലീസ് അസോസിയേഷനോ ആരുടെ അസോസിയേഷന്‍? അസോസിയേഷനൊന്നും ജനങ്ങള്‍ക്ക് ചുമക്കാന്‍ ഒക്കത്തില്ല.അതെല്ലാം അവരുടെ ക്ഷേമത്തിന് മാത്രമാ. അതുവച്ച്‌ രാഷ്ട്രീയമൊന്നും കളിക്കരുത്. കാണാം നമുക്ക്.എംപിയ്ക്കും എംഎല്‍എമാര്‍ക്കുമൊന്നും സല്യൂട്ട് ചെയ്യേണ്ടെന്ന് ആരാ പറഞ്ഞത്.പൊലീസ് കേരളത്തിലാ,ഇന്ത്യയിലൊരു സംവിധാനമുണ്ട്. അത് അനുസരിച്ചേ പറ്റത്തുള്ളൂ. നാട്ടുനടപ്പ് എന്ന് പറയുന്നത് രാജ്യത്തെ നിയമത്തിലധിഷ്ടിതമാണ്. ‘- എന്നായിരുന്നു സുരേഷ്‌ഗോപി പറഞ്ഞത്.

prp

Leave a Reply

*